ദിവ്യകാരുണ്യ പ്രേഷിതന്റെ മിഷൻ ചൈതന്യം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയാറാം ദിനം, ജൂൺ 21, 2022

ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമ്പൂർണ്ണ സമർപ്പണം നടത്തിയാലേ ദിവ്യകാരുണ്യ ജീവിതം സമ്പൂർണ്ണമാവുകയുള്ളൂ. ദൈവാനുഭവവും പ്രേഷിതതീക്ഷ്ണതയും ഒരു പോലെ പുരോഗമിക്കേണ്ടതാണ്.

ദൈവത്തിന്റെ ഉപരിമഹത്വത്തിനായും ദൈവജനത്തിന്റെ നന്മക്കായും ജീവിതം സമർപ്പിക്കുന്ന ദിവ്യകാരുണ്യ പ്രേഷിതരുടെ ജീവിതം പൂർണ്ണതയിൽ എത്തുന്നത് ദിവ്യകാരുണ്യനാഥനോടൊത്തുള്ള ഐക്യത്തിലാണ്. ആ ഐക്യത്തിലാണ് പ്രേഷിതനു വേണ്ട യഥാർത്ഥ ദൈവാനുഭവം ഉറവയെടുക്കുന്നതും ദൈവജനത്തിനു വേണ്ടി ആത്മാർപ്പണം ചെയ്യാൻ ആരംഭിക്കുന്നതും.

സുവിശേഷത്തിന്റെ ആനന്ദം (Evangelii Gaudium) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനത്തിൽ പ്രേഷിതസഭയെക്കുറിച്ചുള്ള തന്റെ സ്വപ്നം പാപ്പാ വെളിപ്പെടുത്തുന്നു: “ഞാൻ ഒരു പ്രേഷിതഹിതം (Missionary Option) സ്വപ്നം കാണുന്നു. എല്ലാം രൂപാന്തരപ്പെടുത്താൻ കഴിവുള്ള ഒരു പ്രേഷിതപ്രചോദനം. അതുവഴി സഭയുടെ രീതികൾ, കാര്യങ്ങൾ നിർവ്വഹിക്കുന്ന മാർഗ്ഗങ്ങൾ, സമയങ്ങളും ക്രമീകരണങ്ങളും, ഭാഷകളും ഘടനകളും, ഇന്നത്തെ ലോകത്തിന്റെ സുവിശേഷവൽക്കരണത്തിനു വേണ്ടി സംലഭ്യമാക്കാൻ കഴിയുന്ന ഒരു പ്രചോദനം ഞാൻ സ്വപ്നം കാണുന്നു” (EG 28).

ദിവ്യകാരുണ്യ പ്രേഷിതന്റെ Missionary Option എന്നത് ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹബന്ധത്തിൽ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പണം നടത്തുക എന്നതാകുന്നു. ദിവ്യകാരുണ്യത്തെ മറന്ന്‌ ദൈവത്തെ സ്നേഹിക്കാനോ, പ്രേഷിതാഭിമുഖ്യത്തിൽ വളരാനോ കഴിയില്ലെന്നുള്ള യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. സഭാജീവിതത്തിലും പ്രേഷിതദൗത്യത്തിലും സഭാംഗങ്ങളെല്ലാവരും “പൂർണ്ണമായും ദിവ്യകാരുണ്യത്തിൽ സമർപ്പിക്കട്ട”  സ്ഥിതിവിശേഷം സംജാതമാകാൻ സഭാപിതാക്കന്മാരുടെ മാദ്ധ്യസ്ഥം നമുക്കു തേടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.