ലോകഭാഗ്യങ്ങളേക്കാൾ ശ്രേഷ്ഠം ദിവ്യകാരുണ്യ സന്നിധി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പത്തിയൊന്നാം ദിനം, ജൂൺ 26, 2022 

“ഒരു നിമിഷം പരിശുദ്ധ കുർബാനയുടെ സന്നിധിയിലായിരിക്കുന്ന ക്രിസ്ത്യാനിക്ക് കിട്ടുന്ന ഭാഗ്യത്തോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ ഭാഗ്യങ്ങളും നിസ്സാരമാണ്” – ഫാ. ജോസഫ് പറേടം.

ഒരിക്കലും അസ്തമിക്കാത്ത ദൈവസ്നേഹത്തിന്റെ വാഗ്ദാനമാണ് ദിവ്യകാരുണ്യം. ക്രിസ്തീയജീവിതം ആനന്ദത്തിന്റെ ജീവിതമാണ്. എന്നാൽ യഥാർത്ഥ ആനന്ദത്തിലേക്ക് നാം കടന്നുവരുന്നത് ദിവ്യകാരുണ്യത്തെ അനുഭവിച്ചറിയുന്ന നിമിഷങ്ങളിലാണ്. അവനെ ഉൾക്കൊള്ളുമ്പോൾ, തിരുസന്നിധിയില്‍ ആയിരിക്കുമ്പോൾ ഈ ആനന്ദം നാം അനുഭവിക്കുന്നു. നമ്മിലെ ഈ ദൈവീകസാന്നിധ്യം അപരനിൽ ആനന്ദം നൽകുന്നതാകണം. അതുകൊണ്ട് ദൈവീക ആനന്ദത്തിലായിരിക്കുന്നതത്രെ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും ശ്രേഷ്ഠവും ഭാഗ്യകരവും.

വി. കാതറിൻ ദ്രക്സൻ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുക എന്നത് എന്റെ അവർണ്ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയിൽ നിന്നു മാറിനിൽക്കുന്നത് മരണകരവും.” ഇതേ മനോഭാവത്തോടെ ദിവ്യകാരുണ്യത്തെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് നമ്മുടെ സഭാസ്ഥാപകരിൽ ഒരാളായ ബഹു. പറേടത്തിൽ ജോസഫച്ചൻ. തന്റെ അവസാന നാളുകളിൽ ഓർമ്മ നഷ്ടപ്പെട്ടപ്പോഴും ദിവ്യകാരുണ്യ സന്നിധിയിൽ വളരെ കൃത്യമായി എത്തിയിരുന്ന അച്ചന്റെ ജീവിതം ഇപ്പോഴും എക്കാലവും മാതൃകയാണ്. ദിവ്യകാരുണ്യത്തിനു മുൻപിൽ ദൈനംദിന വാർത്തകൾ പോലും പങ്കുവയ്ക്കാനുള്ള അത്ര അഗാധമായ ബന്ധം സ്ഥാപിച്ച അച്ചനെപ്പറ്റി പല വൈദികരും പങ്കുവച്ചത് തീക്ഷ്ണതയോടെ ഞാൻ ശ്രവിച്ചട്ടുണ്ട്.

ദിവ്യകാരുണ്യത്തിന്റെ ആഴവും അർത്ഥവും വ്യാപ്തിയും ആവോളം അനുഭവിച്ച വ്യക്തിയാണ് ബഹു. ജോസഫച്ചൻ. ലോകത്തിൽ വച്ച് ഇതിലും വലിയ ഭാഗ്യമിനിയെന്ത്? ‘മാലാഖമാർ മനുഷ്യരെക്കുറിച്ച് അസൂയപ്പെടുന്ന ഒരേയൊരു സത്യം വിശുദ്ധ കുർബാനയാണ്’ എന്ന വി. മാക്സിമില്യാൻ കോൾബേയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഈ യാഥാർത്ഥ്യം ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങൾ എന്ന നിലയിൽ തിരിച്ചറിഞ്ഞ് കൂടുതലായി വിശുദ്ധ കുർബാനയെയും ദിവ്യകാരുണ്യ നാഥനെയും സ്നേഹിക്കാൻ നമുക്കു പരിശ്രമിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.

ബ്ര. അഗസ്റ്റിൻ കാരയ്ക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.