ദുഃഖവെള്ളി എന്ന് മലയാളീകരിക്കപ്പെട്ട ഗുഡ് ഫ്രൈഡേ

കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം, ഗ്രിഗോറിയന്‍ കലണ്ടര്‍പ്രകാരം പാശ്ചാത്യരാജ്യങ്ങളാണ് ഗുഡ് ഫ്രൈഡേ എന്ന് പേരിട്ട് ആചരിച്ചു തുടങ്ങിയത്. ദൈവത്തിന്റെ ദിനം (God’s Friday) എന്ന പേരില്‍ നിന്നാണ് പിന്നീട് ഏറെ സാമാന്യവൽക്കരിക്കപ്പെട്ട ഗുഡ് ഫ്രൈഡേയിലേക്ക് ഈ ദിനം മാറപ്പെട്ടത്. വിശുദ്ധ വെളളി (Holy Friday), വലിയ വെളളി (Great Friday), ഈസ്റ്റര്‍ വെളളി (Easter Friday) എന്നിങ്ങനെ പല രാജ്യങ്ങളിൽ ദു:ഖവെള്ളി അറിയപ്പെടുന്നുണ്ട്. രാജ്യാന്തരതലത്തിൽ ഭൂരിഭാഗമിടങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗുഡ് ഫ്രൈഡേ എന്ന പദമാണ്.

യേശുക്രിസ്തുവിന്റെ ജനനവും പീഢാനുഭവവും ഉയിർപ്പും ചരിത്രവസ്തുതയാണ്. അതുകൊണ്ടു തന്നെ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അനുസ്മരണമായ ദുഃഖവെള്ളി, ലോകം മുഴുവന്റേയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ക്രിസ്തുവിന്റെ കുരിശുമരണം, ക്രിസ്ത്യാനികളുടെ രക്ഷക്കു വേണ്ടി എന്നതിനപ്പുറം ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകരസംഭവമായാണ് ദൈവശാസ്ത്രജ്ഞർ കരുതിപ്പോരുന്നത്. തിരുലിഖിതത്തിൽ സൂചിപ്പിച്ചിരിക്കുന്ന ‘അനേകരുടെ’ എന്ന പദപ്രയോഗം മതത്തിന്റെയും ജാതിയുടേയും രാജ്യത്തിന്റേയും അതിർത്തികൾക്കപ്പുറം വളർന്ന അവന്റെ രക്ഷാകരപദ്ധതി തന്നെയാണ്. “അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.” ദൈവത്തിന്റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ലെന്നു മാത്രമല്ല, “ക്രിസ്തുവിന്റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ഇപ്പോഴില്ല; ഇനി ഉണ്ടായിരിക്കുകയുമില്ല.” ജനനം മുതൽ ജീവിതത്തിലുടനീളം മരണത്തിൽ പോലും രക്ഷ പകർന്നുകൊണ്ട് കടന്നുപോകുന്ന ദൈവത്തിന്റെ ചിത്രമാണ് ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നത്.

കോഴികൂവലിലെ സാംഗത്യം

തോമസ് മെർട്ടൻ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം തീർത്തും നിസാരമായതിനു വേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്.” പീഢാനുഭവ ചരിത്രത്തിൽ ബലഹീനനായ പത്രോസിനെ നാം കാണുന്നുണ്ട്. എന്റെയും നിന്റെയും മനുഷ്യപ്രകൃതിയുടെ പൊതുസ്വഭാവമാണ് ആ തള്ളിപ്പറച്ചിൽ. അതുകൊണ്ടു തന്നെ പീഡാനുഭവ യാത്ര, പത്രോസിനെ സംബന്ധിച്ചിടത്തോളം കോഴി കൂവുന്നതു വരെ നിരാശാജനകമായിരുന്നു. എന്നാൽ, കോഴി കൂവിയപ്പോൾ പത്രോസിന് ദൈവികചിന്തയുണ്ടായി. ഒരുകണക്കിന്, അന്ന് കോഴി കൂവിയതു പോലും പത്രോസിനു വേണ്ടിയായിരുന്നു. അങ്ങനെ അയാൾ തിരിച്ചറിവുള്ളവനും പാപബോധമുള്ളവനുമായി മാറിയെന്നതിന് തിരുലിഖിതം സാക്ഷി. കോഴികൂകൽ പത്രോസിൽ ഒരു പുതിയ ആകാശം അനാവരണം ചെയ്യപ്പെടുന്നുണ്ട്. പ്രകാശത്തിന്റെയും ആത്മാവിന്റെയും ഭാഷ അവനിൽ ഇത് സ്വഭാവികമായും രൂപപ്പെടുത്തുന്നു. അന്നേ വരേയ്ക്കും പത്രോസ് ഈശോയെ നോക്കിക്കണ്ടത് കേവലം കണ്ണുകൾ കൊണ്ടു മാത്രമായിരുന്നു. എന്നാൽ കോഴി കൂകിയപ്പോൾ അവൻ ക്രിസ്തുവിനെ ഹൃദയം കൊണ്ടു തൊടുകയായിരുന്നു. നമ്മുടെ ജീവിതയാത്രയിലും കോഴിയുടെ കൂകലിനു കാത്തുനിൽക്കാതെ, ഈശോയുടെ നോട്ടവും നന്മയും തിരിച്ചറിയാൻ സാധിക്കണം. അധാർമ്മികതയും അതിക്രമവും ഏറിവരുന്ന ഇന്നിന്റെ സംസ്കാരത്തിൽ കോഴികൂവലുകൾ നന്മയിലേക്കുള്ള ഓർമ്മപ്പെടുത്തലുകളാണ്. ജി.കെ. ചെസ്റ്റർട്ടന്റെ വാക്കുകളിൽ, “ഏറ്റവും അപക്വമായ ഹൃദയത്തിന്‍ന്റെ ഉടമ വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും വേരുകളില്ലാത്ത വ്യക്തിയാണ്.”

പീഢാനുഭവത്തിന്റെ ഓർമ്മപ്പെടുത്തൽ

തന്നെ ഒറ്റിക്കൊടുത്തവർക്കു വേണ്ടിയും ഒറ്റപ്പെടുത്തിയവർക്കു വേണ്ടിയും ക്രിസ്തു നടത്തിയ യാത്രയായിരുന്നു അത്. മനുഷ്യനെ സ്നേഹിച്ചുവെന്നതിന്റെ പേരിൽ മാത്രം കുരിശു വഹിക്കേണ്ടി വന്ന പീഡാനുഭവയാത്ര. കൊടുംകുറ്റവാളികൾക്കു മാത്രം വിധിക്കപ്പെട്ടിരുന്ന കുരിശുമരണമെന്ന വധശിക്ഷയെ “എല്ലാം പൂര്‍ത്തിയായി” എന്ന ഒരൊറ്റ വാക്കിലൊതുക്കി, പിതാവിന്റെ കരങ്ങളില്‍ തന്നെ ഏൽപിച്ചവരെ സമർപ്പിച്ച ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും യാത്ര.

കുരിശിന്റെറെ വഴി നമ്മിൽ അവശേഷിപ്പിക്കുന്ന നിരവധി ഓർമ്മപ്പെടുത്തലുകളുണ്ട്. ക്രിസ്തു കടന്നുപോയ വഴികളിലൂടെ ആത്മീയമായി നാം കടന്നുപോകുമ്പോൾ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കിയെടുക്കാൻ സാധിക്കും. സ്വന്തം ഇരിപ്പിടം ഉറപ്പാക്കാന്‍ കൈകഴുകിയ പീലാത്തോസിനെയും തള്ളിപ്പറഞ്ഞ പത്രോസിനെയും കാൽവരിയിലെ കള്ളന്മാരേയും ചാട്ടവാറു കൊണ്ടടിച്ച പട്ടാളക്കാരനേയും പീഢനകാഴ്ചകളിൽ മതിമറന്ന് ക്രിസ്തുവിനെ കളിയാക്കിയവരേയും ഒക്കെ നാം കാണുമ്പോൾ നമ്മുടെ ഉള്ളിന്റെയുളളിലെ സമാനമനസ്കരേയും നാം കാണാതെപോകരുത്. നന്മയുടെയും ആത്മസമർപ്പണത്തിന്റേയും മൂർത്തിമദ്ഭാവങ്ങളായ കരുണയുടെ ആൾരൂപമായ ശിമയോനെയും ബുദ്ധിമുട്ടുന്നവന്റെ വേദന മനസ്സിലാക്കി കരഞ്ഞ ജറുസലേം സ്ത്രീകളെയും അവിടെ നമുക്ക് കാണാം.ആരും ആശ്വസിപ്പിക്കാനില്ലാതെ സഹിക്കുന്ന സഹനത്തിന് രക്ഷയുണ്ടെന്നാണ് പീഢാനുഭവവും ദുഃഖവെള്ളിയും നമ്മെ ഓർമിപ്പിക്കുന്നത്. ജീവിതത്തിൽ മറ്റുള്ളവർക്കു വേണ്ടി സമയം കണ്ടെത്താനും മറ്റുള്ളവരുടെ വേദനകളെ പരിഗണിക്കാനും ഏവർക്കും സമീപസ്ഥനാകാനുമുള്ള  ഓർമ്മപ്പെടുത്തലുമായാണ് ക്രിസ്തു ഈ ദിവസം കടന്നുപോകുന്നത്.

സത്യത്തെ സ്വന്തം കൈ കൊണ്ട്  കഴുകിക്കളഞ്ഞ പീലാത്തോസ്

സത്യം കൃത്യമായറിഞ്ഞിട്ടും പീലാത്തോസ് സ്വയം കൈ കഴുകി. ജനത്തിനു മുൻപിൽ മാന്യനാകാൻ വേണ്ടി ക്രിസ്തുവിനെ നിർവചിക്കാവുന്ന നീതിയെയും സത്യത്തെയും സ്നേഹത്തെയും നന്മയെയുമാണ് യഥാർത്ഥത്തിൽ പീലാത്തോസ് കഴുകിക്കളഞ്ഞത്. സത്യത്തിനു നേരെ മുഖം തിരിക്കുന്നതും നിസ്സംഗത കാണിക്കുന്നതും ആൾക്കൂട്ടത്തിന്റെ ശബ്ദം മാത്രം കേട്ട് വിചാരണ നടത്തുന്നതും എല്ലാക്കാലത്തും ആവർത്തിക്കപ്പെടുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. സത്യവും അസത്യവും തുലാഭാരം നടത്തപ്പെടുന്ന ഈ കാലഘട്ടത്തിൽ സത്യത്തിന്റെ വാഹകരാകാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം ഇത്തരുണത്തിൽ നാം മനസ്സിലാക്കിയേ തീരൂ.

കരുണയുടെ മുഖവുമായി ശിമയോൻ

ക്രിസ്തുവിനെ ശിമയോൻ കണ്ടുമുട്ടുന്നത് എത്രയോ വികാരനിർഭമായാണ് ബൈബിൾ ആഖ്യാനം ചെയ്തിട്ടുള്ളത്. ആൾക്കൂട്ട വിചാരണയിൽ നികൃഷ്ടനെന്നും ദൈവദൂഷണം പറഞ്ഞവനെന്നും കുറ്റവാളിയെന്നും മുദ്ര ചെയ്യപ്പെട്ട ക്രിസ്തുവിനെ കരുണാർദ്രസ്നേഹത്തോടെയാണ് അൽപം നിർബന്ധബുദ്ധ്യാലാണെങ്കിലും ശിമയോൻ സഹായിക്കുന്നത്. പ്രകടനപരതയ്ക്ക‌പ്പുറം നമ്മുടെ സത്ക്കർമ്മങ്ങൾക്ക് കരുണയുടെയും ത്യാഗത്തിന്റെയും നന്മയുടേയും ചൈതന്യമുണ്ടാകണമെന്ന് ശിമയോൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പരിഹസിക്കുന്നവരുടെയും തെറ്റിദ്ധരിക്കപ്പെടുന്നവരുടെയും വിമർശിക്കുന്നവരുടെയും പുച്ഛിക്കുന്നവരുടെയും തള്ളിപ്പറയുന്നവരുടെയും മധ്യത്തിലൂടെ നടക്കുമ്പോൾ വീണുപോവുക സ്വാഭാവികമാണ്. പക്ഷേ അവിടെ വീണവർക്ക് കൈ കൊടുക്കുവാനും അവരെ പ്രത്യാശയിലേക്കു നയിക്കാനും നാം കരുതിയിരിക്കേണ്ടതുണ്ട്. കരുണയുടെ നിർവചനത്തിൽ വ്യക്തിവ്യത്യാസമില്ലാത്തതും തരംതിരിവില്ലാത്തതുമായ കർമ്മം ചേരുമ്പോഴാണ് യഥാർത്ഥ കരുണ സ്ഫുടം ചെയ്യപ്പെടുകയുള്ളൂ. മറ്റാരും അറിയരുതേയെന്ന പ്രാർത്ഥനയോടെ ദൈവാലയ ഭണ്ഡാരത്തിൽ സമർപ്പിക്കപ്പെട്ട വിധവയുടെ വെള്ളിക്കാശിന് ദൈവം നൽകിയ വിലയാണ് യഥാർത്ഥ കരുണ. ആരാലും സന്നദ്ധരാകാത്തിടത്ത് വിമർശനങ്ങളെ വകവയ്ക്കാതെ സ്വയം തയ്യാറായി ക്രിസ്തുവിനെ സഹായിച്ച ശിമയോനും ഈ കരുണാർദ്രതയുടെ പ്രതീകമാണ്.

തിരുമുഖത്തെ പുൽകിയ വെറോനിക്ക 

ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ച അന്നു മുതൽ വെറോനിക്കായുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന രൂപം വിരൂപമാക്കപ്പെട്ടിരിക്കുന്നു. കടുത്ത ആത്മവേദനയിലാവണം അവൾ തന്റെ തൂവാലയെടുത്തത്. വീഴ്ചകളിലും ചാട്ടവാറടികളിലും വിരൂപമാക്കപ്പെട്ട ആ തിരുമുഖത്തെ വാത്സല്യസഹജമായ സ്നേഹത്തോടെ തൂവാലയിൽ ഒപ്പിയെടുക്കുകയായിരുന്നു. ക്രിസ്തുവിന്റെ മുഖം അനാവരണം ചെയ്യുന്നതിൽ ആ തൂവാലക്കുണ്ടായ പ്രാധാന്യം ചരിത്രവസ്തുതയാണ്.

അത്യാഗ്രഹങ്ങൾക്കും ആനുകൂല്യങ്ങൾക്കും താൽക്കാലികമായി ലഭിക്കുന്ന അംഗീകാരത്തിനും വേണ്ടി നിലപാടുകളെടുക്കുന്ന ഈ ലോകത്ത്, ആരാലും പരിഗണിക്കപ്പെടാനില്ലാത്തവരെയും കാഴ്ചക്കാരായി മാറിനിൽക്കാതെ പരിഗണിക്കാനും ശുശ്രൂഷിക്കാനും അവൾ കാണിച്ച ആർജ്ജവം തന്നെയാണ്, വെറോനിക്ക എന്ന കുലീനസ്ത്രീ നമ്മില്‍ അവശേഷിപ്പിക്കേണ്ട വികാരം.

സഹനത്തിന്റെ അമ്മ

സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വികാരങ്ങൾ മൗനത്തിലൂടെ ശബ്ദിക്കപ്പെടുന്ന കാഴ്ചയാണ് പീഢാനുഭവ ചരിത്രത്തിൽ അമ്മയുടെയും മകന്റെയും കണ്ടുമുട്ടൽ. പീഢാനുഭവയാത്രയിലുടനീളം മനോവേദന തീർത്ത സാന്നിധ്യം കൊണ്ട് മനനം ചെയ്യപ്പെട്ട മൗനമായിരുന്നു മറിയത്തിന്റേത്. തനിക്ക് പ്രിയങ്കരനും വിലപ്പെട്ടവനുമായ ഈശോയെ, യാതനകളേറ്റ് ലോകത്തിനു നിൽകുമ്പോൾ പരിശുദ്ധ മറിയം കാണിച്ച സമർപ്പണം മാത്രം മതി അവളിലെ സഭയുടെ മദ്ധ്യസ്ഥയെ കാണാൻ.

അവളുടെ നന്മ നമ്മുടെ ജീവിതത്തിലും ഒരു പ്രതീകമായി നിലകൊളേളണ്ടിയിരിക്കുന്നു. സ്വപുത്രന്റെ പീഢാനുഭവത്തിലും കുരിശുമരണത്തിലും നാം കാണുന്ന മറിയത്തിന്റെ ഭാഷ പോലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന മൗനമായിരുന്നു. ആ മൗനത്തിന്റെ ഭാഷയും നാം പഠിക്കേണ്ടിയിരിക്കുന്നു.

കാൽവരിയിലെ കള്ളന്മാർ

സഹനത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന സമയത്തു പോലും ക്രിസ്തുവിനെ അവഹേളിക്കുന്ന കള്ളനും അനുതാപത്തോടെ പറുദീസായിൽ പ്രവേശനം ലഭിക്കുന്ന കള്ളനുമാണ് ആ ദിവസത്തെ മറ്റു പ്രധാന വ്യക്തികൾ. ദൈവരാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കേണമേ എന്ന നല്ല കളളന്റെ പ്രാർത്ഥന തന്നെയാണ് ദുഃഖവെള്ളി കണ്ട ഏറ്റവും മനോഹരമായ പ്രാർത്ഥന. താൻ തെറ്റ് ചെയ്തതിനു ശിക്ഷ അനുഭവിക്കുമ്പോൾ തെറ്റ് ചെയ്യാതെ ശിക്ഷയനുഭവിക്കുന്ന നീതിമാനായ ഒരു ദൈവമാണ് തന്റെ കൂടെ കുരിശിൽ കിടക്കുന്നതെന്നത് അയാളിൽ തീർത്ത മന:സ്താപമാണ് അയാൾക്ക് സംലഭ്യമായ പറുദീസ. സ്വന്തം കുറവുകളുടെ മേൽ ക്രിസ്തുവിനെ “നീതിമാൻ എന്തിന് സഹിക്കുന്നു” എന്നു പറഞ്ഞ് വെല്ലുവിളിച്ച മറ്റേ കള്ളനും ഇന്നിന്റെ പ്രതീകമാണ്.

സ്നേഹത്തിന്റെ മുഖം

ദുഃഖവെള്ളിയില്‍ ഏറ്റവും കൂടുതൽ മനനം ചെയ്യപ്പെടേണ്ട ചിന്തയാണ് സ്നേഹം. ഇതിന്റെ വാക്കുകൾക്കപ്പുറമുള്ള പ്രായോഗികതയായിരുന്നു ക്രിസ്തുവിന്റെ പീഡാനുഭവം. ഒരു കാലത്തെ നിർവ്വചിക്കുന്നതിൽ ആ സ്നേഹം വലിയ പങ്കു വഹിച്ചു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏവരും ഇഷ്ടപ്പെടുന്ന ഇക്കാലയളവിൽ സ്നേഹത്തിന്റെ അവിഭാജ്യതയായിരുന്ന ക്രിസ്തു തീർത്ത പാതകൾ നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകണം. അപ്പോഴേ നമ്മുടെ മുഖത്തിന് സ്നേഹത്തിന്റെ പ്രസരിപ്പ് അവകാശപ്പെടാനാകൂ. ഈ ദുഃഖവെള്ളി അതിനുള്ള പ്രചോദനമേകട്ടെ.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.