ബലിയും വിരുന്നും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയൊമ്പതാം ദിനം, ജൂൺ 14, 2022

1942-ൽ ആലക്കളത്തിൽ മത്തായി അച്ചൻ ‘ബലിയും വിരുന്നും’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ മറ്റെല്ലാ പ്രാർത്ഥനകളും സൽകൃത്യങ്ങളും ഒന്നിച്ചു കൂട്ടിയാലും ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന ഒരു വിശുദ്ധ കുർബാന മൂലം ഉണ്ടാവുന്നിടത്തോളം ദൈവസ്തുതിയും ആത്മീയയോഗ്യതയും ഉണ്ടാകുന്നില്ല. ഓരോ വിശുദ്ധ കുർബാന വഴിയായും സ്വർഗ്ഗഭാഗ്യത്തിന്റെ വർദ്ധനാവകാശവും നന്മരണപ്രാപ്തിക്കുള്ള വലിയ അനുഗ്രഹവും നൽകപ്പെടുന്നു. ശുദ്ധീകരണസ്ഥലത്തിലെ പീഢയും കാലാവധിയും കുറയുന്നു.” ബലിപീഠത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കിയ നമ്മുടെ സഭാസ്ഥാപകന്റെ വാക്കുകൾ നമ്മുടെ ജീവിതത്തെയും പ്രചോദിപ്പിക്കേണ്ടതാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ 10 നമ്പറിൽ പഠിപ്പിക്കുന്നു വിശുദ്ധ കുർബാന സഭയെ പടുത്തുയർത്തുന്നു. വിശുദ്ധ ബലിയർപ്പണമാണ് സഭയുടെ ജീവശ്വാസം. ബലിയർപ്പണം കുറയുമ്പോൾ സഭയ്ക്ക് ജീവൻ നഷ്ടപ്പെട്ടാൽ അതിൽ അതിശയോക്തി തെല്ലുമില്ല. വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന ഒരു തലമുറ വളർന്നാൽ സഭ വളരും. അതിനായി വിശുദ്ധ ബലിയും കൂദാശകളും വിശുദ്ധിയോടെ പരികർമ്മം ചെയ്യുന്ന പുരോഹിതഗണം വേണം.

ബലിയർപ്പണത്തിലൂടെ ദൈവത്തിങ്കലേക്ക് മുഖമുയർത്തുന്ന വൈദികൻ സഭയ്ക്ക് പുതുജീവൻ നൽകുന്നു. ദൈവജനത്തെ അപ്രകാരം ചെയ്യാൻ പഠിപ്പിക്കുന്ന പുരോഹിതൻ സഭയെ പണിതുയർത്തുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം നമ്പർ 250-ൽ ഇപ്രകാരം പഠിപ്പിക്കുന്നു: “കൂദാശകൾ പരികർമ്മം ചെയ്യുന്ന കത്തോലിക്കാ വൈദികൻ തന്റെ സ്വന്തം അധികാരത്താലോ, ധാർമ്മിക പൂർണ്ണതയാലോ അല്ല പ്രവർത്തിക്കുന്നത്. പിന്നെയോ ക്രിസ്തുവിന്റെ നാമത്തിലാണ്. തിരുപ്പട്ടാഭിഷേകത്തിലൂടെ രൂപാന്തരീകരണപരവും സൗഖ്യദായകവും രക്ഷാകരവുമായ ശക്തി അയാളിൽ ഒട്ടിച്ചു ചേർക്കപ്പെടുന്നു. പുരോഹിതന് സ്വന്തമായി ഒന്നുമില്ലാത്തതുകൊണ്ട് അയാൾ, സർവ്വോപരി ഒരു ദാസനാണ്. അതുകൊണ്ട് ഓരോ യഥാർത്ഥ പുരോഹിതനെയും വ്യതിരിക്തനാക്കുന്ന സവിശേഷത സ്വന്തം വിളിയെക്കുറിച്ചുള്ള വിനയപൂർണ്ണമായ വിസ്മയമാണ്.”

ഒരിക്കലും അവസാനിക്കാത്ത ബലിയും സ്നേഹത്തിന്റെ കൂദാശയും അത്യുന്നതസ്നേഹവും സ്നേഹപ്രവർത്തിയുമായ വിശുദ്ധ കുർബാനയെ നമുക്ക് സ്‌നേഹിക്കാം, ബഹുമാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.