സന്നിധാനം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിനാലാം ദിനം, ജൂൺ 29, 2022

“വിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ വസിക്കുന്നത് എത്ര മനോഹരമാണ് ഇതിനേക്കാൾ സന്തോഷം മറ്റെന്തുണ്ട്. അതാണ് ദൈവം നമുക്ക് നൽകിയത്” – പറേടത്തിൽ ജോസഫച്ചൻ. 

അർപ്പണജീവിതത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളായ വിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ ആയിരിക്കുന്നത് ഈ ലോകജീവിതത്തിൽ വച്ച് ഏറ്റവും സുന്ദരമായ നിമിഷങ്ങളാണെന്ന സത്യത്തെക്കുറിച്ചുള്ള ഒരു വിചിന്തനമാണ് ഈ കുറിപ്പ്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ “സഭാരഹസ്യത്തിൽ നിന്നാണ് സന്യാസ ജീവിതം ഉത്ഭവിക്കുന്നത്” (ccc 926). മറ്റൊരു വാക്കിൽ പറഞ്ഞാൽ വിശുദ്ധ കുർബാനയിൽ നിന്നാണ് സന്യാസ ജീവിതം ഉത്ഭവിക്കുന്നത്. സന്യാസ ജീവിതത്തിന്റെ അടിസ്ഥാനഘടകം വിശുദ്ധ കുർബാനയാണ്. സ്വയം സമർപ്പണത്തിലൂടെയും വ്രതബദ്ധ ജീവിതത്തിലൂടെയും ദൈവത്തിനായി തങ്ങളെത്തന്നെ സമർപ്പിക്കുകയും എന്നും വിശുദ്ധ കുർബാനയുടെ മുമ്പിലിരുന്ന് ശക്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഉപാസകരായി മാറുകയും ചെയ്തവരാണ് ബഹു. ആലക്കളത്തിൽ മത്തായി അച്ചനും, ബഹു. പറേടത്തിൽ ജോസഫച്ചനും. പേരിനും പ്രശസ്തിക്കും അംഗീകാരത്തിനു വേണ്ടി പരക്കം പായുന്ന ഈ ലോകത്തിൽ വിശുദ്ധ കുർബാനയിൽ തങ്ങളെത്തന്നെ മറന്നുകൊണ്ട് ജീവിക്കുന്ന തിരുവോസ്തിയായി മാറുകയായിരുന്നു നമ്മുടെ സഭാപിതാക്കന്മാർ. അങ്ങനെ ആലയിൽ നിന്ന് വഴിതെറ്റിപ്പോയ ആടുകൾക്ക് നിരന്തരം പ്രകാശിക്കുന്ന ഒരു ദീപമായിക്കൊണ്ട് സ്വയം അടയാളമായി അവർ മാറി.

വിളിച്ചവന്റെ മുന്നിലിരിക്കുമ്പോൾ വിളിയുടെ നൊമ്പരങ്ങളെല്ലാം സൗഖ്യമാക്കപ്പെടും. തങ്ങളുടെ ജീവിതത്തിൽ കുറവുകളുണ്ടായപ്പോഴും ബലഹീനതകളിൽ തളർന്നു പോയപ്പോഴും ‘നിനക്ക് എന്റെ കൃപ മതി’ എന്ന ദൈവവചനത്തിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അവർ തരണം ചെയ്തു. ഏതൊരു പ്രയാസങ്ങളിലും കഷ്ടപ്പാടിലും അവർ അഭയം പ്രാപിച്ചത് ദിവ്യകാരുണ്യ സന്നിധിയിലായിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ എല്ലാം ഇറക്കിവച്ച് അവനു വേണ്ടി സമർപ്പിച്ചും ജീവിതം ദൈവതിരുമുമ്പിൽ വീണ്ടും നയിക്കാൻ അവർ പരിശ്രമിച്ചു. അങ്ങനെ താപസജീവിതം കൊണ്ടും വ്രതബദ്ധ ജിവിതം കൊണ്ടും അനേകർക്ക് അണയാത്ത ഒരു ദീപമായി ജീവിക്കുന്ന തിരുവോസ്തിയായി അവർ മാറി.

ബ്ര. ലിനു മത്തായി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.