ദിവ്യകാരുണ്യത്തിന്റെ സ്നേഹവിപ്ലവം നമുക്കും ആരംഭിക്കാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിമൂന്നാം ദിനം, ജൂൺ 28, 2022

ഭൂമിയിൽ നിരവധി പ്രകാശഗോളങ്ങളുണ്ട്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെയൊക്കെ പ്രകാശകിരണങ്ങൾ ഭൂമിയിൽ വെളിച്ചം നൽകുന്നു. ഇപ്രകാരം തന്നെ ദിവ്യകാരുണ്യത്തിന്റെ പ്രകാശശ്മികൾ ഭൂമിയിലേക്ക് വർഷിക്കാൻ ദിവ്യകാരുണ്യനാഥൻ ഉപകരണങ്ങളാക്കിയ രണ്ട് മഹദ്-വ്യക്തികളാണ് ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപകരായ ആലക്കളത്തിൽ മത്തായി അച്ചനും പറേടത്തിൽ ജോസഫച്ചനും. ഇവരുടെ ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ സ്നേഹം ഈ ഭൂമുഖത്ത് ദിവ്യകാരുണ്യത്തിന്റെ മറ്റൊരു സ്നേഹവിസ്ഫോടനം തീർക്കാൻ പര്യാപ്തമായി. ദിവ്യകാരുണ്യ ചൈതന്യം ലോകം മുഴുവൻ പ്രഘോഷിക്കപ്പെടാൻ ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക് ജന്മം നൽകി. സഭയുടെ കേന്ദ്രവും ഊർജ്ജസ്രോതസ്സായും ദിവ്യകാരുണ്യനാഥനെ സമ്മാനിച്ചു. ദിവ്യകാരുണ്യത്തിൽ നിന്നു ശക്തി നേടി ലോകമെമ്പാടും സഭാമക്കൾ പ്രേഷിതമേഖലയിൽ ഏർപ്പെട്ടിരിക്കുന്നു.

ദിവ്യകാരുണ്യ ചൈതന്യം ലോകം മുഴുവൻ എത്തിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തിയ വ്യക്തിയാണ് ആലക്കളത്തിൽ മത്തായി അച്ചൻ. അച്ചന്റെ പ്രസംഗങ്ങളിൽ ദിവ്യകാരുണ്യത്തെക്കുറിച്ച് പരാമർശിക്കാത്ത ഭാഗങ്ങൾ ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അച്ചന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ വളരെയധികം ആളുകൾ ഒരുമിച്ചു കൂടുമായിരുന്നു. അതുപോലെ തന്നെ ഉഗ്രമാറ്റിക് പ്രാസംഗികൻ, ധ്യാനഗുരു, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പരിജ്ഞാനി എന്നിവ അച്ചനുള്ള വിശേഷണങ്ങളായിരുന്നു. വികാരിയച്ചന്മാർക്ക് മത്തായി അച്ചനെ വിളിക്കാൻ ഏറെ ഇഷ്ടമായിരുന്നു. കാരണം മറ്റു പ്രാസംഗികർ വലിയ ആവശ്യങ്ങൾ പറയുമ്പോഴും മത്തായിയച്ചന് ലളിതമായ സൗകര്യങ്ങൾ മതിയായിരുന്നു.

ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ദിവ്യകാരുണ്യത്തോട് ആത്മബന്ധം സൃഷ്ടിച്ച വ്യക്തിയായിരുന്നു പറേടത്തിൽ ജോസഫച്ചൻ. അധികാരികളോടുള്ള അനുസരണവും ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ സ്നേഹവും മുഖമുദ്രയാക്കിയ അച്ചൻ പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും എളിമയുടെയും ജീവിതത്തിലൂടെ ദിവ്യകാരുണ്യസ്നേഹം മറ്റുള്ളവർക്കു പകർന്നു നൽകി.

മത്തായി അച്ചന്റെയും ജോസഫ് അച്ചന്റെയും പ്രകാശത്തിന്റെ സ്രോതസ്സ് ദിവ്യകാരുണ്യമായിരുന്നു. ഈ പുണ്യപിതാക്കന്മാരുടെ മാതൃക അനുസരിച്ച് ദിവ്യകാരുണ്യ ആത്മീയതയിൽ ലോകത്ത് ഒരു സ്നേഹവിപ്ലവം സൃഷ്ടിക്കാൻ നമുക്കു പരിശ്രമിക്കാം.

ബ്ര. ജിബിൻ താക്കോൽക്കാരൻ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.