തൂണിന്മേൽ മാതാവിന്റെ ചരിത്രം – പിലാർ മാതാവ്: മാതാവിന്റെ പേരിൽ സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യ ദേവാലയം

ഫാ. തോമസ്‌ കുഴിയടിച്ചിറ

‘തൂണിന്മേൽ മാതാവ്’ അഥവാ ‘വിര്‍ഹന്‍ ഡെല്‍ പിലാര്‍’ സ്പെയിന്‍കാര്‍ക്ക് എന്നും അത്ഭുതമാണ്‌, വിസ്മയമാണ്. ഫുട്ബോളും കാളപ്പോരും പോലെതന്നെ ഒരു തലമുറയുടെ വികാരവുമാണ്. സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കുടുതല്‍ വണങ്ങപ്പെടുന്ന മാതൃരൂപമാണ് സരഗോസ പട്ടണത്തിലെ പിലാര്‍ മാതാവ്.

കത്തോലിക്ക സഭയുടെ വിശ്വാസമനുസരിച്ചും, പതിമൂന്നാം നൂറ്റാണ്ടുമുതലുള്ള ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലും എ.ഡി 40 -ൽ വിശുദ്ധ യോഹന്നാന്റെ സഹോദരനും സെബദിയുടെ മകനും അപ്പോസ്തലനുമായ യാക്കോബ് ശ്ളീഹാ (സാന്റിയാഗോ-സ്പാനിഷ്‌ നാമം) സ്പെയിനിൽ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു തൊട്ടുപിന്നാലെ തന്റെ ദൗത്യത്തിനായി സാന്റിയാഗോയും കൂട്ടരും കന്യകാമറിയാത്തതിന്റെ അനുഗ്രഹം തേടി. എ.ഡി. 40, ജനുവരി 2 -ന് രാത്രി ശ്ളീഹായും ശിഷ്യന്മാരും എബ്രോ നദിക്കരയിൽ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ അവരുടെ ആഗ്രഹം സാധിച്ചുകൊണ്ട് പരിശുദ്ധ അമ്മ ശരീരത്തോടുകൂടി ഒരു മാർബിൾ തൂണിൽ നിൽക്കുന്നതും ദൈവ ദൂതന്മാർ ‘ആവേ മരിയ’ എന്ന് പാടുന്നതും അവര്‍ കേട്ടു. ഒപ്പം അവിടെ ഒരു പള്ളി പണിയണമെന്ന് അപ്പോസ്തലനോട് മാതാവ് ആവശ്യപ്പെട്ടു. കാലത്തിന്റെ അവസാനം വരെ ആ സ്ഥലം അവിടെ നിലനിൽക്കുകയും, ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും അവിടെ നടക്കുകയും ചെയ്യുമെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

മാതാവിന്റെ ആഗ്രഹപ്രകാരം എ. ഡി. 40 -ല്‍ തന്നെ അവര്‍ തൂണിന്മേൽ മാതാവിന്റെ (ഔര്‍ ലേഡി ഓഫ് ദി പില്ലർ) നാമത്തില്‍ ഒരു പള്ളി സ്ഥാപിച്ചു. 39 സെന്റിമീറ്റർ മാത്രം ഉയരമുള്ള തടിയിൽ തീർത്ത മാതാവിന്റെ ഈ രൂപം 1.8 മീറ്റർ ഉയരമുള്ള ഒരു സ്തംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മാതാവിന്റെ ഇടതു കൈയ്യില്‍ ഉണ്ണിശോയും കൂടെ ഒരു പ്രാവും ഉണ്ട്. പിലാർ മാതാവിന്റെ നാമധേയത്തിലുള്ള ഈ ബസിലിക്ക ഇന്ന് ലോകത്തിലെ തന്നെ വലിയ ഒരു തീർത്ഥാടന കേന്ദ്രം ആണ്. അതുപോലെ തന്നെ രണ്ടു കത്തീഡ്രലുകൾ ഒരേ സമയം സജീവമായി (active) സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക സ്ഥലം കൂടിയാണ് സരഗോസ.

ചരിത്ര വായനയില്‍ ഈ തീർത്ഥാടന കേന്ദ്രത്തിനും ഒരു അതിജീവനത്തിന്റെ കഥ പറയാനുണ്ട്. ഈ അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഹാഗിയ സോഫിയാ മുസ്ളിം മോസ്ക്ക് ആക്കി മാറ്റുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്പെയിനിലെ പല ദൈവാലയങ്ങളും ഇസ്ലാമിക അധിനിവേശത്തില്‍ മോസ്ക്കുകള്‍ ആയി മാറിയിരുന്നു. ‘റെകോണ്‍ക്വിസ്റ്റ’ കാലഘട്ടത്തില്‍ (711 – 1492) ഭരണം നടത്തിയ ഇസ്ലാമിക ഭരണാധികാരികള്‍ ഇവിടുത്തെ ക്രിസ്തീയ രൂപങ്ങളും, ദൈവാലയങ്ങളും തകര്‍ക്കുകയും, മുസ്ലിം മത പരിവര്‍ത്തനം നിര്‍ബന്ധമാക്കുകയും ചെയ്തു. 716 -ൽ മുസ്ലീങ്ങൾ സരഗോസ പട്ടണം പിടിച്ചടക്കുകയും ദേവാലയവും രൂപങ്ങളും തകര്‍ത്ത് അതിനെ മോസ്‌ക്ക് ആക്കി മാറ്റുകയും ചെയ്‌തു. വര്‍ഷങ്ങളോളം അടിച്ചമര്‍ത്തപ്പെട്ട ക്രിസ്താനികളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ഫലമായി അല്‍ഫോന്‍സോ രാജാവിന്റെ നേത്രത്വത്തില്‍ 1118 -ൽ പള്ളി തിരിച്ചു പിടിക്കുകയും, പിലാർ മാതാവിന്റെ രൂപം പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

1456 -ൽ കലിക്സ്റ്റസ് മൂന്നാമൻ മാർപ്പാപ്പ ഈ ആരാധനാലയം സന്ദർശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം വാഗ്ദാനം ചെയ്തു. സ്പെയിന്‍ പൂര്‍ണ്ണമായും കത്തോലിക്ക രാജ്യമായി പുനഃപ്രതിഷ്ടിക്കപ്പെട്ടത് 1492 -ല്‍ ഇസബെല്ല രാജ്ഞിയുടെയും ഫെര്‍ഡിനാന്‍ഡ് രണ്ടാമാന്‍റെയും നേതൃത്വത്തിലാണ്. 1640 -ൽ സരഗോസയിൽ കൂടിയ സഭയുടെ കൗൺസിൽ, ഒക്ടോബർ 12-ന് തിരുനാൾ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പാനിഷ് പട്ടാളക്കാരുടെ സ്വർഗീയ മധ്യസ്ഥയുടെ ഈ തിരുനാൾ ദിനം രാജ്യം മുഴുവൻ പൊതു അവധിയായി ആഘോഷിക്കുന്നു. 1723 -ൽ ഇന്നസെന്റ് പതിമൂന്നാമൻ മാർപ്പാപ്പ മാതാവിന്റെ ഈ പ്രത്യക്ഷീകരണം കാനോനികമായി അംഗീകരിച്ചു.

പ്രപഞ്ചത്തിൽ ‘അമ്മ’ എന്ന പദത്തിനേക്കാൾ മാധുര്യം ഉള്ള മറ്റൊരു വാക്ക് മലയാള ഭാഷയിൽ ഇല്ല. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈശോ കഴിഞ്ഞാൽ ഏറ്റവും കുടുതൽ വിലമതിക്കപ്പെടുന്ന വ്യക്തി പരിശുദ്ധ കന്യകാമറിയം ആണ്. അതുപോലെ തന്നെ ഏറ്റവും കൂടുതൽ ദൈവാലയങ്ങൾ കൂദാശ ചെയ്യപ്പെട്ടിരിക്കുന്നതും, കൂടുതല്‍ തീർത്ഥാടന കേന്ദ്രങ്ങളുള്ളതും മാതാവിന്‍റെ പേരിലാണ്. ഇതിൽ ഏറ്റവും കുടുതൽ പ്രസിദ്ധമായിട്ടുള്ളത് ലൂർദ്ദിലെയും, ഫാത്തിമയിലെയും, മെജുഗോറിയിലെയും തീർത്ഥാടനകേന്ദ്രങ്ങളാണ്. അതുപോലെ തന്നെ സ്പെയിനിലെ ഏറ്റവും വലിയ മാതാവിന്റെ തീർത്ഥാടന കേന്ദ്രമാണ് സരഗോസ.

കേരളത്തിലെ കുറവിലങ്ങാട്, ഒന്നാം നൂറ്റാണ്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ സഭയുടെ വിശ്വാസമനുസരിച്ച് മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ടത് സ്പെയിനിലെ എബ്രോ നദിക്കരയിലെ സരഗോസയിലാണ്. ഇവിടെയാണ് മാതാവിന്റെ പേരിൽ സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ലാറ്റിൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലും ഫിലിപ്പീൻസിലും ധാരാളം ദേവാലയങ്ങൾ തൂണിന്മേൽ മാതാവിന് സമർപ്പിക്കപ്പെട്ടവയാണ്. പിലാർ മാതാവിനോടുള്ള ജനങ്ങളുടെ ഭക്തി സ്പാനിഷുകാർക്കിടയിൽ മാത്രമല്ല ഇന്ന് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. സ്പെയിനിൽ തന്നെ ‘മരിയ’ എന്ന പേര് കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ‘പിലാര്‍’ എന്ന നാമധേയം ഇതിനുള്ള തെളിവ് ആണ്. ഇന്നും ആയിരക്കണക്കിനാളുകള്‍ അദ്ഭുതങ്ങളും രോഗശാന്തിയും തേടി സരഗോസയിലെ പിലാര്‍ മാതാവിനെ തേടിയെത്തുന്നുണ്ട്.

ഫാ. തോമസ്‌ കുഴിയടിച്ചിറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.