ദേഷ്യം നിയന്ത്രിക്കാൻ ബൈബിളിൽ നിന്നും അഞ്ചു നിർദ്ദേശങ്ങൾ

ദേഷ്യം നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഭാരപ്പെടുത്തുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിച്ചേക്കാം. ബൈബിളിലെ ഏറ്റവും അടിസ്ഥാനപരമായ പ്രബോധനങ്ങളിൽ ഒന്ന്, കോപത്തിന്റെ ഭാരം നമ്മുടെ ജീവിതത്തിൽ തുടരാൻ നമുക്ക് കഴിയില്ല എന്നതാണ്. “കോപത്തിൽ നിന്ന് അകന്നു നിൽക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അത് തിന്മയിലേക്കു മാത്രമേ നയിക്കൂ” (സങ്കീ. 37:08).

അമിതഭാരമുള്ള എന്തെങ്കിലുമൊരു വസ്തു നമ്മുടെ ചുമലിൽ വച്ചുതരികയും നാളുകളോളം അത് ചുമക്കാൻ നാം നിർബന്ധിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? അത് നമ്മുടെ ശരീരത്തെ ക്ഷീണിപ്പിക്കുകയും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുപോലെ കോപത്തിന്റെ ഭാരം ചുമക്കുന്നത് നാം തുടരുകയാണെങ്കിൽ അത് ആത്മീയമായും വൈകാരികമായും നമ്മെ നശിപ്പിക്കും എന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. കോപം നമ്മെ തന്നെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. എന്റെ കോപത്താൽ ഏറ്റവും കൂടുതൽ കേടുപറ്റുന്നത് എനിക്ക് തന്നെയാണെന്ന് എന്ന വസ്തുത നാം മനസ്സിലാക്കണം.

നമ്മെ വേദനിപ്പിക്കുകയോ, നിരാശപ്പെടുത്തുകയോ, ശല്യപ്പെടുത്തുകയോ ചെയ്ത ഒരു വ്യക്തിയോട് നാം മനസ്സിൽ ദേഷ്യം വച്ചുപുലർത്തിയാൽ അത് നമ്മെ വൈകാരികമായി താഴേയ്ക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ, ആ വ്യക്തി അത് അറിയുന്നു പോലുമുണ്ടാകില്ല; മറ്റു ചിലപ്പോൾ അയാൾ അത് ശ്രദ്ധിക്കുന്നുമുണ്ടാകില്ല. എന്നാൽ അത് നമ്മുടെ സമാധാനം നശിപ്പിക്കുകയും നമ്മുടെ സന്തോഷം കവർന്നെടുക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും അത് നമ്മുടെ പ്രാർത്ഥനയെ തടസ്സപ്പെടുത്തുന്നു. ബൈബിൾ പറയുന്നത് കോപം ഒരു വിഡ്ഡിത്തമാണെന്നാണ്! “ക്ഷിപ്രകോപമരുത്; കോപം ഭോഷന്റെ മടിയിൽ വിശ്രമിക്കുന്നു” (സഭാ. 07:08).

നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ നാമെല്ലാവരും കോപം എന്ന വികാരത്തെ അഭിമുഖീകരിക്കുന്നവരാണ്. ആരെങ്കിലും നമ്മെ ആഴത്തിൽ വേദനിപ്പിക്കുകയോ, നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ കോപത്തിന്റെ പിടിയിൽ നിന്ന് നമുക്ക് എങ്ങനെ രക്ഷപെടാൻ സാധിക്കും?

നമ്മുടെ കോപം നിയന്ത്രിക്കാൻ നമ്മെ സഹായിക്കാൻ ബൈബിൾ വിശദമാക്കുന്ന അഞ്ചു ഘട്ടങ്ങൾ ഇതാ…

1. നിങ്ങളുടെ കോപത്തെ അംഗീകരിക്കുക 

“കോപിക്കാം; എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 04:26). നമ്മുടെ ജീവിതത്തിൽ ചില സമയങ്ങളിൽ നമുക്ക് ദേഷ്യം വരും എന്ന വസ്തുതയെക്കുറിച്ച് ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്. അനിവാര്യമായ ആ കോപം പാപമായിരിക്കണമെന്നില്ല. വാസ്തവത്തിൽ, ശരിയായി കൈകാര്യം ചെയ്യുമ്പോൾ, ഒരു നിശ്ചിത ഉദ്ദേശം നിറവേറ്റുന്ന നിയമാനുസൃതവും ദൈവദത്തവുമായ ഒരു ഉപകരണമായി നമുക്ക് കോപത്തെ കണക്കാക്കാം. അതുകൊണ്ട് ദേഷ്യപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ നമുക്ക് തെറ്റ് സംഭവിക്കുന്നത് കോപം നമ്മെ നിയന്ത്രിക്കാൻ അനുവദിക്കുമ്പോഴാണ്. നമ്മുടെ കോപത്തെ നിയന്ത്രിക്കാനുള്ള ആദ്യപടി നാം ശരിക്കും ദേഷ്യക്കാരാണെന്ന് അംഗീകരിക്കുക എന്നതാണ്.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ള വ്യക്തികളുടെ സാക്ഷ്യങ്ങൾ നാം കേട്ടിട്ടുണ്ട്. അവർ എത്ര ചികിത്സകൾ നടത്തിയാലും പ്രാർത്ഥിച്ചാലും അവരുടെ രോഗം സുഖപ്പെടാറില്ല. എന്നാൽ അവരെ ദ്രോഹിച്ചവരോടുള്ള നീരസവും ദേഷ്യവുമാണ് യഥാർത്ഥ പ്രശ്നമെന്നു മനസ്സിലാക്കി അത് ഒഴിവാക്കിയാൽ അവരുടെ അസുഖങ്ങൾ ഭേദപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും. അതിനാൽ നമ്മുടെ ജീവിതത്തിലെ അനിയന്ത്രിതമായ കോപത്തിന്റെ വിനാശകരമായ ശക്തിയെ മനസ്സിലാക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുക എന്നുള്ളതാണ് ആദ്യപടി. ഒരുപക്ഷേ, കോപത്തിനോട് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മോശപ്പെട്ട കാര്യം നമ്മുടെ മനസ്സിൽ നിന്ന് അതെല്ലാം അടിച്ചുവാരിക്കളഞ്ഞു അത് അവിടെ ഇല്ലെന്നു നടിക്കുക എന്നതാണ്.

2. ക്ഷമിക്കാൻ തയാറാകുക

കോപത്തിന്റെ മാരകമായ പിടിയിൽ നിന്ന് നാം പുറത്തു കടക്കാൻ ഒരേയൊരു മാർഗ്ഗമേ ഉള്ളൂ. എത്രയും വേഗം, നമ്മോട് തെറ്റ് ചെയ്തു എന്ന് കരുതുന്ന വ്യക്തിയോട് ക്ഷമിക്കാൻ നാം തയ്യാറാകണം. “ഒരാൾക്ക് മറ്റൊരാളോട് പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോട് ക്ഷമിച്ചതു പോലെ നിങ്ങളും ക്ഷമിക്കണം” (കൊളോ. 03:13).

ക്ഷമിക്കാൻ നാം ശ്രമിക്കുമ്പോൾ അവരെക്കുറിച്ച് എന്ത് തോന്നുന്നു എന്നതല്ല, മറിച്ച് അവർക്കെതിരെയുള്ള കുറ്റം ഇനിമേൽ ചെയ്യാതിരിക്കാൻ ഹൃദയം പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ്. ഇത് നമ്മുടെ ഇച്ഛാശക്തിയോടെയുള്ള ഒരു പ്രതിബദ്ധതയായി കണക്കാക്കുക.

3. ക്ഷമയുടെ പ്രാർത്ഥന പരിശീലിക്കുക

ക്ഷമിക്കാനുള്ള തീരുമാനമെടുത്താൽ അത് നാം നടപ്പിൽ വരുത്തേണ്ടതുണ്ട്. അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം കാത്തവിനോട് ക്ഷമാപണം നടത്തുക എന്നുള്ളതാണ്. “അനന്തരം അവർ സ്തെഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെ മേൽ ആരോപിക്കരുതേ. ഇതു പറഞ്ഞു അവൻ മരണനിദ്ര പ്രാപിച്ചു” (അപ്പ. 07:59).

നമ്മെ വേദനിപ്പിച്ച വ്യക്തിയോട് ക്ഷമിക്കാനുള്ള നമ്മുടെ തീരുമാനം ദൈവത്തോട് പ്രഖ്യാപിക്കുമ്പോൾ, നമ്മുടെ പ്രതിബദ്ധത അവിടുത്തോടാണെന്ന് നാം തിരിച്ചറിയുന്നു. അതിനാൽ തന്നെ നാം ദൈവവുമായി ക്ഷമയുടെ ഒരു ഉടമ്പടി സ്ഥാപിക്കുന്നു. തന്മൂലം ആത്മീയമായി ക്ഷമിക്കാനുള്ള വലിയ കൃപ അവിടുന്ന് നമുക്ക് നൽകും.

4. നിങ്ങളുടെ കോപം എന്ന വികാരത്തെ നിയന്ത്രിക്കാൻ ദൈവത്തോട് അപേക്ഷിക്കുക 

“ക്ഷമാശീലൻ കരുത്തനേക്കാളും മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചെടുക്കുന്നവനേക്കാളും ശ്രേഷ്ഠനാണ്” (സുഭാ. 16:32). ദൈവത്തിന്റെ സഹായമില്ലാതെ നമുക്ക് നമ്മുടെ മനസ്സിനെ പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കുകയില്ല. പ്രാർത്ഥനയിൽ നാം നമ്മുടെ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ദൈവത്തിങ്കലേക്കു സമർപ്പിക്കുമ്പോൾ അവിടുന്ന് നമുക്ക് സമാധാനം നൽകുന്നു. നമ്മെ വേദനിപ്പിക്കുന്ന വ്യക്തിയെക്കുറിച്ചുളള ചിന്ത കോപത്തിന്റെയും കയ്പ്പിന്റെയും എല്ലാ വികാരങ്ങളെയും പൂർണ്ണശക്തിയോടെ തിരികെ കൊണ്ടുവരുന്ന സമയങ്ങളുണ്ട്. എന്നാൽ ഓരോ തവണയും ഇത് സംഭവിക്കുമ്പോൾ നമുക്ക് ആ വികാരങ്ങൾ കർത്താവിങ്കലേക്ക് തിരികെ കൊണ്ടുപോകുകയും അവയ്ക്കു പകരം അവിടുത്തെ സമാധാനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം.

“ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞാതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവിൽ കാത്തുകൊള്ളും” (ഫിലി. 04: 6-7).

5. കോപം തുടരുന്നതിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക

നമ്മെ ഉപദ്രവിക്കുന്ന വ്യക്തികളെക്കുറിച്ചോ, ആ സംഭവത്തെക്കുറിച്ചോ ഉള്ള അതിരു കടന്നുളള ചിന്ത ആ വ്യക്തിയോടുള്ള നീരസം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. “ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂർണ്ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങൾ തകർക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടുന്നതിന് എല്ലാ ചിന്താഗതികളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു” (2 കോറി 10:05).

എല്ലാ ചിന്തകെളയും നാം ക്രിസ്തുവിന്റെ പക്കലേക്കാണ് കൊണ്ടുപോകേണ്ടത്. “അവസാനമായി സഹോദരരേ, സത്യവും വന്ദ്യവും നീതിയുകതവും പരിശുദ്ധവും സ്നേഹാർഹവും സ്ത്യുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുവിൻ” (ഫിലി. 04:08). നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുക. ദൈവം നമുക്കായി എന്തൊക്കെ ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കുക. സന്തോഷകരമായ ചിന്തകൾ ഹൃദയത്തിൽ നിറച്ചുകൊണ്ട് നിഷേധാത്മക ചിന്തകളെ പുറത്താക്കുക എന്നതാണ് അർത്ഥമാക്കുന്നത്.

വാഴപ്പഴത്തെക്കുറിച്ചു ചിന്തിക്കരുത്! നിങ്ങളുടെ മനസ്സിൽ ഇപ്പോൾ എന്താണുള്ളത്? ഒരുപക്ഷേ, മഞ്ഞ നിറത്തിലുള്ള മനോഹരമായ ഒരു വാഴപ്പഴം. വാഴപ്പഴത്തെക്കുറിച്ച് ചിന്തിക്കുന്നത് നിർത്താൻ നിങ്ങൾ എത്രത്തോളം നിങ്ങളോട് പറയുന്നുവോ അത്രത്തോളം ആ ചിത്രം നിങ്ങളുടെ മനസ്സിൽ ഉറച്ചു നിൽക്കും.

നിങ്ങൾ എപ്പോഴെങ്കിലും ഒരു വാഹനാപകടത്തിൽ പെട്ടിട്ടുണ്ടോ? ഒരു ട്രക്ക് നിയന്ത്രണം തെറ്റി നിങ്ങളുടെ വാഹനത്തിന്റെ മുൻപിലേക്ക് വരുമ്പോഴുള്ള നിങ്ങളുടെ നിസ്സഹായാവസ്ഥ. നിങ്ങൾ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്? ഒരുപക്ഷേ, വാഴപ്പഴത്തെക്കുറിച്ച് അല്ലായിരിക്കും. വാഹനാപകടത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോൾ വാഴപ്പഴത്തെ ഉപേക്ഷിച്ച് നിങ്ങൾ അതിലേക്കു പോയി. അതിനാൽ, നിങ്ങളുടെ ചിന്തകളെ നിയന്ത്രണത്തിലാക്കുന്നതിന്റെ രഹസ്യവും ഇതു തന്നെയാണ്.

നിങ്ങളുടെ മനസ്സ് കോപത്തിന്റെയും കയ്പ്പിന്റെയും ഒരേ പാതയിലേക്ക് വീഴുന്നുവെന്നു നിങ്ങൾ മനസ്സിലാക്കുമ്പോൾ ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന നിരവധി അനുഗ്രഹങ്ങളിലേക്ക് മനഃപൂർവം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. അനുഗ്രഹങ്ങളുടെ ഒരു ലിസ്റ്റ് എഴുതി സൂക്ഷിക്കുക. കൂടാതെ വിശുദ്ധ ഗ്രന്ഥം വായിക്കുക.

“പ്രകാശത്തിൽ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിന് കൃതജ്ഞത അർപ്പിക്കുവിൻ. അന്ധകാരത്തിന്റെ ആധിപത്യത്തിൽ നിന്ന് അവിടുന്ന് നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്ക് നമ്മെ ആനയിക്കുകയും ചെയ്തു. അവനിലാണല്ലോ നമുക്ക് രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്” (കൊളോ. 01: 12-14).

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.