ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയെട്ടാം ദിനം, ജൂൺ 23, 2022 

വിശുദ്ധ കുർബാന നമ്മുടെ സമർപ്പണ ജീവിതത്തിന്റെ ഹൃദയമായിരിക്കുകയാൽ അവന്റെ സാന്നിധ്യത്തിൽ ചെലവഴിക്കാനും ദിവ്യകാരുണ്യ ഈശോയുമായുള്ള വ്യക്തിപരമായ ഐക്യം പരിപോഷിപ്പിക്കാനും നമുക്ക് എപ്പോഴും ശ്രദ്ധിക്കാം. ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം (Priority).

ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2009-ൽ വൈദിക വർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള വൈദികർക്ക് എഴുതി: “സഭയ്ക്കു വേണ്ടി മാത്രമല്ല, മാനവരാശി മുഴുവനു വേണ്ടിയും കരകവിഞ്ഞൊഴുകുന്ന ദൈവകൃപയെ പ്രതിനിധാനം ചെയ്യുന്നവരാണ് വൈദികർ. ഓരോ പുരോഹിതനും അപരനു വേണ്ടിയുള്ള ദൈവത്തിന്റെ മനുഷ്യനാണ്. ഭൂമിയിൽ വസിക്കുന്നവരെങ്കിലും സ്വർഗ്ഗത്തിലെ സംഗതികൾ പരികർമ്മം ചെയ്യാൻ ഏല്പിക്കപ്പെട്ടവരാണ് എല്ലാ വൈദീകരും.”

സമർപ്പിത വൈദികരില്ലതെ ഈശോയുമായുള്ള ബന്ധം സ്ഥാപിക്കാൻ ദൈവജനത്തിനു സാധിക്കുകയില്ല. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ പറഞ്ഞു: “യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). ഈശോ ഈ വാഗ്ദാനം വിസ്മയകരമായ രീതിയിൽ പാലിക്കുന്നു അതാണ് വിശുദ്ധ കുർബാന. ദിവ്യകാരുണ്യം വെറുമൊരു അപ്പമല്ല, അത് ഈശോ തന്നെയാണ്. ദിവ്യകാരുണ്യം നമുക്കു തരാൻ വൈദികർ വേണം. ദിവ്യകാരുണ്യത്തിലൂടെ മാത്രമേ ഈശോയുമായി യഥാർത്ഥ ബന്ധത്തിലേക്കു വരാൻ നമുക്കു സാധിക്കൂ. ഈ കാലത്ത് ഈശോയുടെ ജീവിക്കുന്ന ഐക്കൺ ആകാൻ സമർപ്പിത വൈദികരെ ആവശ്യമുണ്ട്.

വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യം പ്രഘോഷിക്കുന്ന സമർപ്പിതർ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈശോമിശിഹായുടെ സജീവസാന്നിധ്യം പ്രഘോഷിക്കുന്ന വൈദികൻ ഈശോയുടെ മുഖമുള്ളവനായി പരിണമിക്കുന്നു. ഈശോയുടെ സന്ദേശം മനസിലാക്കി ഈശോയെപ്പോലെ ജീവിക്കുന്നവരെയാണ് മനുഷ്യർക്ക് ഇന്ന് ആവശ്യം. ആ ലക്ഷ്യം പൂർത്തീകരിക്കുന്നവരാണ് വിശുദ്ധരായ സമർപ്പിത വൈദികർ. ദൈവത്തിന്റെ അനുകമ്പയുടെ സമ്പൂർണ്ണ കാവ്യമായ ദിവ്യകാരുണ്യത്തിന്റെ ശുശ്രൂഷകരായ വൈദികൻ – അതായിരിക്കണം നമ്മുടെ വ്യക്തിത്വത്തിന്റെ പ്രഥമ സവിശേഷത.

വിശുദ്ധ കുർബാന നമ്മുടെ സമർപ്പണ ജീവിതത്തിന്റെ ഹൃദയമായിരിക്കുകയാൽ അവന്റെ സാന്നിധ്യത്തിൽ ചെലവഴിക്കാനും ദിവ്യകാരുണ്യ ഈശോയുമായുള്ള വ്യക്തിപരമായ ഐക്യം പരിപോഷിപ്പിക്കാനും നമുക്ക് എപ്പോഴും ശ്രദ്ധിക്കാം. ദിവ്യകാരുണ്യത്തിലെ ഈശോ ആയിരിക്കട്ടെ നമ്മുടെ മുന്നവകാശം (Priority).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.