ദൈവത്തോട് ചേർന്ന് ജീവിതത്തിലെ പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം

ദുഃഖത്തിന്റെയും പ്രതിസന്ധികളുടെയും കൊടുങ്കാറ്റുകൾ ജീവിതത്തിൽ എക്കാലവും ഉള്ളതാണ്. ഏതു നിമിഷവും കാറ്റ് വന്നു തകർത്തുകളയാൻ സാധ്യതയുള്ള ഒരു പായ്ക്കപ്പലിനോടു സദൃശ്യമാണ് നമ്മുടെ ജീവിതങ്ങൾ. എന്നാൽ എത്ര വലിയ കാറ്റിലും തകർന്നു പോകാനോ, അല്പം പോലും ഇളക്കം തട്ടാനോ അനുവദിക്കാതെ നമ്മുടെ ജീവിതമാകുന്ന പായ്ക്കപ്പലിന് ബലം കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി നാം ഒരേയൊരു കാര്യം മാത്രം ചെയ്താൽ മതി, ദൈവത്തോട് ചേർന്നു നിൽക്കുക! അവിടുത്തോട് ചേർന്നു നിന്നു കൊണ്ട് അവിടുത്തെ പദ്ധതികൾക്കായി നമ്മുടെ ജീവിതത്തെ വിട്ടുകൊടുക്കാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധി വന്നാലും നമുക്ക് ഒരു ഇളക്കവും തട്ടുകയില്ല; ബലക്ഷയം സംഭവിക്കില്ല. ഇത്തരത്തിൽ ദൈവത്തോട് ചേർന്നു നിൽക്കുന്നതിനായി നമ്മെ സഹായിക്കുന്ന ഏതാനും നിർദ്ദേശങ്ങൾ ഇതാ…

1. ദൈവത്തിലുള്ള വിശ്വാസം

നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാൺ അവിടുത്തെ കൈകളിലാണെന്നു ഉറച്ചു വിശ്വസിക്കുകയാണ് ആദ്യഘട്ടം. അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നു മനസ്സിലാക്കുക. എപ്പോഴും സന്തോഷകരമായതു മാത്രം സംഭവിക്കുന്ന ഒരു പ്രീ റിട്ടൺ സ്ക്രിപ്റ്റ് (pre – written script) അല്ല ജീവിതമെന്നു മനസിലാക്കുക. അവിടുന്ന് അനുവദിച്ചു തരുന്ന സാഹചര്യങ്ങളിലൂടെ ധൈര്യപൂർവ്വം കടന്നുപോവുക. പ്രതിസന്ധികളിൽ അവിടുന്ന് കൂടെയുണ്ടെന്നുള്ള ഒരേയൊരു ചിന്തയിലൂടെ കടന്നുപോവുക.

2. ദൈവത്തോടുള്ള ആത്മാർത്ഥമായ അടുപ്പം

ദൈവത്തോടുള്ള ആത്മാർത്ഥമായ അടുപ്പം നമ്മെ സ്ഥായിയായി നിർത്തുന്നു. നമ്മുടെ ജീവിതം സ്ഥിരതയുള്ളതായി നിലനിർത്തണമെങ്കിൽ തീർച്ചയായും ഈ അടുപ്പം അത്യാവശ്യമാണ്. എപ്പോഴും കൂടെയുള്ള ഒരു ബാലൻസിങ് പവർ ആയി അവിടുത്തെ സാന്നിധ്യം നമുക്ക് നിലനിർത്താൻ നിരന്തരമായ പ്രാർത്ഥന അത്യാവശ്യമാണ്. അവിടുത്തോടുള്ള കൂടിയാലോചനകൾ നമ്മുടെ ജീവിതത്തെ നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകും എന്നതിൽ സംശയമില്ല.

3.  ദൈവത്തിലുള്ള പ്രതീക്ഷ

എത്ര വലിയ ദുരന്തങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും പ്രതീക്ഷയാണ് നമ്മെ നയിക്കേണ്ടത്. ജീവിതത്തിലെ ദുരിതങ്ങളിൽ കൃത്യമായ ഇടവേളകളിൽ അവിടുന്ന് ഇടപെടുമെന്ന് ഉറച്ചു വിശ്വസിക്കുക. അനുഭവങ്ങൾ നാളേക്കുള്ള വലിയ കരുത്തിന് ഉപകരിക്കുമെന്ന് പ്രതീക്ഷ വയ്ക്കുക. അപ്പോൾ അവിടുന്ന് നൽകുന്ന മഹത്തായ നന്മകളും സാധ്യതകളും ജീവിതത്തെ കൂടുതൽ മനോഹരമാക്കും. അതിനാൽ അവിടുത്തെ ഇടപെടലുകൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.