ദിവ്യകാരുണ്യ ഹൃദയം സ്വന്തമാക്കാൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിരണ്ടാം ദിനം, ജൂൺ 27, 2022

ദിവ്യകാരുണ്യ ഈശോയിൽ സ്നേഹം നിറഞ്ഞ…

ഓരോ MCBS വൈദികന്റെ പ്രസംഗവും ഇപ്രകാരം ആരംഭിക്കുമ്പോൾ അതിന്റെ അടിത്തട്ടിൽ ദീപ്തമായിരിക്കുന്ന ഓർമ്മ ദിവ്യകാരുണ്യത്തിന്റെ വാഹകരായി ജീവിച്ചുമരിച്ച രണ്ട് പുണ്യവൈദികരുടേതാണ്. ബഹു. ആലക്കളത്തിലച്ചന്റേയും പറേടത്തിച്ചന്റേയും. ദിവ്യകാരുണ്യനാഥന്റെ ഹൃദയത്തോട് ചേർന്നിരുന്ന് അവിടുത്തെ ഹൃദയസ്പന്ദനങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. സ്നേഹത്തോടെ ഏതു നിമിഷവും ദിവ്യകാരുണ്യത്തോടു ചേർന്നിരിക്കാൻ ഈ രണ്ടു പിതാക്കന്മാരും ആഗ്രഹിച്ചു എന്നതാണ് അവർ നമുക്കു നൽകിയ ഏറ്റവും വലിയ ആത്മീയപൈതൃകം.

ഈശോയിലും ഈശോയോടു കൂടെയും ഈശോ വഴിയായും ജീവിച്ച്, പ്രവർത്തിച്ചു, മരിക്കുന്നതത്രേ ക്രിസ്തീയപൂർണ്ണതയുടെ രഹസ്യം എന്ന് ആലക്കളത്തിലച്ചൻ പങ്കുവയ്ക്കുന്നത് ദിവ്യകാരുണ്യസ്നേഹത്താൽ ആ പിതൃഹൃദയം നിറഞ്ഞതുകൊണ്ടാണ്. ഒരു സെക്കൻ്റ് നേരം പരിശുദ്ധ കുർബാനയുടെ സന്നിധിയിലായിരിക്കുന്ന ക്രിസ്ത്യാനിക്ക് കിട്ടുന്ന ഭാഗ്യത്തോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ ഭാഗ്യങ്ങളും നിസാരമാണ് എന്ന പറേടത്തിലച്ചൻ തീക്ഷ്ണതയോടെ ഓർമ്മിപ്പിക്കുന്നതും ദിവ്യകാരുണ്യ സ്നേഹം ആവോളം ആസ്വദിച്ചതിനാലാണ്.

വിശുദ്ധ കുർബാനയിൽ നിന്നു ശക്തി സ്വീകരിച്ച് ദിവ്യകാരുണ്യ ജീവിതം നയിക്കാനും ദിവ്യകാരുണ്യത്തിലേക്ക് വളരാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ ക്രൈസ്തവനും; പ്രത്യേകിച്ച് ഓരോ ദിവ്യകാരുണ്യ പ്രേഷിതനും. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ എന്ന സുകൃതജപം നമ്മുടെ ഹൃദയതാളമാക്കാം. അങ്ങനെ ദിവ്യകാരുണ്യനാഥന്റെ ഹൃദയം സ്വന്തമാക്കാം. ഇതിനുള്ള കുറുക്കുവഴിയാണ് ഓരോ ബലിയർപ്പണവും എന്നു മറക്കാതിരിക്കാം.

ദിവ്യകാരുണ്യ ഈശോയ്ക്കു സ്തുതി

ബ്ര. ജോഷി തുപ്പലഞ്ഞിയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.