ലോകത്തിൽ ദൈവത്തിന്റെ സ്വന്തം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിയഞ്ചാം ദിനം, ജൂൺ 30, 2022 

സന്യാസജീവിതം അടച്ചിടലുകളുടെ ജീവിതമല്ല മറിച്ച് തുറന്നുകൊടുക്കലിന്റെ ജീവിതമാണ്. സ്നേഹിക്കാനും സേവിക്കാനും പങ്കുവയ്ക്കാനും അങ്ങനെ ഒരു പുതിയ കുർബാന സംസ്കാരം രൂപപ്പെടുത്താനുമുള്ള വിളിയാണ് ഓരോ ദിവ്യകാരുണ്യ പ്രേഷിതന്റെയും. 

“വ്രതവാഗ്ദാനം വഴി ഞാൻ ലോകത്തിന്റെ പൊതുസ്വത്തായി മാറിയിരിക്കുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ.

ഈശോയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന ഓരോ സന്യാസിയുടെയും ജീവിതകാഴ്ചപ്പാട് ഇതായിരിക്കണം. ഒരു ദിവ്യകാരുണ്യ മിഷനറി എന്ന നിലയിൽ മത്തായി അച്ചന്റെ ജീവിതം വളരെ മാതൃകാപരമായിരുന്നു. ദൈവസ്നേഹത്താലും പ്രേഷിത തീക്ഷ്ണതയാലും കത്തിജ്ജ്വലിച്ച അദ്ദേഹം സുവിശേഷപ്രഘോഷണത്തിനായി സ്വയം വിട്ടുനൽകി. നമ്മുടെ സഭാനിയമം അഞ്ചാം നമ്പറിൽ പറയുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ദൈവാത്മാവിന്റെ സ്വരത്തിനു കാതോർത്ത് ജീവിച്ച ഒരു പ്രവാചകസ്വരമായിരുന്നു ആലക്കളത്തിലച്ചൻ.

അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ധ്യാനിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്ന ഒരു വസ്തുത സന്യാസജീവിതം അടച്ചിടലുകളുടെ ജീവിതമല്ല മറിച്ച് തുറന്നുകൊടുക്കലിന്റെ ജീവിതമാണ്. സ്നേഹിക്കാനും സേവിക്കാനും പങ്കുവയ്ക്കാനും അങ്ങനെ ഒരു പുതിയ കുർബാന സംസ്കാരം രൂപപ്പെടുത്താനുമുള്ള വിളിയാണ് ഓരോ ദിവ്യകാരുണ്യ പ്രേഷിതന്റെയും. ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഒരു ദീപം പോലെ കത്തിപ്രകാശിക്കേണ്ട ജീവിതങ്ങളാണ് ഓരോ സന്യാസിയുടെയും. ഒന്നിനെയും സ്വന്തമാക്കാതെ എന്നാൽ എല്ലാവർക്കും എല്ലാമായി ഒരു നലംതികഞ്ഞ ദിവ്യകാരുണ്യ പ്രേഷിതനാകാനുള്ള ക്ഷണമാണ് ആലക്കളത്തിലച്ചന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

സ്വയം വിട്ടുകൊടുക്കലിന്റെ പാഠം പൂർണ്ണമായി ജീവിക്കാൻ ശ്രമിച്ച ആലക്കളത്തിലച്ചൻ, വചനം പ്രഘോഷിക്കുന്നതിലും കുർബാന അർപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തനത്തിലും തൽപരനായിരുന്നു. നമ്മളാൽ കഴിയുന്നതെന്തും സംഭാവന നൽകുക എന്ന ചിന്ത വളരെ രൂഢമൂലമാക്കി പ്രവർത്തിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ഓർമ്മപ്പെടുത്തുന്നു. ‘എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരായ നമ്മൾ കൈവിട്ടു പ്രവർത്തിക്കണം’ എന്ന് അദ്ദേഹം പറയുമായിരുന്നു. ഇത്തരത്തിൽ ലോകത്തിന്റെ പൊതുസ്വത്തായി, കൈവിട്ടു പ്രവർത്തിക്കാൻ സന്നദ്ധരായി സന്യാസവിളി സ്വീകരിക്കാൻ ആലക്കളത്തിലച്ചൻ നമ്മെ അനുസ്മരിപ്പിക്കുന്നു.

നവതിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ സഭയെ സംബന്ധിച്ച് സഭാമക്കളായ നമ്മൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. സന്യാസജീവിതത്തെക്കുറിച്ചുള്ള രേഖയുടെ ഇരുപത്തിനാലാം നമ്പറിൽ പ്രതിപാദിക്കുന്നതു പോലെ, “തങ്ങളുടെ ജീവിതവും മാതൃകയുമാണ് ദൈവവിളികളിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്നത്” എന്നത് നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാം. ലോകത്തിൽ ദൈവത്തിന്റെ ഉപകരണമാകാൻ നമുക്കു സാധിക്കട്ടെ. അതിനായി സഭാപിതാക്കന്മാരുടെ മാതൃക നമ്മെ സഹായിക്കട്ടെ.

ബ്ര. റിൻസ് കടന്തോട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.