വ്യായാമത്തിന്റെ സമയത്തെ എങ്ങനെ പ്രാര്‍ത്ഥനാനിര്‍ഭരമാക്കാം

വ്യായാമം നമ്മുടെ ശരീരത്തിനും ഒപ്പം തന്നെ മനസിനും ആരോഗ്യം പകരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുകയും നാം അനുഭവത്തിലൂടെ അത് അംഗീകരിക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. എന്നാല്‍, വ്യായാമങ്ങള്‍ ശരീരത്തിനും മനസിനും മാത്രമല്ല ആത്മാവിനും ആരോഗ്യം പകരുന്നുണ്ട്. പക്ഷേ പലരും അതേക്കുറിച്ച് അറിയുന്നില്ല എന്നു മാത്രം.

മനുഷ്യന്‍ എന്നത് ശരീരം, മനസ്, ആത്മാവ് എന്നിവയുടെ സംയോജനമാണ്. നല്ല പ്രാര്‍ത്ഥനാജീവിതം ഉണ്ടാകണമെങ്കില്‍ ശാന്തമായ മനസും ആരോഗ്യമുള്ള ശരീരവും ഉണ്ടായിരിക്കുക ആവശ്യമാണ്. ശരീരത്തെ രോഗം ബാധിക്കുമ്പോള്‍ അത് മനസിനെയും ആത്മാവിനെയും കൂടി ബാധിക്കുന്നുണ്ട്. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ആത്മീയമായ ഒന്നാണെങ്കിലും അത് നമ്മുടെ ശരീരത്തെയും മനസിനെയും നാം അറിയാതെ തന്നെ ഒരു പ്രതീക്ഷയിലേക്ക് നയിക്കുന്നുണ്ട്.

വ്യായാമം ചെയ്യുന്ന സമയത്തെ, നമുക്ക് പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാക്കി മാറ്റാന്‍ കഴിയും. വ്യായാമം ചെയ്യുമ്പോള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം? അതിനുള്ള ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ ഇതാ…

1. നമ്മുടെ മാനസികാവസ്ഥയുമായി അതിനെ സംയോജിപ്പിക്കുക

നമ്മള്‍ ഏത് മാനസികാവസ്ഥയിലാണോ അതുമായി പ്രാര്‍ത്ഥനയെ  സംയോജിപ്പിക്കുക എന്നതാണ് വ്യായാമത്തിന്റെ വേളകളെ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാക്കി മാറ്റാന്‍ ഉചിതം. നാം സ്വസ്ഥമായ അവസ്ഥയിലാണെങ്കില്‍, ഒരു മെഡിറ്റേഷന്‍ ചെയ്യുന്ന വേളയില്‍ അവിടെ ജപമാല രഹസ്യങ്ങളെ ധ്യാനിക്കുകയോ, ബൈബിള്‍ വചനങ്ങൾ ധ്യാനിക്കുകയോ ആകാം. കൂട്ടുകാര്‍ക്കൊപ്പം ഓടാനും മറ്റും പോകുമ്പോള്‍  അത് ചിലപ്പോള്‍ പ്രാവര്‍ത്തികമാകണമെന്നില്ല. അതിനാല്‍ ആ സാഹചര്യത്തിന് ഉചിതമായ ചെറിയ പ്രാര്‍ത്ഥനകള്‍ തിരഞ്ഞെടുക്കാം. അങ്ങനെ നാം ഏതവസ്ഥയിലാണോ, സാഹചര്യത്തിലാണോ ആ സാഹചര്യവുമായി നമ്മുടെ പ്രാര്‍ത്ഥനയെ കൂട്ടിച്ചേര്‍ക്കുക.

2. താളപ്പൊരുത്തം

നാം നടക്കുകയോ, ഓടുകയോ ചെയ്യുകയാണെങ്കില്‍ സംസാരിക്കുന്നതിനും  കേള്‍ക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാം. ഓട്ടവും ശ്വസനവും തമ്മില്‍ ഒരു ചേര്‍ച്ച ഉണ്ടായിരിക്കണം. ഇത്തരം അവസരങ്ങളില്‍ നമ്മുടെ ഓട്ടത്തെയും ശ്വസനത്തെയും താളാത്മകമാക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥനകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാം.

3. വ്യായാമത്തിന്റെ തീവ്രതയുമായുള്ള പൊരുത്തം

തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ നാം സ്വസ്ഥമായിരിക്കുന്ന അവസ്ഥയെ വിട്ടിട്ട് കൂടുതല്‍ കഠിനമായ കാര്യങ്ങള്‍ ചെയ്യുന്നു. ഈ അവസ്ഥയില്‍ നീണ്ട പ്രാര്‍ത്ഥനകള്‍ ചൊല്ലുക സാധ്യമായിരിക്കുകയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയ സുകൃതജപങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥിക്കാം. അതല്ലെങ്കില്‍ ‘ഈശോയേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് ആവര്‍ത്തിച്ച് മനസ്സില്‍ ഉരുവിടാം. ഇങ്ങനെ നമ്മുടെ വ്യായാമസമയത്തെ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാക്കാം.