ദിവ്യകാരുണ്യഭക്തിയുടെ ദീപശിഖാപ്രയാണം ഇനി നമ്മിലൂടെ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയേഴാം ദിനം, ജൂൺ 12, 2022 

“Already at the beginning of the twentieth century, the Eucharistic -centered re-awakening in the life of the Church, started by Holy Pope Pius X had its impact on the Syro- Malabar Church. ……. God was preparing two great men ( mahatmas) in the persons of Father Mathew Alakkalam and Father Joseph Paredom. Constitution Nr. 3.

ലോകശ്രദ്ധയാകർഷിക്കുന്ന മനോഹരമായ ചടങ്ങാണ് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം. ഓരോ ഒളിമ്പിക്സിനു മുമ്പും ഈ ദീപശിഖ ഭൂഖണ്ഡങ്ങളിലൂടെ പ്രയാണം നടത്തും. 1920-ൽ ഗ്രീസിലെ ഒളിമ്പിയയിലാണ് ആദ്യമായി ഇത് ആരംഭിച്ചത്. ഓരോ രാജ്യത്തും ദീപശിഖ ഏറ്റുവാങ്ങുന്നതും ഈ അഗ്നിജ്വാലയുമായി മുമ്പോട്ട് പ്രയാണം തുടരുന്നതും അതാതു രാജ്യങ്ങളിലെ പ്രസിദ്ധരായ കായികതാരങ്ങളും പ്രസിദ്ധരായ വ്യക്തികളുമാണ്. ഒളിംപിക്സിന്റെ ഉദ്ഘാടനവേദിയിൽ ഒളിമ്പിക്സ് ജ്വാലക്ക് തിരി തെളിയുന്നതോടെ കായികമാമാങ്കത്തിന് തിരശീല ഉയരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തിയുടെ ദീപശിഖ തെളിച്ചത് വി. പത്താം പിയൂസ് മാർപാപ്പയാണ്. “തിരിച്ചറിവാകുമ്പോൾ മുതൽ കുട്ടികൾക്ക് സഭയിൽ ദിവ്യകാരുണ്യ സ്വീകരണം സാധ്യമാണ്” എന്ന കൽപന പുറപ്പെടുവിച്ച വി. പത്താം പീയൂസ്, ‘വിശുദ്ധ കുർബാനയുടെ പാപ്പാ’ എന്നാണ് അറിയപ്പെടുന്നത്.

ദിവ്യകാരുണ്യഭക്തിയുടെ ഈ ദീപശിഖ ഏറ്റുവാങ്ങാൻ നമ്മുടെ കൊച്ചുകേരളത്തിൽ നിന്നും രണ്ട് പുണ്യപുരോഹിതർ മുന്നോട്ടു വന്നു – ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചനും പറേടം ജോസഫ് അച്ചനും. 1933 മെയ് 7-ന് മല്ലപ്പള്ളിയിൽ വച്ച് ഔദ്യോഗികമായി ഈ ദിവ്യകാരുണ്യ ദീപശിഖ തെളിയിക്കപ്പെട്ടു; ദിവ്യകാരുണ്യ മിഷനറി സഭ (MCBS) പിറവിയെടുത്തു.

“ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചിയും” വിശുദ്ധ കുർബാനയാണെന്നു പ്രഖ്യാപിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിനു മുൻപേ പറന്ന പക്ഷികളായി അവർ ഈ കൊച്ചുകേരളത്തിൽ വിശുദ്ധ കുർബാനയിൽ വേരുപാകിയ ആദ്ധ്യാത്മികതയിലൂടെ മുറിയപ്പെടുന്ന സ്നേഹത്തിന്റെ വിപ്ലവധ്വനി മുഴക്കി. “To be with Him and to be broken.” ദിവ്യകാരുണ്യത്തിന് മുമ്പിൽ മണിക്കൂറുകളോളം ചെലവഴിച്ച ഈ താപസവൈദികർ വറ്റാത്ത നീരുറവയുടെ ഒരു വഴിത്താര സഭാംഗങ്ങൾക്ക് വെട്ടിത്തുറന്നു തന്നു. “അൾത്താരയിൽ നിന്നും അൾത്താരയിലേക്കും” എന്ന മഹത്തരമായ ശൈലി സ്വജീവിതത്തിലൂടെ അവർ കാട്ടിത്തന്നു.

“ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹ. 6:35). ലോകസുഖങ്ങൾക്ക് നൽകാനാവാത്ത സംതൃപ്തി ഈ ജീവന്റെ മന്ന മനുഷ്യന് സമ്മാനിക്കുന്നു എന്ന സത്യം MCBS-ന്റെ സ്ഥാപകപിതാക്കന്മാർ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. ഇത് വ്യക്തിജീവിതത്തിൽ അനുഭവിച്ചറിഞ്ഞ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും തന്റെ അവസാനത്തെ ചാക്രികലേഖനത്തിൽ ഇങ്ങനെ കുറിച്ചിട്ടു: “ഇവിടെയാണ് സഭയുടെ സമ്പത്ത്, ലോകത്തിന്റെ ഹൃദയം. ഓരോ പുരുഷനും സ്ത്രീയും കൊതിക്കുന്ന സാക്ഷാത്കാരത്തിന്റെ അച്ചാരം. ഇവിടെ നമ്മുടെ ഇന്ദ്രിയങ്ങൾ നമ്മെ കീഴ്പ്പെടുത്തുന്നു. മഹത്തവും കാലാതീതവുമായ രഹസ്യം. വിശുദ്ധ കുർബാനയിൽ എല്ലാമുണ്ട്…” (Ecclesia de eucharistia 59).

സംതൃപ്തിയുടെ ഈ തീപ്പൊരി അനുഭവിച്ചു തുടങ്ങുമ്പോൾ പത്രോസിനെപ്പോലെ നമ്മളും ആ വാക്യം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാകും. “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്” (യോഹ. 6:68). ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാർ ഈ സത്യം എത്രയോ നേരത്തെ മനസിലാക്കിയിരുന്നു. ഈ വരികൾ ചെറിയ ഉദാഹരണം മാത്രം.

“നിന്റെ മുൻപിൽ ഒരു നിമിഷം എത്രയോ ശ്രേഷ്ഠം!
വർണ്ണനാതീതം അതിന്റെ മാധുരി ഓർത്താൽ.
ഭൂമിയിലെ സൗഭാഗ്യമെല്ലാം ഒന്നുചേർന്നാലും
ഒന്നുമല്ലെന്നറിവൂ ഞാൻ പരമ സ്നേഹമേ..”

“ആഴിയിലെ ജലകണവും ഊഴിയിലെ മൺതരികളും” എന്ന പ്രയോഗം എത്തുമ്പോൾ ഭാഷ അതിന്റെ പരിമിതി തിരിച്ചറിയുകയാണ്‌. അതുകൊണ്ടാവാം പിന്നീട് അവർ മൗനികളായിത്തീർന്നത്. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ തപസ്സിരുന്ന യഥാർത്ഥ താപസർ. ഭാരതീയ തത്വചിന്തയിൽ ഇപ്രകാരം ഒരു വിചിന്തനമുണ്ട്. “The one who speaks does not know and the one who knows does not speak.” അറിയാവുന്നവൻ മൗനം ഭജിക്കുന്നു. മിണ്ടുന്നവനൊട്ട് അറിയത്തുമില്ല. Analytical Philosophy യുടെ അതികായരിൽ ഒരാളായ Ludwig Wittgenstein കുറിച്ചിടുന്നുണ്ട്. “Where one cannot speak there he must be silent” (Ref. Language Game). ഭാഷയുടെ പരിമിതി തിരിച്ചറിഞ്ഞതു കൊണ്ടല്ലേ പൗരസ്ത്യ സഭാപിതാവും പരിശുദ്ധാത്മാവിനെ വീണയുമായ അപ്രേം മല്പാൻ ദിവ്യകാരുണ്യത്തെക്കുറിച്ച് കവിതകളിലൂടെ വര്‍ണ്ണന നടത്തിയത്.

സഭാപിതാക്കന്മാർ കണ്ടെത്തിയതും പകർന്നു തന്നതുമായ അമൂല്യനിധിയാണ് ദിവ്യകാരുണ്യം. MCBS-ന്റെ മൂലധനം. Placing Eucharist at the core of our being…. (Constitution Nr. 2). ഈ നിധി കൂടുതൽ കൂടുതൽ “explore” ചെയ്യാൻ കാലത്തിന്റെ അടയാളങ്ങൾ ഏവരെയും നിർബന്ധിക്കുന്നു.

ദാഹജലത്തിന്റെ ഈ നീരുറവയിൽ നിന്നും ശക്തി സ്വീകരിക്കുന്നില്ലെങ്കിൽ ജീവിതയാത്രയിലെ മണലാരണ്യത്തിൽ ഞാനും ഞാൻ മേയ്ക്കുന്ന അജഗണവും തളർന്നുവീഴും. ഈ തിരിച്ചറിവിൽ “എഴുന്നേറ്റ് ഭക്ഷിക്കുക; ഇല്ലെങ്കിൽ യാത്ര ദുഷ്ക്കരാമാകും” (1 രാജാ. 19:7) എന്ന ദൈവദൂതന്റെ ശക്തമായ ഓർമ്മപ്പെടുത്തൽ നെഞ്ചോട് ചേർത്തുപിടിക്കേണ്ടതുണ്ട്. വിശുദ്ധ കുർബാന രഹസ്യത്തിലേക്ക് കൊതിയോടെയും ആവേശത്തോടെയും തീക്ഷ്ണതയോടെയും ഒപ്പം ഭവ്യതയോടെയും പ്രവേശിക്കാൻ സഭാപിതാക്കന്മാർ കാട്ടിത്തന്ന മാതൃക വളരെ പ്രചോദനാത്മകമാണ്.

ഈ രഹസ്യം ജീവിക്കുന്നതിൽ വീഴ്ച വരാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. J. B Metz-ന്റെ വാക്കുകൾക്ക് പ്രസക്തിയേറുകയാണിവിടെ. “Eucharist is the celebration of the dangerous memory” (It does not mean that we celebrate violence). ഈ രഹസ്യം ജീവിക്കുന്നില്ലെങ്കിൽ അത് എനിക്ക് അപകടകരമാണ്‌. കൈമാറിക്കിട്ടിയ ഈ ദീപശിഖ കാലഘട്ടത്തിന്റെ കാറ്റിലും കോളിലും കെടാതെ കാത്തുസൂക്ഷിക്കുന്നതിനും അതിസൂക്ഷ്മതയോടെ പകർന്നു നൽകുന്നതിനുമുള്ള കടമയിലേക്ക് സഭാപിതാക്കന്മാരുടെ ദിവ്യകാരുണ്യ ഭക്തിയും സിദ്ധിയും ഉത്തേജനം നൽകുകയാണ്.

ആർത്തിസംസ്ക്കാര”ത്തിൽപ്പെട്ട് അന്ധനായിത്തീർന്ന മനുഷ്യൻ ആഗ്രഹങ്ങളുടെ ചിറകിലേറി അക്രമങ്ങളിലേക്കും അരാജകത്വത്തിലേക്കും യുദ്ധങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണിന്ന്. അതിരുവിട്ട തൃഷ്ണകളെ മെരുക്കാൻ അവൻ അശക്തനായിത്തീർന്നിരിക്കുന്നു. മനസാക്ഷി മരവിപ്പിക്കുന്ന വൈവിധ്യമാർന്ന സംഭവങ്ങൾക്ക് ഈ കാലഘട്ടം തന്നെ സാക്ഷിയാണല്ലോ. ഇവ സാമ്പിൾ വെടിക്കെട്ടുകൾ മാത്രം. കാരണം ഒന്നിലും മനുഷ്യനിന്ന് സംതൃപ്തനല്ല. “പത്തു കിട്ടിയാൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്ചര്യമെന്നതും” (ജ്ഞാനപ്പാന). പൂന്താനത്തിന്റെ ഈ വരികൾക്ക് ഇനിയും പ്രസക്തി നഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.

ചൊവ്വാഗ്രഹത്തെ ഭൂമിയുടെ കോളനി ആക്കുമെന്ന് Tesla ഉടമ എലോൺ മസ്ക് കുറച്ചുനാളുകൾക്കു മുമ്പ് പ്രഖ്യാപിച്ചതിന് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. ആഗ്രഹങ്ങളും സ്വപ്നങ്ങളും റോക്കറ്റേന്തി സഞ്ചരിക്കുകയാണിന്ന്‌. ശാസ്ത്രപുരോഗതി തെറ്റായതു കൊണ്ടല്ല , മറിച്ച് സംതൃപ്തിയുടെ ആ ചെറിയ വിശുദ്ധ കുർബാനയപ്പത്തിലേക്ക് ചുരുങ്ങാൻ മനുഷ്യാത്മാവ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന ബോധ്യം സ്വായത്തമാക്കുകയാണ് പരമപ്രധാനം. “ആർത്തി സംസ്ക്കാര”ത്തിന് സംതൃപ്തിയുടെ ദിവ്യകാരുണ്യ സംസ്കാരമാണ് മറുമരുന്ന്. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും ഓർമ്മിപ്പിക്കുന്നു: “ലോകത്തെ മാറ്റിമറിക്കുന്ന യഥാർത്ഥ വിപ്ലവം വിശുദ്ധ കുർബാനയിൽ ആരംഭിക്കുന്നു.” ആലക്കളത്തിലച്ചനും പറേടത്തച്ചനും ഈ സത്യം മനസിലാക്കിയവരാണ്. പൊട്ടക്കിണറുകൾ തേടിയുള്ള യാത്രകൾക്ക് ഇനി വിരാമം. സംതൃപ്തിയുടെ നീരുറവ ഇതാ, നിന്റെ കൈയ്യെത്തും ദൂരത്ത് – വിശുദ്ധ കുർബാന (Ref. ജെറെമിയ 2:13).

ഫാ. ജോസഫ് ഓലംകണ്ണേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.