ദൈവവുമായി കൂടുതൽ അടുക്കാൻ ചില കുറുക്കുവഴികൾ

ദൈവത്തോട് ചേർന്നിരിക്കാൻ നമ്മെ സഹായിക്കുന്ന ഏറ്റവും നല്ല ഉപാധിയാണ് പ്രാർത്ഥന. ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയാക്കി മാറ്റാൻ കഴിഞ്ഞാൽ അത് വളരെ നല്ല ഒരു കാര്യമാണ്. അതിനായി വലുതായി ഒന്നും ചെയ്യേണ്ടതില്ല. ചില ചെറിയ പ്രവർത്തികളിലൂടെ, നമ്മുടെ ഉത്തരവാദിത്വങ്ങൾ എല്ലാം നിറവേറ്റിക്കൊണ്ടു തന്നെ നമുക്ക് ദൈവത്തോട് ചേർന്നിരിക്കാം. ദൈവം നമ്മെ സ്നേഹിച്ചതു പോലെ നമുക്കും ദൈവത്തെ സ്നേഹിക്കാൻ സാധിക്കണം. അത്രത്തോളം പറ്റിയില്ലെങ്കിലും ഇപ്പോൾ നാം ആയിരിക്കുന്ന അവസ്ഥയിൽ നിന്നും അൽപം കൂടെ ദൈവത്തോട് ചേർന്നിരിക്കാൻ ശ്രമിക്കാം. അതിന് നമ്മെ സഹായിക്കുന്ന ഏതാനും കുറുക്കുവഴികൾ ഇതാ…

1. നിങ്ങൾക്ക് അറിയാവുന്നതു പോലെ പ്രാർത്ഥിക്കാം

പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ പലരുടെയും മനസിലുദിക്കുന്ന ചില ചിന്തകളാണ്, ഞാൻ പ്രാർത്ഥിക്കുന്നത് ശരിയായിട്ടാണോ? ഇങ്ങനെയാണോ പ്രാർത്ഥിക്കുന്നത്? മറ്റുള്ളവർ പ്രാർത്ഥിക്കുന്നതു പോലെ എനിക്ക് പറ്റുന്നില്ലല്ലോ തുടങ്ങിയവ. ഈ ചിന്തകൾക്ക് തത്ക്കാലം വിരാമമിടാം. അയൽപ്പക്കത്തുള്ളവർ എങ്ങനെയാണ്  പ്രാർത്ഥിക്കുന്നതെന്നും നിങ്ങൾ നോക്കണ്ട. നിങ്ങൾക്ക് അറിയാവുന്നതു പോലെ, അറിയാവുന്ന ഭാഷയിൽ പ്രാർത്ഥിക്കുക.

2. ജീവിതം പ്രാർത്ഥനയാണെന്ന് തിരിച്ചറിയാം

ജീവിതത്തിലൂടെ കടന്നുപോകുന്ന ഒന്നല്ല പ്രാർത്ഥന. ജീവിതം, അത് പ്രാർത്ഥന തന്നെയാണ്. നമ്മുടെ ജീവിതം തികഞ്ഞതല്ലാത്തതിനാൽ പ്രാർത്ഥനയും പൂർണ്ണമായിരിക്കണമെന്നില്ല. പ്രാർത്ഥനയ്‌ക്ക് അനുയോജ്യമായ അവസ്ഥകൾക്കായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും പ്രാർത്ഥിക്കാൻ സാധിക്കില്ല. അതിനാൽ നിങ്ങൾ ഏത് അവസ്ഥയിൽ ആയിരുന്നാലും ആ അവസ്ഥയിൽ പ്രാർത്ഥന തുടങ്ങുക. ചിലപ്പോൾ നിങ്ങൾ സ്കൂളിൽ ആയിരിക്കാം, ഹോസ്പിറ്റലിൽ ആയിരിക്കാം, ജോലിസ്ഥലത്ത് ആയിരിക്കാം. എവിടെയാണെങ്കിലും നിങ്ങൾക്ക് കഴിയുന്നവിധത്തിൽ പ്രാർത്ഥിക്കാൻ ശ്രമിക്കുക.

3. നിങ്ങൾ വിശ്വസിക്കുന്നതുപോലെ പ്രാർത്ഥിക്കുക

വിശ്വാസം അതാണ് എല്ലാം. നിങ്ങൾ എന്ത് വിശ്വസിക്കുന്നോ അതുപോലെ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ അടിസ്ഥാന ഘടകം തന്നെ വിശ്വാസം ആണല്ലോ. നിങ്ങളുടെ ജീവിതം ദൈവത്തെ കേന്ദ്രീകരിച്ചാണെങ്കിൽ, നിങ്ങളുടെ പ്രാർത്ഥനയും അവനിൽ കേന്ദ്രീകരിച്ചായിരിക്കും ഉണ്ടാവുക. ദൈവം കൂടെയുണ്ടെന്നു വിശ്വസിച്ചു പ്രാർത്ഥിക്കുമ്പോൾ ആ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കാൻ സാധിക്കും.

4. ദൈവത്തെ സ്നേഹിച്ചുകൊണ്ട് പ്രാർത്ഥിക്കാം

നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ഒരു കടമപോക്കലായി മാറാറുണ്ട്. അതുകൊണ്ടാണ് നമുക്ക് പ്രാർത്ഥനയിൽ വിരസത അനുഭവപ്പെടുന്നത്. ഈ വിരസത ഇല്ലാതാക്കാൻ ദൈവത്തെ സ്നേഹിച്ചുകൊണ്ടുള്ള പ്രാർത്ഥനക്കു കഴിയും. അതിനാൽ ഇനിമുതൽ ദൈവത്തെ സ്നേഹിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ ശ്രമിക്കാം.

5. ദൈവത്തെ ഒരു കൂട്ടുകാരനായി കാണാം

പ്രാർത്ഥനയിൽ ഒരു ഫോർമാലിറ്റി കടന്നുവരുമ്പോഴാണ് ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കൂടുന്നത്. അത് മാറ്റി ദൈവത്തെ ഒരു സുഹൃത്തായി കണക്കാക്കാം. സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ നമ്മുടെ പ്രാർത്ഥനകൾ രൂപപ്പെടുത്താം. അപ്പോൾ അത് കൂടുതൽ ആസ്വാദ്യകരവും പ്രകടനകരവുമാകും. നമ്മുടെ കൂടെ എപ്പോഴും ആയിരിക്കുന്ന ദൈവത്തോടുള്ള ഒരു സംസാരമായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഒരു ദിവസം മുഴുവൻ പ്രാർത്ഥനയായി മാറുന്നത് നമുക്ക് അനുഭവിക്കാൻ കഴിയും.

6. ആഗ്രഹത്തോടെ പ്രാർത്ഥിക്കാം

ആഗ്രഹത്തോടെ വേണം പ്രാർത്ഥിക്കാൻ. ആഗ്രഹമില്ലാത്ത മനസിൽ നെഗറ്റീവ് ചിന്ത കടന്നുകയറും. ആഗ്രഹമാണ് ഓരോ ദിവസവും കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കുന്നത്. ദൈവത്തോട് അടുക്കാനുള്ള തീവ്രമായ ആഗ്രഹം അതിനായുള്ള വഴികൾ തേടി അലയും. പ്രാർത്ഥനയിൽ മടുപ്പ് തോന്നാതിരിക്കാനും ആത്മീയതയിൽ എന്നും മുന്നോട്ട് നീങ്ങാനും ദൈവത്തിനായുള്ള ദാഹം നമ്മെ സഹായിക്കും.

7. വിശുദ്ധ ഗ്രന്ഥം വായിക്കാം

വചനം അത് ദൈവത്തിന്റെ വാക്കുകളാണ്. പ്രാർത്ഥിക്കുമ്പോൾ വചനം വായിക്കുന്നതും ഇടയ്ക്കിടെ വചനം ഉരുവിടുന്നതും ദൈവത്തോട് ചേർന്നുനിൽക്കാൻ നമ്മെ  സഹായിക്കും. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വചനത്തിൽ ആശ്രയം വയ്ക്കാം. നമ്മുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരം വചനത്തിലൂടെ നമുക്ക് ലഭിക്കും.

8. യാമപ്രാർത്ഥനകളിലും ദേവാലയ ശുശ്രൂഷകളിലും പങ്കെടുക്കാം

യാമപ്രാർത്ഥനകളിലും വിശുദ്ധ കുർബാനയിലും പറ്റുന്ന സമയത്തൊക്കെയും പങ്കെടുക്കാം. കൂദാശകൾ അടുത്തടുത്ത് സ്വീകരിക്കാം. ദിവ്യകാരുണ്യ ആരാധനയിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും പങ്കെടുക്കാം. ഇവയൊക്കെ നമ്മെ സ്വയം വിശുദ്ധീകരിക്കുന്നതിനും ദൈവത്തോട് ചേർന്നുനിൽക്കുന്നതിനും പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും സഹായിക്കും.