അമലോത്ഭവ മാതാവിന്റെ അത്ഭുത മെഡലിന് 192 വയസ്സ്

അമലോത്ഭവ മാതാവിന്റെ അത്ഭുത മെഡലിന് 192 വയസ്സ് തികയുകയാണ്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ അംഗമായ വി. കാതറിൻ ഡി ലേബോറിനാണ് അത്ഭുത മെഡലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പരിശുദ്ധ അമ്മയിൽ നിന്ന് ലഭിക്കുന്നത്. ഈ അത്ഭുത മെഡലിന്റെ ചരിത്രം എന്തെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1830 ജൂലൈ മാസത്തിലെ ഒരു രാത്രി. അന്ന് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിലെ നോവീസായ കാതറിന്റെ മുന്നിൽ ഒരു കുട്ടി പ്രത്യക്ഷപ്പെട്ട് ചാപ്പലിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ചാപ്പലിൽ, രാത്രിയുടെ നിശബ്ദതയിൽ, പരിശുദ്ധ അമ്മ കാതറിന് മുന്നിൽ പ്രത്യക്ഷയായി. മണിക്കൂറുകൾ അവർ തമ്മിൽ സംസാരിച്ചു. ഒടുവിൽ പിരിയാൻ നേരത്ത് കാതറിനെ ഒരു ദൗത്യം ഏൽപ്പിക്കുന്നതായി പരിശുദ്ധ അമ്മ വെളിപ്പെടുത്തി.

പിന്നീട് 1830 നവംബർ 27- നാണ് വീണ്ടും പരിശുദ്ധ അമ്മ സി. കാതറിന് വെളിപ്പെടുന്നത്. പരിശുദ്ധ അമ്മ ഒരു ഭൂഗോളത്തിന് മുകളിൽ നിൽക്കുന്നതായാണ് ഇത്തവണ സി. കാതറിൻ കണ്ടത്. അമ്മയുടെ കൈകളിൽ ഒരു സ്വർണ്ണ ഗോളം ഉണ്ടായിരുന്നു. മാത്രമല്ല, മറിയം ആകാശത്തേക്ക് നോക്കിയാണ് നിൽക്കുന്നത്. ഈ ഗോളം ലോകത്തെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ഫ്രാൻസിനെ. പരിശുദ്ധ അമ്മയുടെ കരങ്ങളിൽ നിന്ന് പ്രകാശ രശ്മികൾ പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് നൽകപ്പെടുന്ന കൃപയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പരിശുദ്ധ അമ്മ വെളിപ്പെടുത്തി.

സി. കാതറിന് ലഭിച്ച മൂന്നാമത്തെ ദർശനത്തിൽ പരിശുദ്ധ അമ്മയുടെ ചുറ്റും ഒരു വലയമുണ്ടായിരുന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: അമലോത്ഭവ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഈ ദർശനത്തിൽ കണ്ട കാര്യങ്ങൾ വച്ചുകൊണ്ട് ഒരു മെഡൽ നിർമ്മിക്കാൻ പരിശുദ്ധ അമ്മ സി. കാതറിനോട് ആവശ്യപ്പെട്ടു. ഈ മെഡൽ ധരിക്കുന്നവർക്ക് പരിശുദ്ധ അമ്മ കൃപകൾ വർഷിക്കുമെന്നും അമ്മ വെളിപ്പെടുത്തി. മരിക്കുന്നതിന് മുൻപ് തന്റെ കുമ്പസാരക്കാരനോട് സിസ്റ്റർ ഈ ദർശനങ്ങളെക്കുറിച്ചെല്ലാം വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത മെഡലിന്റെ രൂപഘടന തനിക്ക് 47 വർഷം മുൻപേ ലഭിച്ചിരുന്നു എന്ന കാര്യം മാത്രം വെളിപ്പെടുത്തിയില്ല.

അങ്ങനെ 1832- ൽ, സഭയുടെ അംഗീകാരത്തോടെ, പാരീസിൽ ഉടനീളം ഈ മെഡലുകൾ ആദ്യമായി വിതരണം ചെയ്യപ്പെട്ടു. ഈ മെഡലിന്റെ മുൻവശത്ത് ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി ഭൂഗോളത്തിൽ നിൽക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രമുണ്ട്. തനിക്കെതിരെ സാത്താന് അധികാരമില്ലെന്ന് തെളിയിക്കുന്നതിനായി പരിശുദ്ധ അമ്മ ഒരു സർപ്പത്തിന്റെ തലയും തകർക്കുന്നു. മറുവശത്ത് പന്ത്രണ്ട് അപ്പോസ്തലന്മാരുടെയും മുഴുവൻ സഭയുടെയും പ്രതീകമായി പന്ത്രണ്ട് നക്ഷത്രങ്ങളുണ്ട്. മാത്രമല്ല, പരിശുദ്ധ മറിയത്തെ സൂചിപ്പിക്കുന്ന ‘M’ എന്ന അക്ഷരമുണ്ട്. അതിൽ നിന്ന് ഒരു കുരിശ് പുറത്തേക്ക് വരുന്നു. അത് ക്രിസ്തുവാണ്. അതിൽ നിന്ന് അഗ്നിജ്വാലകൾ പുറപ്പെടുന്ന രണ്ട് ഹൃദയങ്ങളുമുണ്ട്.

ഈ ഭക്തി വളരെ വേഗത്തിൽ തന്നെ ഫ്രാൻസിലുടനീളം വ്യാപിച്ചു. ഈ മെഡലിലൂടെ ധാരാളം കൃപകൾ ലഭിക്കുന്നതിനാൽ വിശ്വാസികൾ ഈ മെഡലിനെ ‘അമലോദ്ഭവ മാതാവിന്റെ അത്ഭുത മെഡൽ’ എന്ന് വിളിക്കാൻ തുടങ്ങി. 1836- ലാണ് സി. കാതറിന്റെ ദർശനങ്ങൾ ആധികാരികമാണെന്ന് സഭ പ്രഖ്യാപിക്കുന്നത്. അത്ഭുത മെഡലിനോടുള്ള ഭക്തി ഇന്നും ഫ്രാൻസിൽ ശക്തമാണ്.

വി. കാതറിൻ ഡി ലേബോർ 1876- ലാണ് ഇഹലോക വാസം വെടിയുന്നത്. 1947-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഈ അത്ഭുത മെഡലിന്റെ തിരുനാൾ നവംബർ 27- നാണ് തിരുസഭയിൽ ആഘോഷിക്കുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.