പരിശുദ്ധ ദൈവമാതാവിന്റെ ഏഴ് വ്യാകുലങ്ങള്‍ അനുഗ്രഹമാകുന്നതെങ്ങനെ?

“ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ 2:34-35).

ശിമയോന്റെ പ്രവചനം പോലെ, ഹൃദയം പിളര്‍ക്കപ്പെട്ട വ്യാകുലങ്ങള്‍ ജീവിതകാലം മുഴുവന്‍ മാതാവിനെ പിന്തുടര്‍ന്നു. ലോകരക്ഷകനായ ഈശോയുടെ പീഡാനുഭവത്തോടും അവിടുത്തെ രക്ഷാകരപദ്ധതിയോടും ഹൃദയം കൊണ്ടും ജീവിതം കൊണ്ടും ചേര്‍ന്നുനില്‍ക്കാനായി ദൈവം നിശ്ചയിച്ചവയായിരുന്നു ആ വ്യാകുലങ്ങള്‍. തന്റെ പ്രിയപുത്രന്റെ പീഡകള്‍ അല്‍പം പോലും കുറവില്ലാതെ ഹൃദയത്തില്‍ ആവാഹിച്ച ആ അമ്മയുടെ ഹൃദയവ്യഥകള്‍ ആത്മീയവളര്‍ച്ചക്കായി നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന സവിശേഷ ധ്യാനവിഷയമാണ്. ഈ വ്യാകുലങ്ങളുമായി സ്വയം താദാത്മ്യപ്പെട്ടുകൊണ്ടുള്ള പ്രാര്‍ത്ഥനയും സമര്‍പ്പണവും നമുക്ക് നേടിത്തരുന്നത് അളവില്ലാത്ത നന്മകളും അനുഗ്രഹങ്ങളുമാണ്.

പരിശുദ്ധ അമ്മയുടെ ഏഴ് വ്യാകുലങ്ങള്‍ ഇവയാണ്

1. ശിമയോന്റെ പ്രവചനം (ലൂക്കാ 2:34-35)
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13)
3. ഈശോയെ അവിടുത്തെ പന്ത്രണ്ടാം വയസില്‍ ദേവാലയത്തില്‍ വച്ച് കാണാതാകുന്നത് (ലൂക്കാ 2:43-45)
4. കുരിശു ചുമന്ന് കാല്‍വരിയിലേക്കു നീങ്ങുന്ന ഈശോയെ കാണുന്നത്.
5. ഈശോയുടെ കുരിശുമരണം (യോഹ. 19:25)
6. ഈശോയുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് (മത്തായി 27:57-59)
7. ഈശോയെ സംസ്‌കരിക്കുന്നത് (യോഹ. 19:40-42)

ഈ ഏഴ് വ്യാകുലങ്ങളുടെ സ്മരണയില്‍ മാതാവിനെ വണങ്ങുമ്പോള്‍ ‘വ്യാകുലമാതാവ്’ എന്ന നാമധേയമാണ് ഉപയോഗിക്കുന്നത്. വ്യാകുലമാതാവിന്റെ പ്രത്യേകമായ ജപമാലയില്‍ ഏഴ് വ്യാകുലങ്ങളെ പ്രത്യേകമാംവിധം അനുസ്മരിക്കുകയും അവയോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ക്രിസ്തുനാഥന്റെ പീഡാസഹനങ്ങളോട് മാതാവിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് വ്യാകുലമാതാവിനോടുള്ള വണക്കത്തിന്റെ എക്കാലത്തെയും പ്രസക്തി.

നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍, ഏറെ വേദനകളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോകുന്ന നമുക്കു മുന്നില്‍ വലിയ ആശ്രയമാണ് വ്യാകുലമാതാവ്. നമ്മുടെ വ്യാകുലതകളെ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വലിയ അനുഗ്രഹങ്ങള്‍ക്കു കാരണമാകുന്നു. ദൈവപദ്ധതിയുടെ ഭാഗമായ വേദനകളെ സന്തോഷത്തോടെ നിശബ്ദം സ്വീകരിച്ച അമ്മ നമ്മുടെ വേദനകളില്‍ ആശ്വാസം പകരുകയും ചെയ്യും.