പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 266 – ഫ്രാൻസിസ് (1936 –    )

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ തലവനുമാണ് ഫ്രാൻസിസ് മാർപാപ്പ. എ.ഡി. 1540-ൽ സ്ഥാപിതമായതും സഭയിലെ ഇന്നത്തെ ഏറ്റവും വലിയ സന്യാസ സമൂഹവുമായ ഈശോസഭയയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും അമേരിക്കൻ വൻകരകളിൽ നിന്ന് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആളുമാണ് ഫ്രാൻസിസ് മാർപാപ്പ.

തെക്കേ അമേരിക്കയിലെ അർജന്റീനയിലെ ബോനസ് ഐറസ് നഗരത്തിലുള്ള ഫ്ലോറസ് എന്ന സ്ഥലത്ത് 1936 ഡിസംബർ 17-ന് മാരിയോ ഹൊസെ ബെർഗോഗ്ലിയോയുടെയും റെജീന മരിയ സിവോറിയുടെയും അഞ്ചു മക്കളിൽ ഒന്നാമനായി ജോർജ് (Jorge) ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇറ്റലിയിലെ മുസ്സോളിനിയുടെ ഏകാധിപത്യത്തിൽ നിന്നും രക്ഷ നേടുന്നതിനായി അർജന്റീനയിലേക്ക് കുടിയേറിയവരാണ്. മാർപാപ്പയുടെ സഹോദരങ്ങളിൽ മരിയ എലേന എന്ന ഒരു സഹോദരി മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.

വി. ഡോൺ ബോസ്‌കോ സ്ഥാപിച്ച സലേഷ്യൻ സന്യാസികൾ നടത്തുന്ന വീടിനടുത്തുള്ള സ്‌കൂളിലാണ് ബെർഗോഗ്ലിയോ തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് ഹിപ്പോളിത്തോ റിഗോയൻ സ്‌കൂളിൽ നിന്നും കെമിക്കൽ ടെക്നീഷ്യൻ ഡിപ്ലോമ നേടിയ ശേഷം കെമിക്കൽ സാങ്കേതിക വിദഗ്ദ്ധനായി ഒരു സ്ഥാപനത്തിൽ ജോലിക്കു കയറുകയും ചെയ്തു. കുറച്ചു നാളുകൾ ഒരു സ്ഥാപനം വൃത്തിയാക്കുന്നതിന്റ മേല്‍നോട്ടക്കാരന്‍ (janitor) ആയും ജോലി ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ബെർഗോഗ്ലിയോക്ക് 21 വയസുള്ളപ്പോൾ ന്യൂമോണിയ ബാധിച്ച് മരണാസന്നനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാകാലയളവിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുകയുണ്ടായി.

ബെർഗോഗ്ലിയോയുടെ സന്യാസ ദൈവവിളിക്കു കാരണമായി പറയപ്പെടുന്നത് അദ്ദേഹം നടത്തിയ ഒരു ദേവാലയസന്ദർശനമാണ്. വസന്തകാലം ആഘോഷിക്കുന്നതിനായി കൂട്ടുകാരോടൊത്ത് പോകുന്ന വഴിയിൽ ഒരു പള്ളിയിൽ കുമ്പസാരിക്കാൻ കയറി. കുമ്പസാരിപ്പിച്ച അച്ചന്റെ ഉപദേശങ്ങളും വിശുദ്ധിയുടെ നൈർമ്മല്യവും ചെറുപ്പക്കാരനായ ബെർഗോഗ്ലിയോയെ വളരെയധികം സ്വാധീനിച്ചു. തനിക്ക് ഭൗതീകജീവിതത്തിൽ ലഭിക്കുന്ന ആനന്ദത്തേക്കാൾ അഭിലഷണീയം ദാരിദ്ര്യവും ദൈവീക സംസർഗ്ഗവുമാണെന്ന തിരിച്ചറിവിൽ സന്യാസത്തെ ആശ്ലേഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.

അതിരൂപതയുടെ അമലോത്ഭവ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ച ബെർഗോഗ്ലിയോ മൂന്നു വർഷത്തിനു ശേഷം 1958 മാർച്ച് 11-ന് ഈശോസഭയിലെ നോവിസ്‌ ആയി പഠനം തുടരുന്നു. ഇക്കാലയളവിൽ മനസിൽ ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയപ്പോൾ ദൈവവിളിയെക്കുറിച്ച് തനിക്ക് സംശയം ഉദിച്ചെങ്കിലും ആ ചിന്ത താൽക്കാലികമായിരുന്നെന്നും പിന്നീടൊരിക്കലും അത്തരം ചിന്തകൾ അലട്ടിയിട്ടില്ലെന്നും മാർപാപ്പ പറഞ്ഞിട്ടുണ്ട്. ബെർഗോഗ്ലിയോയെ അധികാരികൾ ചിലിയിലെ സാന്തിയാഗോ ആശ്രമത്തിൽ അയക്കുകയും അവിടുത്തെ പഠനത്തിനു ശേഷം 1960 മാർച്ച് 12-ന് അദ്ദേഹം ആദ്യവൃതവാഗ്ദാനം നടത്തുകയും ചെയ്തു. പിന്നീട് സാൻ മിഗുവേലിലുള്ള മാക്സിമോ ദേ സാൻ ഹൊസെ കോളേജിൽ നിന്നും തത്വശാസ്ത്രത്തിൽ ലൈസിൻഷിയേറ്റ് ബിരുദം സമ്പാദിച്ചു. സാന്ത ഫെ നഗരത്തിലെ അമലോത്ഭവ കോളേജിലും ബോനസ് ഐറസിലെ എൽ സാൽവദോർ കോളേജിലും സാഹിത്യ-മനഃശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കാൻ അധികാരികൾ അദ്ദേഹത്തെ നിയോഗിച്ചു.

ബെർഗോഗ്ലിയോ തന്റെ ദൈവശാസ്ത്ര പഠനം സാൻ മിഗുവേൽ ജെസ്വിട്ട് കോളേജിൽ പൂർത്തിയാക്കുകയും 1969 ഡിസംബർ 13-ന് ആർച്ചുബിഷപ്പ് റമോൻ ഹൊസെ കസ്തല്ലാനോ അദ്ദേഹത്തെ ഒരു വൈദികനായി അഭിഷേകം ചെയ്യുകയും ചെയ്തു. അതിനു ശേഷം ഈശോസഭയിലെ നോവിസ് മാസ്റ്ററായും ദൈവശാസ്ത്ര അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ഈശോസഭാ സന്യാസ സമൂഹത്തിലെ അവസാനഘട്ട പരിശീലനം പൂർത്തിയാക്കി 1973 ഏപ്രിൽ 22-ന് അദ്ദേഹം തന്റെ നിത്യവ്രതവാഗ്ദാനം നടത്തി. അധികം താമസിയാതെ ബെർഗോഗ്ലിയോ അർജന്റീനയിലെ ഈശോസഭാ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ ആയി നിയമിക്കപ്പെട്ടു.

പ്രൊവിൻഷ്യലിന്റെ സേവനകാലാവധി പൂർത്തിയായപ്പോൾ ബെർഗോഗ്ലിയോയെ അദ്ദേഹം പഠിച്ച സാൻ മിഗുവേൽ കോളേജിലെ തത്വശാസ്ത്ര-ദൈവശാസ്ത്ര വിഭാഗത്തിന്റെ റെക്ടറായി അധികാരികൾ നിയമിച്ചു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപായി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുകയെന്ന ഉദ്ദേശത്തോടെ 1980-ൽ ഡബ്ലിനിലുള്ള ജെസ്വിട്ട് സെന്ററിൽ അദ്ദേഹം മൂന്നു മാസം താമസിച്ചു. ആറു വർഷത്തെ സേവനത്തിനു ശേഷം സാൻ മിഗുവേൽ കോളേജിൽ നിന്നും വിരമിക്കുകയും ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ഗയോർഗൻ തത്വശാസ്ത്ര-ദൈവശാസ്ത്ര സ്‌കൂളിൽ പ്രസിദ്ധ ഇറ്റാലിയൻ-ജർമ്മൻ ദൈവശാസ്ത്രജ്ഞൻ റൊമാനൊ ഗ്വർഡീനിയുടെ രചനകളെ അടിസ്ഥാനപ്പെടുത്തി ഒരു പ്രബന്ധം തയ്യാറാക്കാനുള്ള പരിശ്രമം തുടങ്ങുകയും ചെയ്തു. എന്നാൽ പഠനം പൂർത്തിയാകുന്നതിനു മുൻപ് അർജന്റീനയിലെ കൊർദോബ ഈശോസഭ ആശ്രമത്തിലെ ആത്മീയപിതാവായി അദ്ദേഹത്തെ അധികാരികൾ നിയോഗിച്ചു.

1992-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ബെർഗോഗ്ലിയോയെ ബോനസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു. അഞ്ചു വർഷം ഈ സ്ഥാനത്ത് സ്തുത്യർഹമായി സേവനം ചെയ്ത ബെർഗോഗ്ലിയോയെ 1997 ജൂൺ മൂന്നിന് അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി നിയമിച്ചു. അടുത്ത വർഷം ബോനസ് ഐറിസ് അതിരൂപതയുടെ ആർച്ചുബിഷപ്പായി അദ്ദേഹം ചുമതല ഏറ്റെടുത്തു. തന്റെ ഭരണകാലയളവിൽ ധാരാളം ഇടവകകൾ പുതിയതായി ആരംഭിക്കുകയും അതിരൂപതയുടെ ഭരണസംവിധാനം അദ്ദേഹം ഉടച്ചുവാർക്കുകയും ചെയ്തു. ആർച്ചുബിഷപ്പ് ബെർഗോഗ്ലിയോ പ്രത്യേക താല്പര്യമെടുത്ത് ബോനസ് ഐറിസിലുള്ള ചേരികളിലെ സഭയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇവിടെ സേവനം ചെയ്യുന്ന വൈദികരുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചു. തത്ഫലമായി അദ്ദേഹത്തിന് ‘ചേരിയുടെ ബിഷപ്പ്’ എന്ന ഒരു ചെല്ലപ്പേര് ഇക്കാലയളവിൽ ലഭിക്കുകയും ചെയ്തു.

ബോനസ് ഐറിസ് ആർച്ചുബിഷപ്പ് ആയിരിക്കുന്ന സമയത്ത് അവിടെയുള്ള ബിഷപ്പുമാരില്ലാത്ത പൗരസ്ത്യസഭകളുടെ ചുമതലക്കാരനായും അദ്ദേഹത്തെ മാർപാപ്പ നിയമിച്ചു. ഇത് പൗരസ്ത്യസഭകളെ അടുത്തറിയുന്നതിനുള്ള ഒരു അവസരം ആർച്ചുബിഷപ്പ് ബെർഗോഗ്ലിയോക്കു നല്കി. ആർച്ചുബിഷപ്പ് എന്ന നിലയിൽ എല്ലാ വർഷവും പെസഹാ വ്യാഴാഴ്ച്ച നടത്താറുള്ള കാൽകഴുകൽ ശുശ്രൂഷ ബോനസ് ഐറിസ് നഗരത്തിലെ ജയിലിലും ആശുപത്രികളിലും ചേരികളിലും നടത്തുന്ന പതിവും ബെർഗോഗ്ലിയോ ആരംഭിച്ചു.

2001 ഫെബ്രുവരി 21-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചു. ബെർഗോഗ്ലിയോയുടെ ലളിതജീവിതവും സഭയുടെ പ്രബോധനങ്ങളോടുള്ള വിശ്വസ്തതയും സാമൂഹിക പ്രതിബന്ധതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അർജന്റീനയിലുടനീളം വലിയ സ്വീകാര്യത നേടിക്കൊടുത്തു. അവിടെയുണ്ടായിരുന്ന ആർച്ചുബിഷപ്പിന്റെ വലിയ ഭവനം ഉപേക്ഷിച്ച് ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. അതുപോലെ തന്നെ ബോനസ് ഐറിസ് നഗരത്തിലെ പൊതുഗതാഗത സംവിധാനമാണ് യാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത്. മിക്കപ്പോഴും തനിക്കാവശ്യമായ ഭക്ഷണം അദ്ദേഹം തന്നെയാണ് പാചകം ചെയ്തിരുന്നതും.

2005 നവംബർ 8-ന് അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിഡന്റായി ബെർഗോഗ്ലിയോയെ ബിഷപ്പുമാർ തിരഞ്ഞെടുത്തു. മൂന്നു വർഷ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും ഒരിക്കൽ കൂടി ആ പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയിലെ കുപ്രസിദ്ധ ജൂന്റ ഭരണകാലത്തു നടന്ന ‘വൃത്തികെട്ട യുദ്ധത്തിൽ’ (Dirty War) ജനങ്ങൾക്കു നേരെ നടന്ന അതിക്രമങ്ങളെ ശരിയായി പ്രതിരോധിക്കുന്നതിന് സഭയ്ക്ക് സാധിക്കാതിരുന്നതിന് അദ്ദേഹം എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് എന്ന നിലയിൽ മാപ്പു ചോദിച്ചു.

2005 ഏപ്രിൽ മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാൾ ബെർഗോഗ്ലിയോ മാർപാപ്പയുടെ ശവസംസ്കാര ശുശ്രൂഷയിലും അതിനു ശേഷം നടന്ന കർദ്ദിനാളന്മാരുടെ സംഗമത്തിലും സംബന്ധിച്ചു. ഈ കോൺക്ലേവിൽ വച്ചാണ് കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗർ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. റോമിൽ വരുന്ന സമയങ്ങളിലൊക്കെ കമ്യൂണിയോ ആൻഡ് ലിബറേഷൻ എന്ന കത്തോലിക്കാ ഭക്തസംഘടനയിലെ അംഗമായിരുന്ന കർദ്ദിനാൾ ബെർഗോഗ്ലിയോ അവരുടെ സമ്മേളനങ്ങളിലും സംബന്ധിച്ചിരുന്നു. ബോനസ് ഐറിസ് ആർച്ച്ബിഷപ്പ് ആയിരിക്കുന്ന സമയത്ത് 2011 ഡിസംബറിൽ 75 വയസ്  തികഞ്ഞപ്പോൾ ബെനഡിക്റ്റ് മാർപാപ്പക്ക് തന്റെ രാജി സമർപ്പിച്ചുകൊണ്ട് വിശ്രമജീവിതത്തിനായി അദ്ദേഹം ഒരുങ്ങി.

ബെനഡിക്റ്റ് മാർപാപ്പയുടെ അപ്രതീക്ഷിത സ്ഥാനത്യാഗത്തിനു ശേഷം നടന്ന കർദ്ദിനാളന്മാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനം 2013 മാർച്ച് പതിമൂന്നിന് കർദ്ദിനാൾ ജോർജ് ബെർഗോഗ്ലിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചതിന്റെ കാരണം മാർപാപ്പ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അസാധാരണ ദാരിദ്ര്യത്തിന്റെ ആൾരൂപമായിരുന്ന അസ്സീസിയിലെ പുണ്യവാനെ പിഞ്ചെന്ന് പാവങ്ങൾക്കു വേണ്ടി ജീവിക്കുക എന്നതായിരുന്നു അതിന്റെ പിന്നിലുള്ള ചേതോവികാരം. ഏതാണ്ട് ആയിരത്തി ഒരുനൂറു വർഷങ്ങൾക്കു ശേഷമാണ് നേരത്തെ ഉപയോഗിക്കാത്ത ഒരു പുതിയ പേര് ഒരു മാർപാപ്പ സ്വീകരിച്ചത് (ജോൺ പോൾ ഒന്നാമൻ മാർപാപ്പ തന്റെ തൊട്ടുമുൻപുള്ള രണ്ടു മാർപാപ്പമാരുടെ പേര് ഒരുമിച്ചു ചേർത്താണ് പുതിയൊരു നാമം സ്വീകരിച്ചത്). ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യത്തിലൂന്നിയുള്ള പ്രവർത്തനശൈലി ഭരണത്തിന്റെ തുടക്കം മുതൽ പ്രകടമായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വി. പത്രോസിന്റെ ബസിലിക്കക്കു മുൻപിലുള്ള ചത്വരത്തിൽ ഒരുമിച്ചു കൂടിയ ആളുകളെ ആശീർവദിക്കുന്നതിനു മുൻപായി സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കു വേണ്ടിയും തനിക്കു വേണ്ടിയും പ്രാർത്ഥിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

സാധാരണയായി പുതിയതായി ഒരു മാർപാപ്പ തിരഞ്ഞെടുക്കപ്പെടുമ്പോൾ വത്തിക്കാനിലെ ജോലിക്കാർക്ക് ബോണസ് നൽകുന്ന പാരമ്പര്യമുണ്ടായിരുന്നു. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ഈ പതിവ് നിർത്തലാക്കുകയും ആ തുക പാവങ്ങളെ സഹായിക്കാനായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതു കൂടാതെ വത്തിക്കാൻ ബാങ്കിന്റെ മേൽനോട്ട സമിതിയിൽ പ്രവർത്തിച്ചിരുന്ന കർദ്ദിനാളന്മാർക്ക് ഓരോ വർഷവും നൽകിയിരുന്ന ഇരുപത്തി അയ്യായിരം യൂറോയുടെ ബോണസും മാർപാപ്പ നിർത്തലാക്കി. മാർപാപ്പ ആയി അധികനാൾ കഴിയും മുൻപ് 2013 ഏപ്രിൽ 13-ന് കർദ്ദിനാളന്മാരുടെ ഒരു ഉപദേശകസമിതിക്ക് ഫ്രാൻസിസ് പാപ്പാ രൂപം നല്കി. വത്തിക്കാൻ കൂരിയയുടെ പ്രവർത്തനങ്ങൾ നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നതായിരുന്നു ഈ സമിതി രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. 2022 ജൂൺ മാസം മുതൽ വത്തിക്കാൻ ഭരണസംവിധാനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയ “പ്രഡിക്കാത്തെ ഏവൻഗേലിയും” എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റൂഷന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത് ഈ ഉപദേശകസമിതിയുടെ നിർദ്ദേശങ്ങളാണ്.

ബോനസ് ഐറിസ് ആർച്ചുബിഷപ്പായിരുന്നപ്പോൾ ആരംഭിച്ച ചില അനുഷ്ടാനങ്ങൾ മാർപാപ്പ ആയതിനു ശേഷവും അദ്ദേഹം തുടർന്നു. 2013-ലെ പെസഹാ വ്യാഴം റോമിലെ കാസൽ ദൽ മാർമോ ജയിൽ സന്ദർശിച്ച് അവിടുത്തെ സ്ത്രീ-പുരുഷ തടവുകാരുടെ കാൽ കഴുകി. ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ സ്ത്രീകളുടെ കാൽ കഴുകിയ ശുശ്രൂഷയായിരുന്നു ഇത്. മാത്രമല്ല അതിൽ ഒരു പുരുഷനും ഒരു സ്ത്രീയും മുസ്ലിം മതവിശ്വാസികൾ ആയിരുന്നെന്ന പ്രത്യേകതയുമുണ്ട്. മാർപാപ്പ ആയതിനു ശേഷമുള്ള തന്റെ ആദ്യത്തെ ഈസ്റ്റർ സന്ദേശത്തിൽ ലോകസമാധാനത്തിനായി മാർപാപ്പ ആഹ്വാനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: “മരണത്തെ ജീവനാക്കിയ വിദ്വേഷത്തെ സ്നേഹമാക്കിയ, പ്രതികാരത്തെ അനുരഞ്ജനമാക്കിയ, യുദ്ധത്തെ സമാധാനമാക്കിയ, ഉത്ഥിതനായ ക്രിസ്തുവിനോട് നമ്മൾ ഇന്ന് പ്രാർത്ഥിക്കുന്നു.”

ഇതുവരെ മൂന്ന് പ്രധാനപ്പെട്ട സിനഡുകളാണ് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. 2014-ലെ സിനഡിന്റെ വിഷയം കുടുംബത്തിലൂടെയുള്ള സുവിശേഷവത്ക്കരണമെന്നതായിരുന്നു. 2018-ൽ യുവജനങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ടും 2019-ൽ തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെ സംബന്ധിച്ചുള്ളതും ആയിരുന്നു. ഫ്രാൻസിസ് മാർപാപ്പ വലുതായ മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിച്ച ഒരു മേഖല വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുക എന്നതായിരുന്നു. വത്തിക്കാൻ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി മാർപാപ്പ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

2013 ഏപ്രിൽ 29-ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യത്തെ ചാക്രികലേഖനം ‘വിശ്വാസത്തിന്റെ പ്രകാശം’ (Lumen fidei) പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രധാന ജോലികൾ ബെനഡിക്റ്റ് മാർപാപ്പയുടെ ഭരണകാലയളവിൽ നടന്നതാണ്. സഭാചരിത്രത്തിൽ രണ്ടു മാർപാപ്പമാർ തയ്യാറാക്കിയ ഒരേയൊരു ചാക്രികലേഖനമാണ് ഇത്. 2013 നവംബർ 24-ന് ‘സുവിശേഷത്തിന്റെ സന്തോഷം’ (Evangelii gaudium) എന്ന പ്രബോധന രേഖ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കി. ഇന്നത്തെ ലോകത്തിൽ എങ്ങനെ സുവിശേഷം പ്രസംഗിക്കണം എന്ന ആശയമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിയുടെ പരിപാലനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ 2015 ജൂൺ 18-ന് പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ‘അങ്ങേയ്ക്ക് സ്തുതി’ (Laudato si’). ഇതിൽ അമിതമായ ഉപഭോഗസംസ്കാരത്തെയും നിരുത്തരവാദിത്വപരമായ പുരോഗതികളെയും പ്രകൃതിനശീകരണത്തെയും ആഗോളതാപനത്തെയും കുറിച്ചൊക്കെ മാർപാപ്പ ആധികാരികമായി സംസാരിക്കുന്നു. 2016 ഏപ്രിൽ 8-ന് പ്രസിദ്ധീകരിച്ച മാർപാപ്പയുടെ രണ്ടാമത്തെ അപ്പസ്തോലിക പ്രബോധനമാണ് ‘സ്നേഹത്തിന്റെ ആനന്ദം’ (Amoris laetitia). കുടുംബബന്ധത്തെക്കുറിച്ചുള്ള ആഴമായ പഠനമാണ് ഇതിന്റെ ഉള്ളടക്കം. ഇത് 2014-2015 വർഷങ്ങളിൽ നടന്ന കുടുംബ സിനഡിന്റെ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന ഒരു പ്രമാണരേഖയാണ്.

2018 മാർച്ച് 19-ന് ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘സന്തോഷിച്ചാനന്ദിക്കുക’ (Gaudete et exsultate) എന്ന അപ്പസ്തോലിക പ്രബോധനം നമ്മുടെ കാലഘട്ടത്തിൽ, എങ്ങനെ വിശുദ്ധിയിൽ ജീവിക്കാൻ ഒരു ക്രിസ്തീയവിശ്വാസിക്ക് സാധിക്കും എന്ന ചിന്തയാണ് പങ്കുവയ്ക്കുന്നത്. യേശുവിന്റെ സുവിശേഷസത്യങ്ങളിൽ പ്രത്യേകിച്ചും അഷ്ടസൗഭാഗ്യങ്ങളിലധിഷ്ടിതമാണ് ഓരോ വിശ്വാസിയുടെയും വിശുദ്ധിയിലേക്കുള്ള വിളി എന്ന് ഇതിൽ മാർപാപ്പ എടുത്തുപറയുന്നു. 2020 ഒക്ടോബർ നാലിനാണ് ഫ്രാൻസിസ് മാർപാപ്പയുടെ ‘എല്ലാവരും സോദരർ’ (Fratelli tutti) എന്ന ചാക്രികലേഖനം പ്രസിദ്ധീകൃതമായത്. വി. ഫ്രാൻസിസ് അസ്സീസിയുടെ വാചകങ്ങൾ കടമെടുത്തുകൊണ്ട് സാർവ്വസഹോദര്യത്തിനായുള്ള ഒരു ആഹ്വാനമാണ് മാർപാപ്പ ഈ ചാക്രികലേഖനത്തിൽ നടത്തുന്നത്.

ചരിത്രത്തിൽ ആദ്യമായി യൗസേപ്പിതാവിനായി ഒരു വർഷം സമർപ്പിച്ച് സഭയൊന്നാകെ പ്രാർത്ഥിക്കാനുള്ള ആഹ്വാനം നല്കുന്നതും ഫ്രാൻസിസ് പാപ്പയാണ്. 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെയുള്ള ഒരു വർഷക്കാലം ‘യൗസേപ്പിന്റെ വർഷം’ എന്ന് ‘പിതാവിന്റെ ഹൃദയത്തോടെ’ (Patris corde) എന്ന അപ്പസ്തോലിക എഴുത്തിലൂടെ മാർപാപ്പ പ്രഖ്യാപിച്ചു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ 2007-ൽ ‘സുമ്മും പൊന്തിഫിക്കും’ എന്ന ‘മോത്തു പ്രോപ്രിയോ’യിലൂടെ 1662-ലെ റോമൻ മിസ്സൽ അനുസരിച്ച് പരമ്പരാഗത ലത്തീൻ കുർബാന ചൊല്ലുന്നതിനുള്ള അനുവാദം നല്കിയിരുന്നു. 2021 ജൂലൈ 16-ന് ‘ട്രഡിസിയോണിസ് കുസ്‌തോദസ്’ എന്ന മറ്റൊരു ‘മോത്തു പ്രോപ്രിയോ’യിലൂടെ അതിൽ കാതലായ ചില മാറ്റങ്ങൾ ഫ്രാൻസിസ് മാർപാപ്പ വരുത്തി.

വൈദികവൃത്തി സ്ഥാനമാനങ്ങൾക്കുള്ള ഒരു വിളിയല്ല ദൈവത്തെയും ദൈവജനത്തെയും ശുശ്രൂഷിക്കാനുള്ള ഒരു സമർപ്പണമാണ് എന്ന ചിന്ത ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. 2014-ൽ  ഇനിയും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ വൈദികർ ഉപയോഗിക്കുന്ന ആലങ്കാരിക പദവിയായ ‘മോൺസിഞ്ഞോർ’ നല്കുകയുള്ളൂ എന്ന് മാർപാപ്പ പ്രഖ്യാപിച്ചു. രൂപതയിലെ വൈദികർക്ക് ഇത് അറുപത്തിയഞ്ചു വയസിനു ശേഷമേ കൊടുക്കുകയുള്ളൂ എന്നും മാർപാപ്പ പറഞ്ഞു. ബൂനസ് ഐറിസ് ആർച്ചുബിഷപ്പായിരുന്ന പതിനഞ്ചു വർഷക്കാലം തന്റെ രൂപതയിലെ ഒരു വൈദികനും ഇത്തരമൊരു സ്ഥാനം നൽകുന്നതിനായി അദ്ദേഹം റോമിലേക്ക് എഴുതുകയും ചെയ്തിട്ടില്ല. റോമൻ കൂരിയായിൽ സേവനമനുഷ്ഠിക്കുന്നവർക്കും നയന്തന്ത്ര ജോലിയിലുള്ള വൈദികർക്കും അവരുടെ സേവനത്തിന്റെ ഭാഗമായി ഇത്തരം സ്ഥാനങ്ങൾ നൽകുന്നതിന് തടസ്സമില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ ഭരണകാലത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായിരുന്നു കരുണയുടെ വർഷാചരണം. ‘കരുണയുടെ മുഖം’ (Misericordiae Vultus) എന്ന പേപ്പൽ ബൂളാ പ്രസിദ്ധം ചെയ്തുകൊണ്ട് 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ ദൈവകരുണയുടെ അസാധാരണ വർഷമായി സഭയിലുടനീളം ആചരിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ മേജർ ബസിലിക്കകൾ കൂടാതെ ലോകമാസകലമുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും തിരഞ്ഞെടുത്ത മറ്റു ചില ദേവാലയങ്ങളിലും പ്രത്യേക കരുണാകവാടങ്ങൾ ഈ സമയത്ത് തുറന്നു. ഈ കരുണയുടെ വാതിലുകളിൽ കൂടി അനുതാപത്തോടെയും ദൈവകൃപയോടെയും കടന്നുപോകുന്നവർക്ക് പ്രത്യേക ദണ്ഡവിമോചനങ്ങളും സഭ വാഗ്ദാനം ചെയ്തു. “കരുണയുടെ മിഷനറിമാർ” എന്ന് നാമകരണം ചെയ്ത് ആ വർഷത്തെ നോമ്പുകാലത്ത് തിരുസിംഹാസനത്തിന്റെ അപ്പസ്തോലിക പെനിറ്റെൻഷിയറിക്കു മാത്രം മോചനാധികാരമുണ്ടായിരുന്ന ചില പാപങ്ങൾ ഉൾപ്പെടെ മോചിക്കാനുള്ള അധികാരം നല്കി വൈദികരെയും നിയോഗിച്ചു.

കോവിഡ്-19 മഹാമാരിയുടെ കാലയളവിൽ ലോകത്തിനു മുഴുവൻ ആത്മീയവെളിച്ചം പകർന്നു നൽകിയ നേതൃത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. മാർപാപ്പയുടെ ബുധനാഴ്ചത്തെ ജനങ്ങളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുള്ള കൂടിവരവുകൾ നിർത്തലാക്കി. അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. വൈദികരോട് രോഗികളെയും ആരോഗ്യപ്രവർത്തകരെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മാർപാപ്പ ആഹ്വാനം ചെയ്തു. പാവങ്ങളെ ഈ പ്രതിസന്ധിഘട്ടത്തിൽ ഒരുകാരണവശാലും മറക്കരുതെന്നും മാർപാപ്പ എല്ലാവരെയും അനുസ്മരിപ്പിച്ചു. ആ വർഷത്തെ ‘ഊർബി എത് ഓർബി’ പ്രസംഗത്തിൽ മാർപാപ്പ ഇപ്രകാരം പറഞ്ഞു: “കടുത്ത അന്ധകാരം നമ്മുടെ ചത്വരങ്ങളിലും പാതയോരങ്ങളിലും നഗരങ്ങളിലും പടർന്നിരിക്കുന്നു. ഈ മഹാമാരി നമ്മുടെ ജീവിതങ്ങളെ പേടിപ്പെടുത്തുന്ന നിശബ്ദതയിലേക്കും ഏകാന്തമായ ശൂന്യതയിലേക്കും നയിച്ച് എല്ലാറ്റിനെയും തളർത്തിക്കളയുന്നു. ഈ സഹനത്തിന്റെ മുഖത്തിൽ ജനങ്ങളുടെ ശരിയായ വളർച്ചയുടെ അളവുകോൽ യേശുവിന്റെ പൗരോഹിത്യ പ്രാർത്ഥനയിൽ നാം കാണുന്നു, ‘എല്ലാവരും ഒന്നാവുക.'”

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക എന്നത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണെന്ന് മാർപാപ്പ പ്രസ്‌താവിച്ചു. കാരണം നമ്മുടെയും നമ്മുടെ ചുറ്റിലുള്ളവരുടെയും ആരോഗ്യസംരക്ഷണം നമ്മുടെ ധാർമ്മികതയുടെ ഭാഗമാണ്. റഷ്യയുടെ ഉക്രേനിയൻ അധിനിവേശത്തിനെതിരെ മാർപാപ്പ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. റോമിലെ റഷ്യൻ എംബസ്സി സന്ദർശിച്ച്  യുദ്ധത്തിനെതിരെയുള്ള തന്റെ മനോഭാവം മാർപാപ്പ പ്രകടിപ്പിച്ചു. തങ്ങളുടെ പക്കലുള്ള ‘ആയുധങ്ങളെ നിശബ്ദമാക്കാൻ’ തന്റെ ത്രികാലജപ പ്രാർത്ഥനയിൽ മാർപാപ്പ യുദ്ധത്തിലായിരിക്കുന്നവരോട് ആഹ്വാനം ചെയ്തു. യുദ്ധം തുടങ്ങി അധിക നാൾ കഴിയുന്നതിന് മുൻപ് രണ്ടു മുതിർന്ന കർദ്ദിനാളന്മാരെ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് മാർപാപ്പ ഉക്രൈനിലേക്ക് അയച്ചു.

മാർപാപ്പാസ്ഥാനം ഏറ്റെടുത്തതു മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും തന്റെ ജനത്തിന്റെ വിഷമതകളും പ്രയാസങ്ങളും നേരിട്ടു കാണാനും ആത്മീയമായി അവരെ ശക്തിപ്പെടുത്താനും ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധിക്കുന്നു. 2013-ലെ ലോക യുവജന സമ്മേളനത്തിൽ സംബന്ധിക്കാനായി ബ്രസീലിലെ റിയോ ഡി ജെനേറോ സന്ദർശിച്ചതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യത്തെ ഔദ്യോഗിക വിദേശസന്ദർശനം. കോപകബാന കടൽത്തീരത്ത് അദ്ദേഹത്തിന്റെ കുർബാനയിൽ സംബന്ധിക്കാനായി മുപ്പത്തിയഞ്ചു ലക്ഷം വിശ്വാസികളാണ് എത്തിയത്. ‘ഭാഗിക ക്രിസ്ത്യാനികൾ’ ആകാതെ ‘മുഴുവൻ സമയ ക്രിസ്ത്യാനികൾ’ ആകാൻ മാർപാപ്പ ഇവിടുത്തെ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

2014 മെയ് മാസം 24 മുതൽ 26 വരെയുള്ള തീയതികളിൽ ഫ്രാൻസിസ് മാർപാപ്പ ഇസ്രായേൽ, യോർദ്ദാൻ രാജ്യങ്ങളും പലസ്തീൻ പ്രദേശങ്ങളും സന്ദർശിച്ചു. അതേ വർഷം ആഗസ്റ്റ് മാസത്തിൽ ദക്ഷിണ കൊറിയ സന്ദർശിക്കുകയും ചെയ്തു. കൊറിയൻ സമാധാനത്തിനു വേണ്ടി മാർപാപ്പ പ്രാർത്ഥിക്കുകയും 124 കൊറിയൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു. 2015 ജനുവരി മാസത്തിൽ ശ്രീലങ്കയും ഫിലിപ്പീൻസും മാർപാപ്പ സന്ദർശിച്ചു. തദവസരത്തിൽ അറുപത്-എഴുപത് ലക്ഷം ആളുകളാണ് അദ്ദേഹത്തിന്റെ മനിലയിലെ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചത്.

മാർപാപ്പ അമേരിക്ക, ആഫ്രിക്ക, ഏഷ്യൻ വൻകരകളിലെ പല രാജ്യങ്ങളും സന്ദർശിച്ചെങ്കിലും 2019 ഫെബ്രുവരി മാസത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശിച്ചത് വളരെ വാർത്താപ്രാധാന്യമുള്ളതായിരുന്നു. അറേബ്യൻ ഉപദ്വീപിലേക്കുള്ള ഒരു മാർപാപ്പയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ഇവിടെ വച്ച് മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു ഡോക്യുമെന്റ് മുസ്ലിം നേതാക്കന്മാരുമായി ചേർന്ന് മാർപാപ്പ ഒപ്പിട്ടു. രണ്ടായിരം വർഷത്തെ ക്രിസ്തീയചരിത്രം നിലനിൽക്കുന്ന അബ്രഹാമിന്റെ ജന്മനാട് നിലനിൽക്കുന്ന ഇറാഖിലേക്ക് ചരിത്രപ്രസിദ്ധമായ ഒരു സന്ദർശനം 2021 മാർച്ച് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തി. ഇറാക്ക് സന്ദർശിച്ച ആദ്യ മാർപാപ്പ എന്ന നിലയിൽ പീഡനമനുഭവിക്കുന്ന ക്രിസ്തീയസമൂഹത്തിനു വലിയ ആശ്വാസമേകുന്നതായിരുന്നു മാർപാപ്പയുടെ സന്ദർശനം.

2021 ഒക്ടോബർ 30-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാർപാപ്പയെ വ്യക്തിപരമായി കാണുകയും ഈ അവസരത്തിൽ ഭാരതസന്ദർശനത്തിനായി മാർപാപ്പയെ ക്ഷണിക്കുകയും ചെയ്തു. മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി വത്തിക്കാൻ ഔദ്യോഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാൽ ആഫ്രിക്കയിലെ കോംഗോ റിപ്പബ്ലിക്കിലേക്കും തെക്കൻ സുഡാനിലേക്കും നടത്താനിരുന്ന അപ്പസ്തോലിക സന്ദർശനങ്ങൾ മാർപാപ്പ റദ്ദാക്കിയെങ്കിലും തന്റെ സഭാധ്യക്ഷൻ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഊർജ്ജസ്വലമായി തന്നെ ഫ്രാൻസിസ് മാർപാപ്പ മുൻപോട്ട് കൊണ്ടുപോകുന്നു. താൻ സ്ഥാനത്യാഗം ചെയ്യുന്നു എന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചുകൊണ്ട് അങ്ങനെയുള്ള ഒരു ചിന്തയും ഇല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ പരസ്യമായി പ്രസ്താവിക്കുകയുണ്ടായി.

2023 ഒക്ടോബർ മാസത്തിൽ റോമിൽ വച്ചു നടക്കുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ ഒരുക്കത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ സഭ. വലിയ കൂട്ടായ്മയിലൂടെയും ചർച്ചകളിലൂടെയും സഭയുടെ മിഷൻപ്രവർത്തനം ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ ശക്തമായി മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് മാർപാപ്പ ഈ സിനഡിലൂടെ ഉദ്ദേശിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.