പരിശുദ്ധ ജപമാലയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളും 

ജപമാല മാസത്തിന് ഭക്ത്യാദരപൂര്‍വ്വം തുടക്കം കുറിച്ചിരിക്കുകയാണ് കത്തോലിക്കാ സഭ. പരിശുദ്ധ ദൈവമാതാവിന്റെ മുഖത്തേക്കു നോക്കി ജപമാല അര്‍പ്പിക്കുമ്പോള്‍, അനേകം ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ഓര്‍മ്മിക്കേണ്ട ഒരു കൂട്ടരുണ്ട്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍.

പരിശുദ്ധ അമ്മയും ശുദ്ധീകരണസ്ഥലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയമുണ്ടോ. എങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം, ബന്ധമുണ്ട്. തിരുസഭയുടെ ചരിത്രത്തിലെ വിശുദ്ധരുടെ ലേഖനങ്ങളും വാക്കുകളും അതിന് തെളിവും നല്‍കുന്നുണ്ട്.

മാതാവ് സ്വര്‍ഗാരോഹണം ചെയ്ത ദിവസമായ ആഗസ്റ്റ് 15 -ന് അനേകം ആത്മാക്കളെ പരിശുദ്ധ അമ്മ നിത്യതയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമെന്നൊരു വിശ്വാസം നമ്മുടെ വിശുദ്ധര്‍ പകര്‍ന്നുതന്നിട്ടുണ്ട്. നമ്മളില്‍ പലരും ഉത്തരീയം ധരിക്കാറുണ്ട്. വി. സൈമണ്‍ സ്‌റ്റോക്കിന് തവിട്ടുനിറത്തിലുള്ള ഉത്തരീയം മാതാവ് നല്കിയത് ഉത്തരീയം ധരിക്കാന്‍ മാത്രമല്ല മറിച്ച്, ഉത്തരീയം ധരിച്ച് വിശ്വാസജീവിതം നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മരണശേഷം അധിക സമയം ശുദ്ധീകരണസ്ഥലത്ത് ഉണ്ടാകേണ്ടിവരില്ല എന്നൊരു വാഗ്ദാനവും അമ്മ നല്‍കുന്നുണ്ട്.

സിയന്നയിലെ വി. ബെര്‍ണാര്‍ദിന്‍ പരിശുദ്ധ അമ്മയെ ശുദ്ധീകരണസ്ഥലത്തിന്റെ സ്ഥാനപതി എന്നാണ് വിശേഷിപ്പിക്കുന്നത്. വി. തെരേസക്കുണ്ടായ ദര്‍ശനത്തില്‍ കണ്ട കാഴ്ച ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടേതായിരുന്നു. അവിടെയുള്ള ആത്മാക്കള്‍ക്കു വേണ്ടി ജപമാല ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന അനുഭവമാണ് വിശുദ്ധ കണ്ടത്. ഓരോ ‘നന്മ നിറഞ്ഞ മറിയവും’ തണുത്ത ജലം തളിക്കുന്ന പോലുള്ള അനുഭവം അവിടെയുള്ളവര്‍ക്ക് നല്‍കുന്നു എന്നാണ് വിശുദ്ധ പറഞ്ഞത്.

വി. അല്‍ഫോന്‍സ് ലിഗോരിയും ഇക്കാര്യം പറയുന്നുണ്ട്: “മരിച്ചവര്‍ക്കു വേണ്ടി പരിശുദ്ധ ജപമാല ചൊല്ലുന്നത്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.” അതുകൊണ്ട് പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനകളില്‍, പ്രത്യേകിച്ച്, ജപമാലകളില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെയും ഓര്‍മ്മിക്കാം.