നോമ്പും ഉപവാസവും: കുട്ടികൾക്കായി വിശദീകരിക്കാം ഈ മാർഗ്ഗങ്ങളിലൂടെ

കൊച്ചുകുട്ടികൾക്ക് തീർച്ചയായും മനസിലാക്കാൻ കഴിയാത്ത ഒരു ആശയമാണ് എന്താണ് നോമ്പും ഉപവാസവും എന്നത്. മുതിർന്ന ചില ആളുകൾക്കു പോലും ഇപ്പോഴും നോമ്പിന്റെയും ഉപവാസത്തിന്റെയും അർത്ഥവും ഉദ്ദേശവും പൂർണ്ണമായും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.

നോമ്പിനെപ്പറ്റി കുട്ടികളോട് പറയുമ്പോൾ തന്നെ പല ചോദ്യങ്ങളാണ് അവരുടെ മനസ്സിൽ ഉയരുന്നത്. എന്തുകൊണ്ടാണ് നമ്മൾ ‘എന്തെങ്കിലും ഉപേക്ഷിക്കുന്നത്?’, ഉപവാസത്തിന് യേശുവുമായി എന്താണ് ബന്ധം? നമ്മൾ ചോക്കളേറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നത് ഈശോക്ക് ഇഷ്ടമല്ലേ?… ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ. ഇത്തരം സാഹചര്യങ്ങളിൽ, നോമ്പ് എന്താണെന്നും അതിന്റെ അർത്ഥം എന്താണെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ…

യേശുവിനെപ്പോലെ ആകാൻ ശ്രമിക്കാം

നോമ്പിനെക്കുറിച്ചു പറയുമ്പോൾ, യേശു തന്റെ പരസ്യജീവിതവും ശുശ്രൂഷയും ആരംഭിക്കുന്നതിന്റെ മുന്നോടിയായി തന്നെത്തന്നെ ഒരുക്കാൻ മരുഭൂമിയിൽ ചെലവഴിച്ച സമയത്തെക്കുറിച്ചു പറയാം. യേശു 40 ദിവസം മരുഭൂമിയിൽ പ്രാർത്ഥനയിലും ഉപവസത്തിലും ചെലവഴിച്ചു. നമ്മളും നോമ്പുകാലത്തിൽ ചെയ്യുന്ന ഒരു പ്രത്യേക കാര്യമാണ് ഇത്. ഈ നോമ്പുകാലം യേശുവിനോട് കൂടുതൽ അടുക്കാനും യേശു ചെയ്തതുപോലെ ചെയ്യാനും അവനെപ്പോലെ പ്രവർത്തിക്കാനും നാം ശ്രമിക്കുന്നു. ഇത് കുട്ടികളോട് പറഞ്ഞുകൊടുക്കാം.

ഏറ്റവും വലിയ ആഘോഷത്തിനുള്ള തയ്യാറെടുപ്പ്

നോമ്പുകാലത്ത് ഇഷ്ടപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുമ്പോൾ, ആ നോമ്പ് വരാനിരിക്കുന്ന ആഘോഷത്തിന് കൂടുതൽ ആവേശവും അർത്ഥവും നൽകുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഈസ്റ്റർ. എന്നാൽ നമ്മൾ എല്ലാ ദിവസവും ഈസ്റ്റർ ആഘോഷിക്കുകയാണെങ്കിൽ അത് പ്രത്യേകയുള്ളതായി അനുഭവപ്പെടില്ല. എല്ലാ ദിവസവും കേക്കും ഐസ്ക്രീമും കഴിക്കുകയാണെങ്കിൽ, നമ്മുടെ ബർത്ത്ഡേയ്ക്ക് അവ കഴിക്കുമ്പോൾ ആ ദിനം സ്പെഷ്യലായി തോന്നില്ല. അതുപോലെ, ഈസ്റ്റർ ആഘോഷത്തിനായി നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുന്നു എന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.

നമുക്ക് യേശുവിനെ ആവശ്യമുള്ളത്രയും മറ്റ് കാര്യങ്ങൾ ആവശ്യമില്ല

യഥാർത്ഥത്തിൽ നമുക്ക് ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമോ, വിനോദമോ ആവശ്യമില്ലെന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു ഓർമ്മപ്പെടുത്തലാണ് നോമ്പുകാലം. നമുക്ക് ആവശ്യമുള്ളതെല്ലാം ദൈവവുമായുള്ള സൗഹൃദത്തിൽ കണ്ടെത്താനാകും. അതിനാൽ കുട്ടികളോട് ഇങ്ങനെ വിശദീകരിക്കാം, “ഞാൻ ചോക്കലേറ്റ്/ഇൻസ്റ്റാഗ്രാം/ കോഫി/ ടിവി/ മറ്റെന്തെങ്കിലും ഉപേക്ഷിക്കുന്നത്, യേശു അത് ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ടല്ല, മറിച്ച് നമുക്ക് യഥാർത്ഥത്തിൽ ഇത് ആവശ്യമില്ലെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കാനാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം യേശു നൽകുന്നു. “കർത്താവ് എന്റെ ഇടയനാണ്; എനിക്ക് ആവശ്യമായതെല്ലാം അവിടുന്ന് എനിക്ക് നൽകുന്നു” (സങ്കീ. 23).

നോമ്പുകാലത്ത് നാം ഉപവസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ ഈ വേദവാക്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ വിധത്തിൽ നോമ്പുകാലത്തെകുറിച്ച് കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിച്ചു കൊടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.