ഇല്ലായ്‌മകളുടെയും വേദനകളുടെയും താഴ്വാരങ്ങളിൽ കുർബാനയുടെ നിറവ് പകർന്ന സഭാസ്ഥാപകർ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയൊന്നാം ദിനം, ജൂൺ 16, 2022

ഈശോയുടെ തിരുശരീരത്തിന്റെയും രക്തത്തിന്റെയും തിരുനാൾ (കോർപ്പൂസ് ക്രിസ്റ്റി) ദിനത്തിൽ ഇല്ലായ്‌മകളുടെയും വേദനകളുടെയും താഴ്വാരങ്ങളിൽ കുർബാനയുടെ നിറവ് പകർന്ന സഭാസ്ഥാപകരെക്കുറിച്ച് ബഹു. ജോർജ് മുണ്ടുനടയ്ക്കലച്ചൻ എഴുതുന്നു.

ദിവ്യകാരുണ്യ സഭാസ്ഥാപകരായ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായിഅച്ചനും പറേടത്തിൽ ജോസഫ് അച്ചനും തങ്ങൾ അനുഭവിച്ചറിഞ്ഞ ദിവ്യകാരുണ്യ ചൈതന്ന്യം മറ്റുള്ളവരിലേക്ക് പകർന്ന ദീപസ്തംഭങ്ങളാണ്. വിശുദ്ധ കുർബാനയനുഭവം സ്വാർത്ഥതയുടെ കൂടാരങ്ങളിൽ തങ്ങൾ മാത്രം രുചിച്ചറിയേണ്ട യാഥാർഥ്യമല്ലെന്ന് തിരിച്ചറിഞ്ഞവരാണിവർ. പത്രോസും യാക്കോബും യോഹന്നാനും രൂപാന്തരീകരണാനുഭവത്തെ തങ്ങളിലേക്കു മാത്രം ചുരുക്കാൻ ഉദ്യമിച്ചപ്പോൾ താഴ്വാരങ്ങളിലേക്കിറങ്ങി പങ്കുവയ്പ്പിന്റെയും അപരനു വേണ്ടി മുറിയപ്പെടുന്നതിന്റെയും ദിവ്യകാരുണ്യ ചൈതന്യത്തിലേക്കാണ് ക്രിസ്തു കുരിശിലേക്കുള്ള യാത്രയിൽ അവരെ നയിച്ചത്.

ആലക്കളത്തിലച്ചനും പറേടത്തിലച്ചനും ചുറ്റുമുള്ളവരുടെ ഇല്ലായ്‌മകളുടെയും വേദനകളുടെയും താഴ്വാരങ്ങളിൽ വിശുദ്ധ കുർബാനയുടെ നിറവ് പകർന്നവരാണ്. അനേകർക്കു വേണ്ടി ചിതറപ്പെടുന്ന ഈശോയുടെ ശരീരവും ചിന്തപ്പെടുന്ന രക്തവും സ്വീകരിച്ച ശേഷം അത് സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിയവരാണ് അവർ.

തന്റെ ഭക്ഷണത്തിന്റെ പങ്കു പോലും ചുറ്റുമുള്ള ദാരിദ്രർക്കു കൊടുക്കാൻ വ്യഗ്രത കാണിച്ച ആലക്കളത്തിലച്ചനും പ്രയാധിക്യത്താൽ ഓർമ്മ നഷ്ടമായപ്പോൾ ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ദിനപത്രം വായിച്ച് ലോകം മുഴുവന്റെയും വേദനകളെ പ്രാർത്ഥനാമന്ത്രങ്ങളാക്കിയ പറേടത്തിലച്ചനും വിശുദ്ധ കുർബാനയുടെ പ്രേഷിതമുഖം പകർന്ന പുണ്യപിതാക്കന്മാരാണ്. ഇതു തന്നെയാണ് ‘കൂടെയായിരുന്ന് മുറിയപ്പെടുക’ എന്ന ആപ്തവാക്യത്തിലൂടെ ദിവ്യകാരുണ്യ മിഷനറി സഭാതനയരിൽ നിന്നും മറ്റെല്ലാ ദിവ്യകാരുണ്യ പ്രേഷിതരിൽ നിന്നും ക്രിസ്തു സ്വജീവിത മാതൃകയിലൂടെ ആഗ്രഹിക്കുന്നത്.

റവ. ഫാ. ജോർജ് മുണ്ടുനടയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.