യഥാർത്ഥ മരിയഭക്തി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയെട്ടാം ദിനം, ജൂൺ 13, 2022 

ഈശോയിൽ നിന്ന് ഒരിക്കലും നമ്മെ അകറ്റുകയില്ലാത്ത ഭക്തിയും ഈശോയിലേക്കുള്ള മാർഗ്ഗവുമാണ് മരി ഭക്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ  നേർക്കുള്ള യഥാർത്ഥ ഭക്തി ചില ജപങ്ങളും ഭക്തകൃത്യങ്ങളും കൊണ്ടു മാത്രം പൂർത്തിയാകുന്നതല്ല.

ഈശോയുടെ മാതൃകയനുസരിച്ച് ഒരു വത്സലശിശുവിനെപ്പോലെ നാമും സ്വന്തമായി യാതൊന്നും സൂക്ഷിക്കാതെ എല്ലാം എന്നേയ്ക്കുമായി ആ നല്ല അമ്മയെ ഏല്പിക്കണമെന്ന് മത്തായി അച്ചൻ പഠിപ്പിക്കുന്നു. യഥാർത്ഥ ഭക്തി പരിപൂർണ്ണമായ ആത്മാർപ്പണത്തിൽ അടങ്ങിയിരിക്കുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും യഥാർത്ഥ മരിയഭക്തി എന്തിൽ അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നതും ഇങ്ങനെ തന്നെയാണ്: “അടിയുറച്ച വിശ്വാസത്തിൽ നിന്നു പുറപ്പെടുന്നതും തന്മൂലം ദൈവജനനിയുടെ മാഹാത്മ്യം അറിയാനിടയാകുന്നതിലും പുത്രസഹജമായി സ്നേഹിച്ച് അമ്മയുടെ സുകൃതങ്ങൾ അനുകരിക്കാൻ പ്രചോദനം ലഭിക്കുന്നതിലുമാണ് അത് അടങ്ങിയിരിക്കുന്നത്” (LG 66).

നമ്മുടെ ആത്മാവിനെയും ശരീരത്തെയും അവയുടെ സകല പ്രവർത്തനങ്ങളെയും മറിയത്തെ ഏല്പിക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെപ്പോലും കൈവിട്ടു കൊടുക്കണം.
നമ്മുടെ പാപങ്ങളും പുണ്യങ്ങളും സന്തോഷങ്ങളും ദു:ഖങ്ങളും കഴിവുകളും കഴിവുകേടുകളും അമ്മയെ ഏല്പിക്കാൻ തയ്യാറാവണം. മറിയത്തിന്റെ ജീവിതം പരിപൂർണ്ണമായ ആത്മസമർപ്പണമായിരുന്നതു പോലെ ഓരോ ക്രിസ്തുശിഷ്യന്റെയും ജീവിതം ആത്മസമർപ്പണത്തിന്റെയും ആത്മദാനത്തിൻ്റേതുമാകണം. മറിയത്തെപ്പോലെ പരിപൂർണ്ണ ആത്മാർപ്പണം നടത്തിയ ജീവിതങ്ങളേ വളരുകയും ഫലം ചൂടുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.