കുടുംബങ്ങളിൽ ദൈവവിളി ജനിക്കുന്നതെങ്ങനെ?

ഓരോ വ്യക്തിയുടെയും ദൈവവിളിയുടെ ആരംഭം കുടുംബത്തിൽ നിന്നാണ്. ചെറുപ്പത്തിലെ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഓരോരുത്തരുടേയും വ്യക്തിത്വം രൂപപ്പെടുന്നത്. അതുകൊണ്ടാണ് കത്തോലിക്കാ സഭ കുടുംബങ്ങളെ ഗാർഹികസഭ എന്നു വിശേഷിപ്പിക്കുന്നതും.

വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ നാം പഠിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. ഈശോ തന്റെ ജീവിതത്തിലും മാതാപിതാക്കൾക്ക് വിധേയനായി കുടുംബത്തിൽ ജീവിച്ചതിനുശേഷമാണ് 33 -ാമത്തെ വയസ്സിൽ പരസ്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. നമ്മുടെ കുടുംബത്തിലെ ഓരോ സാഹചര്യങ്ങളും വ്യക്തികളും അംഗങ്ങളും ദൈവവിളി തിരഞ്ഞെടുക്കാനുള്ള പ്രേരണയും പരിശീലനവും നൽകുന്നവരാകേണ്ടതുണ്ട്. ഈയൊരു കാരണത്താൽ തന്നെ ഗാർഹികസഭയായ കുടുംബത്തിലെ ഓരോ വ്യക്തിയുടെയും വളർച്ച പ്രധാനപ്പെട്ടതാണ്. നല്ല രീതിയിൽ സഭയോടുചേർന്ന് മക്കളെ വളർത്താൻ ഏതാനും ചില നിർദേശങ്ങൾ ഇതാ…

1. മാതാപിതാക്കൾ തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മക്കളെ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകരാവുക   

കുട്ടികൾ കുടുംബത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. മക്കളെ മൂല്യബോധമുള്ളവരും ആധ്യാത്മികതയുള്ളവരുമായി വളർത്തുന്ന ഇടയന്മാരാവുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്വം. മക്കൾക്ക് ഇന്ന് ഏറ്റവും ആവശ്യം വേണ്ടത് നല്ല മാതൃകകളാണ്. അത് മാതാപിതാക്കളിൽ നിന്നുമാണ് അവര്‍ക്ക് ലഭിക്കേണ്ടത്.

കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്താൻ വ്യത്യസ്ത വഴികളുണ്ട്. ഒന്നിച്ചുള്ള കുടുംബപ്രാർഥനകൾ, വിശുദ്ധ ബലിയിൽ ഒരുമിച്ചു പങ്കെടുക്കുക, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക… അതൊക്കെയും മക്കളെ, വിശ്വാസത്തിൽ വളരാന്‍ തരത്തിലുള്ള സന്ദേശം പകരുന്നതാണെങ്കിൽ കൂടുതൽ ഫലപ്രദമാകും. ഇത്തരം നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങൾ കുട്ടികളുടെ ജീവിതത്തെ കൂടുതൽ സ്വാധീനിക്കും.

2. നിസ്വാർഥപരമായ സേവനത്തിലൂടെ ഒരു കുടുംബസംസ്‌കാരം രൂപപ്പെടുത്തുക

ക്രിസ്തീയജീവിതത്തിന്റെ ആദ്യത്തെ വിദ്യാലയം ഒരു കത്തോലിക്കാ കുടുംബമായിരിക്കണം. അതിനായി ഓരോ വ്യക്തിയും പരിശീലിക്കേണ്ടത് പ്രാർന, കൂദാശ ജീവിതം, നന്ദിപ്രകടനങ്ങൾ, നല്ല ജീവിതമാതൃകകൾ എന്നിവയിലൂടെയാണ്. കൽക്കട്ടയിലെ വി. മദർ തെരേസ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ ഭക്ഷണം കഴിച്ചുകഴിയുമ്പോൾ പാത്രം കഴുകുന്നത് അതിൽ അഴുക്കുള്ളതുകൊണ്ട് മാത്രമായിരിക്കരുത്, മറിച്ച് അടുത്തതായി ആ പാത്രം ഉപയോഗിക്കുന്ന ആളിനെ നിങ്ങൾ സ്നേഹിക്കുന്നതുകൊണ്ടു കൂടിയായിരിക്കണം.”

കുടുംബജീവിതം സന്തോഷപ്രദമാകാൻ ഓരോരുത്തരും മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിച്ചാൽ മാത്രം മതി. അവനവന്റെ സന്തോഷത്തിനുവേണ്ടി ജീവിക്കുന്ന ഒരു കുടുംബം നരകതുല്യമായിരിക്കും. മാതാപിതാക്കൾ കുടുംബത്തിൽ സ്വാർത വെടിഞ്ഞു ജീവിക്കുന്നവരാവുക. അപ്പോൾ നമ്മുടെ ഭവനങ്ങളിൽ മക്കൾ നല്ല വ്യക്തിത്വമുള്ളവരായി വളർന്നുവരും.

3. നമ്മുടെ ഭവനങ്ങളിലേക്ക് മറ്റുള്ളവരെ സ്വാഗതം ചെയ്യുക 

കുടുംബങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ സഭ എപ്പോഴും കുടുംബം ഇല്ലാത്തവരെയും ഓർക്കാറുണ്ട്. ഏതെങ്കിലും കാരണങ്ങളാൽ കുടുംബം ഇല്ലാത്തവരെ ഒറ്റപ്പെടുത്തരുത്. നമ്മുടെ ഭവനങ്ങൾ മറ്റുള്ളവർക്കായി തുറന്നിടാൻ സാധിക്കണം. എങ്കിൽ മാത്രമേ മക്കളിൽ ഹൃദയവിശാലത വളരുകയുള്ളൂ.

ക്രിസ്തുവിനാൽ രൂപപ്പെട്ട കുടുംബങ്ങൾ ഇന്ന് ലോകത്തിന് ആവശ്യമാണ്. ഇന്ന് ആധുനികലോകം നിരാശയുടെ പടുകുഴിയിലായിരിക്കുമ്പോൾ അവരുടെ ഇടയിൽ പ്രത്യാശ പകരാൻ ഓരോ ക്രൈസ്തവകുടുംബങ്ങൾക്കും കടമയുണ്ട്. ക്രിസ്തുവിന്റെ സമാധാനവും സന്തോഷവും ജീവിക്കുന്നവരാകണം ഓരോ ക്രിസ്ത്യാനിയും.