അനാവശ്യ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാം

ജീവിതത്തിൽ പലപ്പോഴും അമിതമായ അല്ലെങ്കിൽ അനാവശ്യമായ ചിന്തകൾ കടന്നുവരാറുണ്ട്. എന്നാൽ അവയെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ പല മാനസിക പ്രശ്നങ്ങളിലേക്കും അത് നമ്മെ നയിക്കും. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അമിതമായി കടന്നുവരുന്ന ചിന്തകളെ നിയന്ത്രിക്കാൻ ഇതാ നാല് മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

1. ചിന്തകളെയും യാഥാർഥ്യങ്ങളെയും തിരിച്ചറിയുക

ചിന്തകൾ എന്ന് പറയുന്നത് മനുഷ്യസഹജമാണ്. എന്നാൽ എല്ലാ ചിന്തകളും ശരിയാകണമെന്നുമില്ല. ചിന്തിക്കുന്ന കാര്യങ്ങളെല്ലാം ജീവിതത്തിൽ സംഭവിക്കുമെന്ന് വിശ്വസിക്കുകയും ഭയപ്പെടുകയും ചെയ്യുമ്പോൾ ഒരുവന്റെ സമാധാനം നഷ്ടപ്പെടുന്നു. ചിന്തകളെ കേവലം ചിന്തകളായി മാത്രം കാണുക. അവയെ നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുവദിക്കാതിരിക്കുക.

2. ചിന്തകളുടെ കാരണം കണ്ടെത്തുക

എന്തെങ്കിലും ഒരു സംഭവത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ അമിതമായി ചിന്തകൾ വരുമ്പോൾ, അവ ഒരു കടലാസെടുത്ത് കുറിച്ച് വയ്ക്കുക. എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ഏറ്റവും കൂടുതൽ ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇങ്ങനെ സാധിക്കും. ക്രമേണ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയും. അത് കണ്ടെത്തി കഴിഞ്ഞാൽ, അടുത്തതായി ചെയ്യേണ്ടത് ആ കാരണങ്ങളെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുക എന്നുള്ളതാണ്. നമ്മെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യങ്ങളെയും വ്യക്തികളെയും ജീവിതത്തിൽ നിന്ന് അകറ്റുക.

3. എപ്പോഴും പോസിറ്റീവ് മനോഭാവം പുലർത്തുക

ജീവിതത്തെ എപ്പോഴും പോസിറ്റീവ് മനോഭാവത്തോടെ വേണം വീക്ഷിക്കാൻ. അതിനായി എപ്പോഴും പോസിറ്റീവായിട്ടുള്ള ആളുകളോട് സംസാരിക്കാനും അവരുമായി സമയം ചിലവിടാനും നമ്മൾ പരിശ്രമിക്കണം. എപ്പോഴും പോസിറ്റീവായിരിക്കാൻ ചില മാർഗ്ഗങ്ങളുണ്ട്. ദിവസേനയുള്ള യോഗ പരിശീലനവും മുടങ്ങാതെയുള്ള പ്രാർത്ഥനയും ഇതിന് നമ്മെ സഹായിക്കുന്നു.

4. തുറന്ന് സംസാരിക്കുക

പലരും തങ്ങളുടെ വികാരങ്ങളെ മറച്ചുപിടിച്ചാണ് സമൂഹത്തിൽ ജീവിക്കുന്നത്. ഈ ശീലം മനസ്സിന്റെ ആരോഗ്യത്തിന് ക്ഷതമേല്പിക്കുന്നതാണ്. മനസ്സിലുള്ള അമിതമായ ചിന്തകളെ, വികാരങ്ങളെ, ഭയങ്ങളെ വിശ്വസ്തരായിട്ടുള്ളവരോട് പങ്കുവെയ്ക്കുന്നത് ഏറെ സഹായകമാണ്. ഇങ്ങനെ തുറന്ന് സംസാരിക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന ചില മറുപടികളിൽ നമ്മെ ആശ്വസിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ഉണ്ടാവും. അങ്ങനെ മനസ്സിന്റെ ഭാരം നമുക്ക് കുറയ്ക്കാനാകും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.