
അനുദിന ജീവിതത്തിൽ വിവിധ പ്രതിസന്ധികൾ നേരിടുന്നവരാണ് നാം ഓരോരുത്തരും. ജീവിത ചുറ്റുപാടുകളായും കാലാവസ്ഥയുമായും നാം ബന്ധപ്പെടുമ്പോൾ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ നമുക്കു മുൻപേ വിശുദ്ധ ജീവിതം നയിച്ച് സ്വർഗത്തിൽ എത്തിച്ചേർന്ന വിശുദ്ധരുടെ സഹായം ദൈവം നമുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനുദിന ജീവിത പ്രതിസന്ധികളിൽ നമ്മെ സഹായിക്കുന്ന സ്വർഗീയ മധ്യസ്ഥരെ നമുക്കു പരിചയപ്പെടാം.
കീടനിയന്ത്രണങ്ങളുടെ സ്വർഗീയ മധ്യസ്ഥ
അസാധ്യകാര്യങ്ങളുടെയും കീടനിയന്ത്രണത്തിന്റെയും രക്ഷാധികാരിയായി സഭ വി. റീത്തയെ വണങ്ങുന്നു. അനുദിന സാഹചര്യങ്ങളിൽ നാം നേരിടുന്ന കൊതുക ശല്യത്തിൽ നിന്നും മറ്റു കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ വി. റീത്തയുടെ മാധ്യസ്ഥ്യം തേടാം.
ചർമ്മ രോഗങ്ങളുടെ സ്വർഗീയ മധ്യസ്ഥൻ
അകാരണമായ ചൂടിൽ സൂര്യതാപം ഏൽക്കുന്നവർക്ക് അപ്പസ്തോലനായ വി. ബർത്തലോമിയോയുടെ മാധ്യസ്ഥ്യം തേടാം. ത്വക്ക് രോഗങ്ങളിൽ നിന്നും സൗഖ്യം നൽകുന്ന വി. ബർത്തലോമിയോ ക്രിസ്തുവിന് വേണ്ടി തന്റെ തൊലിയുരിയപ്പെട്ട് ശിരഛേദനത്തിനിരയായി ജീവൻ സമർപ്പിച്ച വിശ്വസ്തനായ അപ്പസ്തോലനാണ്.
യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്വർഗീയ മധ്യസ്ഥൻ
യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്നേഹിതൻ ആയിരുന്ന വി. ഡോൺ ബോസ്കോ കുട്ടികളെ ആത്മീയമായും ബൗദ്ധികമായും നയിക്കാനുള്ള കൃപ പ്രധാനം ചെയ്യുന്നു. യുവജനങ്ങളെയും വിദ്യാർഥികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളും സംഘടനാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കാനും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കാനും വി. ഡോൺ ബോസ്കോയുടെ മാധ്യസ്ഥ്യം സഹായകരമാണ്.
സഞ്ചാരികളുടെ സ്വർഗീയ മധ്യസ്ഥൻ
നമ്മുടെ യാത്രകൾ ആരംഭിക്കുമ്പോഴും യാത്രാ പ്ലാനുകൾ തയ്യാറാക്കുമ്പോഴും സഞ്ചാരികളുടെ മധ്യസ്ഥനായ വി. ക്രിസ്റ്റഫറിനെ നമുക്ക് കൂട്ടുവിളിക്കാം. ഒരു നദി കുറുകെ കടക്കാൻ ഒരു കുട്ടിയെ അദ്ദേഹം സഹായിച്ചുവെന്നും പിന്നീട് ആ കുട്ടി സ്വയം ക്രിസ്തുവാണെന്ന് വെളിപ്പെടുത്തിയെന്ന ചരിത്രവും വി. ക്രിസ്റ്റഫറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.
തലവേദന ഉണ്ടാകുമ്പോൾ മാധ്യസ്ഥ്യം വഹിക്കേണ്ട വിശുദ്ധ
പ്രകൃതിയിലുള്ള നിരന്തര വ്യതിയാനങ്ങളും ജോലി മേഖലകളിലുള്ള സമ്മർദങ്ങളുമെല്ലാം തലവേദനയ്ക്ക് കാരണമാകാറുണ്ട്. തലവേദന ഉൾപ്പെടെ നിരവധി ശാരീരിക ക്ലേശങ്ങൾ അനുഭവിച്ചു വിശുദ്ധി പ്രാപിച്ച ആവിലായിലെ വി. തെരേസ തിരുസഭയിൽ തലവേദന ഉണ്ടാകുമ്പോൾ മാധ്യസ്ഥ്യം വഹിക്കേണ്ട വിശുദ്ധയായി അറിയപ്പെടുന്നു.
ധനകാര്യങ്ങളുടെ സ്വർഗീയ മധ്യസ്ഥൻ
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ധനകാര്യങ്ങളുടെ സ്വർഗീയ മധ്യസ്ഥനായ വി. മത്തായിയുടെ മാധ്യസ്ഥ്യം അപേക്ഷിക്കാം. നമ്മുടെ ചെലവുകൾ നിയന്ത്രിക്കാനും സാമ്പത്തിക മേഖല നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും നമ്മുടെ സാമ്പത്തിക ഉപദേഷ്ടാവായി വി. മത്തായിയെ സ്വീകരിക്കാം.
നീന്തൽക്കാരുടെയും ബോട്ടുയാത്രക്കാരുടെയും സ്വർഗീയ മധ്യസ്ഥൻ
ജലവുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾക്ക് പേരുകേട്ട വി. അഡ്ജ്യൂട്ടർ നീന്തൽക്കാരുടെയും ബോട്ട് യാത്രക്കാരുടെയും മധ്യസ്ഥനാണ്. ഒന്നാം കുരിശു യുദ്ധകാലത്ത് മുസ്ലീങ്ങളാൽ പിടിക്കപ്പെട്ട വിശുദ്ധൻ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതനായപ്പോൾ അവരിൽ നിന്നും നീന്തി രക്ഷപ്പെടുകയായിരുന്നു. ജലമാർഗമുള്ള യാത്രകളിലും ജലവമായി ബന്ധപ്പെട്ട അധ്വാനങ്ങളിലും നീന്തൽ പരിശീലന വേളകളിലുമെല്ലാം സുരക്ഷ ലഭിക്കുന്നതിനായി വിശുദ്ധന്റെ മാധ്യസ്ഥ്യം തേടാം.