ത്രീത്വസ്തുതി: ശ്രേഷ്ഠമായ ജപം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയാറാം ദിനം, – ജൂൺ 11, 2022

1956-ൽ തേവരയിലെ ലിറ്റിൽ ഫ്ലവർ പ്രസ്സ് പ്രസിദ്ധീകരിച്ച ‘ശാന്തിനികേതം’ എന്ന ചെറുഗ്രന്ഥത്തിൽ ആലക്കളത്തിച്ചൻ പരിശുദ്ധ ത്രീത്വത്തിന്റെ രഹസ്യങ്ങൾ വിശ്വാസികൾക്ക് മനസിലാകുന്ന രീതിൽ സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെയും പഠനങ്ങളെയും ആധാരമാക്കി ലളിതമായി വിവരിക്കുന്നുണ്ട്.

ത്രീത്വസ്തുതിയെ ശ്രേഷ്ഠമായ ജപമായി അവതരിപ്പിച്ചുകൊണ്ട് മത്തായി അച്ചൻ ഇപ്രകാരം കുറിക്കുന്നു: “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” എന്ന ജപത്തേക്കാൾ ഉത്കൃഷ്ടവും പ്രയോഗത്തിലിരിക്കുന്നതുമായ വേറോരു ജപം തിരുസഭയിലില്ല. സ്വർഗ്ഗത്തിൽ മാലാഖമാരുടെയും വിശുദ്ധന്മാരുടെയും നിരന്തരമായ സ്തോത്രഗീതം ഇതു തന്നെയാകുന്നു. സ്വർഗ്ഗവാസികളായ നമ്മുടെ ജ്യേഷ്ഠസഹോദരങ്ങൾ, ഭൂമിയിൽ കനിഷ്ഠസഹോദരന്മാരായ നമുക്ക് ഉപയോഗിപ്പാനായി തന്നിരിക്കുന്നതാണ്.”

സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം എന്നീ ജപങ്ങളേയുംകാൾ ശ്രേഷ്ഠമാണ് ത്രീത്വസ്തുതി എന്ന ജപം എന്നാണ് ആലക്കളത്തിലച്ചന്റെ പക്ഷം. ആദ്യത്തെ രണ്ട് ജപങ്ങൾ ഈ ലോകം കൊണ്ടവസാനിക്കുമ്പോൾ മൂന്നാമത്തേത് പരലോകത്തിലും എന്നേക്കുമായി നാം തുടർന്നുപയോഗിക്കുന്നു എന്ന് മത്തായി അച്ചൻ പഠിപ്പിക്കുന്നു.

പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിന് ഏറ്റവും അടുത്ത ഒരുക്കമായി ഇന്നേ ദിനം “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍” എന്ന ത്രീത്വസ്തുതി പല പ്രാവശ്യം ചെല്ലി ത്രിയേക ദൈവത്തെ നമുക്ക് മഹത്വപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.