നോമ്പുകാല ഉപവാസം നമ്മിൽ വരുത്തുന്ന മാറ്റങ്ങൾ

നോമ്പുകാലം യഥാർത്ഥത്തിൽ നമ്മുടെ വ്യക്തിജീവിതത്തിലും മാറ്റം വരുത്തേണ്ട സമയമാണ്. ഇത് പ്രധാനമായും മാനസാന്തരത്തിന്റെയും പരിവർത്തനത്തിന്റെയും ദാനധർമ്മത്തിന്റെയും ഒരു സമയമായിട്ടാണ് സഭ നമ്മെ പഠിപ്പിക്കുന്നത്. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും വ്യക്തിജീവിതത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ ഉപവാസം കൊണ്ട് യാതൊരു അർത്ഥവുമില്ല. നമ്മുടെ  ജീവിതത്തിൽ പരിവർത്തനം വരുത്താത്ത ഒരു അനുഷ്ഠാനത്തിനും അർത്ഥമില്ല.

ഉപവാസം ശരീരത്തിനും ആത്മാവിനും അനുഗ്രഹം നൽകുന്നു. നോമ്പുകാലത്ത് ഉപവാസത്തേക്കാൾ സഹോദര്യസ്നേഹം പ്രധാനപ്പെട്ട ഒന്നാണ്. ഉപവാസം ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെ തന്നെ ആത്മാവിനും മനസിനും കൂടുതൽ ഉണർവ്വും ലഭിക്കുന്നു. എന്നാൽ, എപ്പോഴും നാം മനസിലാക്കേണ്ട ഒരു വസ്തുത, മനസിന്റെ ശുദ്ധി എന്നത് ഉപവാസത്തിന് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് എന്നതാണ്. സഹോദരങ്ങളെ സ്നേഹിക്കാതെ ഉപവസിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന തത്വം നാം മറന്നുപോകരുത്. ഉപവാസത്തിനൊപ്പം ആവശ്യക്കാരെ സഹായിക്കുന്നതിനുള്ള മനഃസ്ഥിതി കൂടെ ഉണ്ടാക്കിയെടുക്കണം.

നോമ്പുകാലത്തിൽ ഇപ്രകാരം നാം എടുക്കുന്ന ചെറിയ ത്യാഗങ്ങളും ചില ആശയടക്കങ്ങളും നല്ല ശീലങ്ങൾ നമ്മിൽ വളരുന്നതിന് ഇടയാക്കും. മാത്രമല്ല, ബുദ്ധിമുട്ടേറിയ അനുഭവങ്ങളിൽ ജീവിക്കുന്നവരെ ഓർക്കാനും ഇത്തരം ജീവിതസാഹചര്യങ്ങൾ നമ്മെ സഹായിക്കും. നമ്മുടെ വ്യക്തിജീവിതത്തിലെ ചില വിഷമങ്ങൾ സമചിത്തതയോടെ സ്വീകരിക്കാനും ഉപവാസം സഹായിക്കുന്നു. ചെറിയ കുറവുകളെ പോലും അംഗീകരിക്കാത്ത അവസ്ഥ, പരാതിപ്പെടുന്ന മനോഭാവം, മറ്റുള്ളവരെ മനസിലാക്കാത്ത ചില സാഹചര്യങ്ങൾ എന്നിവയ്‌ക്കെല്ലാം ഒരു പരിധി വരെ ഉത്തരം കണ്ടെത്താൻ ഉപവാസം കൊണ്ടും പ്രായശ്ചിത്ത പ്രവർത്തികൾ കൊണ്ടും നമുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.