പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 264 – വി. ജോൺ പോൾ II (1920-2005)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1978 ഒക്ടോബർ 16 മുതൽ 2005 ഏപ്രിൽ രണ്ടു വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. ജോൺ പോൾ രണ്ടാമൻ. വി. പത്രോസിനും പിയൂസ് ഒൻപതാം മാർപാപ്പക്കും ശേഷം ചരിത്രത്തിലെ ഏറ്റവും നീണ്ട പേപ്പൽ ഭരണമായിരുന്നു ഇരുപത്തിയാറര വർഷം നീണ്ടുനിന്ന വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടേത്.

പോളണ്ടിലെ വാഡോവിസ് പട്ടണത്തിൽ 1920 മെയ് 8-ന് കാരൽ വോയ്ത്തില-എമിലിയ കത്സൊറോവ്സ്ക ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി കാരൽ യോസെഫ് വോയ്ത്തില ജനിച്ചു. ഒരു സ്‌കൂൾ അധ്യാപിക ആയിരുന്ന എമിലിയ കിഡ്‌നി സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരിക്കുമ്പോൾ ഹൃദയസ്തംഭനം മൂലം മരിച്ചു. എട്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന വോയ്ത്തിലക്ക് ഇത് വലിയ ആഘാതമായിരുന്നു. വോയ്ത്തില ജനിക്കുന്നതിനു മുൻപ് സഹോദരി മരിച്ചതിനാൽ തന്നേക്കാൾ പതിമൂന്നു വയസ് പ്രായക്കൂടുതലുള്ള സഹോദരൻ എഡ്മണ്ടുമായി അദ്ദേഹത്തിന് വളരെ അടുപ്പമായിരുന്നു. എന്നാൽ മെഡിക്കൽ ഡോക്ടറായിരുന്ന എഡ്മണ്ടും ചെറുപ്പത്തിൽ തന്നെ മരിക്കുന്നു.

വളരെ ചുറുചുറുക്കും കായികവിനോദങ്ങളോട് ആഭിമുഖ്യവും ഉണ്ടായിരുന്ന വോയ്ത്തിലക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ഫുട്ബോളായിരുന്നു. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ അധികവും ജൂതകുട്ടികൾ ആയിരുന്നു. മാർപാപ്പ ആയപ്പോൾ ക്രിസ്ത്യൻ – ജൂതബന്ധങ്ങൾ ദൃഢമാക്കുന്നതിനും അവരുടെ ആവശ്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും ഈ ബന്ധം അദ്ദേഹത്തെ സഹായിച്ചു. 1938-ൽ വോയ്ത്തിലയും അദ്ദേഹത്തിന്റെ പിതാവും വാഡോവിസ് നഗരത്തിൽ നിന്നും ക്രാക്കോവിലേക്ക് താമസം മാറ്റുകയും വോയ്ത്തില യാഗിളോണിയൻ സർവ്വകലാശാലയിൽ പഠനത്തിനായി ചേരുകയും ചെയ്തു. ഇവിടെ വച്ചാണ് അദ്ദേഹം തന്റെ ഭാഷാപഠനത്തിനും അഭിനയത്തിനും നാടകരചനക്കുമുള്ള അഭിരുചി തിരിച്ചറിയുന്നത്. മാതൃഭാഷയായ പോളീഷ് കൂടാതെ ലാറ്റിൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, തുടങ്ങി പതിനഞ്ച് ഭാഷകളാണ് ഇക്കാലയളവിൽ അദ്ദേഹം പഠിച്ചെടുത്തത്. മാർപാപ്പ ആയതിനു ശേഷം ഈ ഭാഷകൾ എല്ലാം തന്നെ അദ്ദേഹം അനായാസം ഉപയോഗിച്ചിരുന്നു.

1939-ൽ ജർമ്മനിയിലെ നാസി പട്ടാളം പോളണ്ട് കീഴടക്കുകയും യാഗിലോണിയൻ സർവ്വകലാശാല അടച്ചുപൂട്ടുകയും ചെയ്തു. ഇതേ തുടർന്ന് ജർമ്മനിയിലേക്ക് നാടുകടത്തപ്പെടാതിരിക്കാൻ ആദ്യം ഒരു ഭക്ഷണശാലയിലെ തൊഴിലാളിയായും ഒരു പാറമടയിൽ ജോലിക്കാരനായും അവസാനം ഒരു കെമിക്കൽ ഫാക്ടറിയിലെ തൊഴിലാളിയായും വോയ്ത്തില ജോലി ചെയ്തു. ഈ അവസരത്തിലാണ് യാൻ റ്റിറനോവ്സ്കി എന്ന പോളിഷ് എഴുത്തുകാരനെ പരിചയപ്പെടുന്നതും കർമ്മലീത്ത അദ്ധ്യാത്മികത ആഴത്തിൽ പരിചയപ്പെടുന്നതും.

ഖനി തൊഴിലാളിയായിരിക്കുന്ന സമയത്ത് അപകടത്തിൽപെട്ട് വോയ്ത്തിലയുടെ തലയോട്ടി പൊട്ടി. എന്നാൽ അദ്ദേഹം അത്ഭുതകരമായി സുഖം പ്രാപിച്ചു. മറ്റൊരിക്കൽ ലോറിയിടിച്ച് തോളെല്ലിന് പരിക്ക് പറ്റിയെങ്കിലും നീണ്ടകാലത്തെ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ 1941-ൽ പിതാവ് മരിക്കുന്നതോടു കൂടി വോയ്‌ത്തില്ല തീർത്തും അനാഥനാവുന്നു. അതിനെക്കുറിച്ച് മാർപാപ്പ ആയ ശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “എന്റെ അമ്മയുടെയോ, സഹോദരന്റെയോ, പിതാവിന്റെയോ മരണസമയത്ത് ഞാൻ അടുത്തുണ്ടായിരുന്നില്ല. ഇരുപതു വയസായപ്പോഴേക്കും ഞാൻ സ്നേഹിച്ചിരുന്ന എല്ലാവരും എന്നെ വിട്ടുപോയിരുന്നു.”

പിതാവിന്റെ മരണശേഷമാണ് പൗരോഹിത്യത്തെക്കുറിച്ച് വോയ്‌ത്തില ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. 1942 ഒക്ടോബറിൽ യുദ്ധസമയത്ത് ക്രാക്കോവിലെ ആർച്ചുബിഷപ്പിന്റെ ഭവനത്തിന്റെ കതകിൽ മുട്ടി, വൈദികനാകാനുള്ള തന്റെ ആഗ്രഹം അദ്ദേഹം അറിയിച്ചു. തുടർന്ന് ക്രാക്കോവിലെ അന്നത്തെ ആർച്ചുബിഷപ്പ് കർദ്ദിനാൾ സ്റ്റെഫാൻ സാപ്പിയേഹ അദ്ദേഹത്തെ തന്റെ രഹസ്യ സെമിനാരിയിലെ വിദ്യാർത്ഥിയാക്കി പരിശീലനം നൽകി. “കറുത്ത ഞായറാഴ്ച” എന്നറിയപ്പെടുന്ന 1944 ആഗസ്റ്റ് 6-ന് ജർമ്മൻ ഗസ്താപ്പോ പോലീസ് ക്രാക്കോവിലെ വീടുകളിൽ യുവാക്കളെ പിടിക്കുന്നതിനായി പരിശോധന നടത്തി. എണ്ണായിരത്തിലധികം ചെറുപ്പക്കാരെയും ആൺകുട്ടികളെയും അവർ കടത്തിക്കൊണ്ടു പോയി. തന്റെ അമ്മാവന്റെ വീടിന്റെ അറയിൽ ഒളിച്ചിരുന്ന് വോയ്‌ത്തില രക്ഷപെട്ടു. പിന്നീട് ആർച്ചുബിഷപ്പിന്റെ ഭവനത്തിൽ തന്റെ പഠനം തുടർന്നു. 1945 ജനുവരി 17-നാണ് ജർമ്മൻ പട്ടാളക്കാർ ക്രാക്കോവ് നഗരത്തിൽ നിന്നും പിന്തിരിയുന്നത്.

വോയ്‌ത്തില എന്ന ചെറുപ്പക്കാരനായ സെമിനാരിക്കാരന്റെ ഇക്കാലയളവിലെ ഒരു കാരുണ്യപ്രവൃത്തി പിന്നീട് വലിയ വാർത്താപ്രാധ്യാന്യം നേടി. ചെസ്റ്റഹോവ നാത്സി തടവറയിൽ നിന്നും രക്ഷപെട്ട പതിമൂന്നു വയസുള്ള ഈഡിത് സീറർ എന്ന യഹൂദപെൺകുട്ടി യെദ്രയോവ് റയിൽവേ പ്ലാറ്റ്ഫോമിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. തന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും തേടിയുള്ള അന്വേഷണത്തിലായിരുന്നു അവൾ. അവശയായി കിടക്കുന്ന ഈഡിത്തിനെ ആരും തിരിഞ്ഞുനോക്കിയില്ല. എന്നാൽ വോയ്‌ത്തില അവളെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയും ചായയും ബ്രഡും നല്കിയതിനു ശേഷം തന്റെ ചുമലിലേറ്റി മൂന്നു കിലോമീറ്റർ ദൂരം നടന്ന് ക്രാക്കോവിലേക്കുള്ള ട്രെയിനിൽ അവളോടൊപ്പം സഞ്ചരിച്ച് സുരക്ഷിതസ്ഥാനത്ത് അവളെ എത്തിക്കുകയും ചെയ്തു. തന്നെ രക്ഷിച്ച ചെറുപ്പക്കാരന്റെ പേര് അവൾ ഓർത്തുവയ്ക്കുകയും അദ്ദേഹം മാർപാപ്പ ആയപ്പോൾ ഇക്കാര്യം ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. പിന്നീട് ഈഡിത്ത് റോമിലിലെത്തി ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചു. മഹാജൂബിലി വർഷത്തിൽ മാർപാപ്പ വിശുദ്ധനാട് സന്ദർശിച്ചപ്പോൾ യാദ് വഷേം ഇൻസ്റ്റിറ്റൂട്ടിൽ ജോൺ പോൾ രണ്ടാമനെ അഭിസംബോധന ചെയ്തുകൊണ്ട് ഈഡിത് ഇപ്രകാരം പറഞ്ഞു: “ഒരു ജീവൻ രക്ഷിക്കുന്നയാൾ ലോകത്തെ തന്നെ രക്ഷിക്കുന്നു.”

ഇങ്ങനെ അനേകം പോളിഷ് യഹൂദന്മാരെ വോയ്‌ത്തില സഹായിച്ചിട്ടുണ്ടെന്ന് പോളിഷ്-യഹൂദ അധികാരികൾ സാക്ഷ്യപ്പെടുത്തുന്നു. സ്റ്റാൻലി ബർജർ എന്ന രണ്ടു വയസുള്ള യഹൂദക്കുട്ടിയെ നാസികളുടെ കൈയ്യിൽ നിന്നും രക്ഷിക്കുന്നതിനായി അവന്റെ മാതാപിതാക്കൾ ഒരു ക്രിസ്തീയ കുടുംബത്തെ ഏല്പിക്കുന്നു. എന്നാൽ അവന്റെ മാതാപിതാക്കളെ പിന്നീട് നാസികൾ കൊല്ലുന്നു. ഈ കുട്ടിയെ ദത്തെടുക്കാനും പിന്നീട് അവനെ ഒരു കത്തോലിക്കനായി വളർത്തുന്നതിനും അവർ വോയ്ത്തിലയുടെ സഹായം തേടി. എന്നാൽ യുവവൈദികനായ വോയ്‌ത്തില അവരുടെ ആവശ്യം നിരസിക്കുകയും അവനെ യഹൂദനായി വളർത്തി അവന്റെ ബന്ധുക്കളെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം നന്ദിപ്രകടനമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഇസ്രായേൽ ഗവണ്മെന്റ് അദ്ദേഹത്തിന് “ജനതകളിലെ നീതിമാൻ” എന്ന ഉന്നത ബഹുമതി നൽകുകയും ചെയ്തു.

സെമിനാരി പഠനം പൂർത്തിയാക്കിയ കാരോൽ വോയ്‌ത്തില, 1941 നവംബർ 1-ന് സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ഒരു വൈദികനായി അഭിഷിക്തനായി. ഏതാനും കാലത്തെ അജപാലനശുശ്രൂഷക്കു ശേഷം ക്രാക്കോവിലെ ആർച്ചുബിഷപ്പ് സ്റ്റെഫാൻ സാപ്പിയേഹ വോയ്‌ത്തിലയെ റോമിലെ അഞ്ചേലിക്കും പൊന്തിഫിക്കൽ സർവ്വകലാശാലയിൽ പഠനത്തിനായി അയച്ചു. അവിടെ നിന്ന് അദ്ദേഹം ദൈവശാസ്ത്രത്തിൽ ലൈസിൻഷിയേറ്റും ഡോക്ടറേറ്റും നേടുകയും ഹീബ്രു ഭാഷ പഠിക്കുകയും ചെയ്തു. റോമിലെ വോയ്ത്തിലയുടെ സഹപാഠി ആയിരുന്ന, പിന്നീട് ഓസ്ട്രിയായിലെ കർദ്ദിനാളായ അൽഫോൻസ് സ്റ്റിക്കർ, വോയ്‌തില്ല 1947-ൽ പാദ്രെ പിയോയെ സന്ദർശിച്ചതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഫാ. വോയ്ത്തില പാദ്രെ പിയോയുടെ അടുത്ത് കുമ്പസാരിക്കുകയും ഈ അവസരത്തിൽ, വോയ്‌ത്തില ഒരിക്കൽ സഭയിലെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് എത്തുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തതായി കർദ്ദിനാൾ സ്റ്റിക്കർ പറയുന്നു. താൻ കർദ്ദിനാളായപ്പോൾ ഈ പ്രവചനം പൂർത്തീകരിച്ചു എന്നാണ് വോയ്‌ത്തില കരുതിയത്.

1948-ൽ ഫാ. വോയ്‌ത്തില റോമിലെ പഠനശേഷം പോളണ്ടിൽ തിരികെയെത്തി ക്രാക്കോവിൽ നിന്നും 24 കിലോമീറ്റർ ദൂരത്തിലുള്ള നിഗോവിക് ഗ്രാമത്തിലെ ഇടവക വികാരിയായി ചുമതലയേറ്റു. ആ ഇടവകയിൽ ആദ്യം എത്തിയപ്പോൾ വി. ജോൺ വിയാനിയെ അനുകരിച്ച് ദേവാലയത്തിൽ മുട്ടുകുത്തി ഭൂമിയെ ചുംബിച്ചു. പിന്നീട് മാർപാപ്പ ആയ ശേഷം ഒരു രാജ്യത്ത് ആദ്യമായി ചെല്ലുമ്പോഴും ജോൺ പോൾ രണ്ടാമൻ ഇപ്രകാരം ചെയ്തിരുന്നു. ക്രാക്കോവിലെ വി. ഫ്ലോറിയൻ ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന സമയത്ത് യാഗിലോണിയൻ, ലുബ്‌ളിൻ സർവ്വകലാശാലകളിൽ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. കൂടാതെ, യാഗിലോണിയൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഒരു ഡോക്ടർ ബിരുദവും അദ്ദേഹം സമ്പാദിച്ചു. സഭയുടെ ആനുകാലിക പ്രശ്നങ്ങളെ അധികരിച്ച് അദ്ദേഹം ക്രാക്കോവിലെ കത്തോലിക്കാ പത്രങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. പോളണ്ടിൽ റഷ്യൻ കമ്മ്യൂണിസ്റ്റ് അധിനിവേശ കാലമായിരുന്നതിനാൽ യഥാർത്ഥ പേര് വെളിപ്പെടുത്താതെയായിരുന്നു അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നത്. “സ്‌നേഹവും ഉത്തരവാദിത്വവും” എന്ന പേരിൽ കത്തോലിക്കാ സഭയുടെ വിവാഹത്തെ സംബന്ധിച്ച് ഒരു പുസ്തകവും ഇക്കാലയളവിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ക്രാക്കോവിലെ യുവജനങ്ങളോടോത്ത് മല കയറാനും, സൈക്കിൾ സവാരിക്കും, വഞ്ചി തുഴയുന്നതിനും, ക്യാമ്പിങ് നടത്തുന്നതിനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. ഇവർ ഇങ്ങനെ ഒത്തുകൂടുന്ന സമയങ്ങളിൽ പ്രാർത്ഥനയും കുർബാനയും ദൈവശാസ്ത്ര ചർച്ചകളും നടത്തുകയും ചെയ്തു. പുരോഹിതർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ തന്നെ “അമ്മാവൻ” (വുയെക്ക്) എന്നു വിളിക്കണമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു. 1958-ൽ വോയ്‌ത്തില ക്രാക്കോവിലെ സഹായമെത്രാൻ ആയപ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റരീതിക്ക് മാറ്റം വരുമെന്ന് അവർ ചിന്തിച്ചപ്പോൾ വോയ്ത്തിലയുടെ മറുപടി ഇപ്രകാരമായിരുന്നു” “അമ്മാവൻ എപ്പോഴും അമ്മാവനായി തുടരും” (“Wujek will remain Wujek”). മാർപാപ്പ ആയിക്കഴിഞ്ഞും പോളിഷ് യുവജനങ്ങൾക്ക് അദ്ദേഹം ഒരു “വുയെക്ക്” ആയിരുന്നു.

1958 ജൂലൈ 4-ന് കൂട്ടുകാരോടൊത്ത് വഞ്ചി തുഴയലിൽ ആയിരിക്കുമ്പോഴാണ് ക്രാക്കോവിലെ സഹായമെത്രാനായി തന്നെ നിയമിച്ചിരിക്കുന്നു എന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. മുപ്പത്തിയെട്ടാമത്തെ വയസിൽ പോളണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി അദ്ദേഹം നിയമിതനായി. ഒരു ബിഷപ്പ് എന്ന നിലയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എല്ലാ സെഷനുകളിലും വോയ്‌ത്തില സജീവമായി പങ്കെടുത്തു. അതിൽ മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചും (Dignitatis humanae) ആധുനിക ലോകത്തിലെ സഭ എന്ന കോൺസ്റ്റിറ്റൂഷനിലും (Gaudium et spes) അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകളും നടത്തി. വത്തിക്കാൻ കൗൺസിലിനു ശേഷം നടന്ന ബിഷപ്പുമാരുടെ സിനഡുകളിളും ബിഷപ്പ് വോയ്‌ത്തില സംബന്ധിച്ചിരുന്നു. 1964 ജനുവരി 13-ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ചുബിഷപ്പായി നിയമിച്ചു. മൂന്നു വർഷത്തിനു ശേഷം വോയ്ത്തിലയെ കർദ്ദിനാളായും ഉയർത്തി.

1973-ലാണ് കർദ്ദിനാൾ വോയ്‌ത്തില പോളിഷ് വംശജയായ അന്ന തിമിയെനിക്കയെയും ഭർത്താവ് ഹെൻഡ്രിക് ഹുതാക്കറെയും പരിചയപ്പെടുന്നത്. അന്ന അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ സാമ്പത്തിക ഉപദേശകയും ഹാർവാർഡ്-സ്റ്റാൻഫോർഡ് സർവ്വകലാശാലകളിലെ പ്രൊഫസറും ആയിരുന്നു. ഈ സൗഹൃദത്തിൽ നിന്നാണ് വോയ്ത്തിലയുടെ പ്രസിദ്ധ ഗ്രന്ഥങ്ങളിലൊന്നായ “വ്യക്തിയും പ്രവൃത്തിയും” ഉത്ഭവിക്കുന്നത്. അത്മായർക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അംഗമായിരുന്ന കർദ്ദിനാൾ വോയ്‌തില 1975-ൽ സുവിശേഷവത്ക്കരണം സംബന്ധിച്ച പോൾ ആറാമൻ മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം “ഇവാൻജെലി നുൺഷിയാന്തി”യുടെ കരടുരേഖ തയ്യാറാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

1978 ആഗസ്റ്റ് മാസത്തിൽ പോൾ ആറാമൻ മാർപാപ്പ കാലം ചെയ്യുകയും അദ്ദേഹത്തിന്റെ പിൻഗാമിയായി ജോൺ പോൾ ഒന്നാമൻ മാർപാപ്പ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ മുപ്പത്തിമൂന്ന് ദിവസങ്ങൾക്കു ശേഷം അദ്ദേഹം കാലം ചെയ്തപ്പോൾ അടുത്ത കോൺക്ലേവ് ഉടൻ കൂടേണ്ടതായി വന്നു. അങ്ങനെ കർദ്ദിനാൾ വോയ്‌ത്തില മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും തന്റെ മുൻഗാമിയോടുള്ള ബഹുമാനത്തെ പ്രതി ജോൺ പോൾ രണ്ടാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. സഭയുടെ കഴിഞ്ഞ 455 വർഷ ചരിത്രത്തിൽ ഇറ്റലിക്കാരനല്ലാത്ത ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ നീണ്ടകാലത്തെ സഭാഭരണ കാലത്ത്, ചരിത്രത്തിൽ ഒരു നേതാവും നടത്തിയിട്ടില്ലാത്തത്ര യാത്രകളാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയത്. 129 രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം പതിനൊന്നു ലക്ഷം കിലോമീറ്ററുകൾ സഞ്ചരിച്ചു. മനിലയിലെ ലോകയുവജന സമ്മേളനത്തിൽ അദ്ദേഹം അർപ്പിച്ച വിശുദ്ധ കുർബാനയിൽ 60-70 ലക്ഷം ജനങ്ങൾ സംബന്ധിച്ചു എന്ന് കരുതപ്പെടുന്നു. ഇത് ഏറ്റവും കൂടുതൽ ആളുകൾ സംബന്ധിച്ച ക്രിസ്തീയ പരിപാടിയായി കണക്കാക്കപ്പെടുന്നു. മിക്ക രാജ്യങ്ങളും സന്ദർശിച്ച ആദ്യ മാർപാപ്പയായും അദ്ദേഹം അറിയപ്പെടുന്നു. മാർപാപ്പ സന്ദർശിച്ച രാജ്യങ്ങളിലും സ്ഥലങ്ങളിലും ഏറ്റവും കൂടുതൽ ആളുകൾ ഒന്നിച്ചുകൂടിയ സംഭവമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനങ്ങൾ മാറി. പല ഇസ്ലാമിക രാജ്യങ്ങളും അവിടുത്തെ മോസ്‌ക്കുകളും സന്ദർശിച്ച ആദ്യത്തെ മാർപാപ്പയും ജോൺ പോൾ രണ്ടാമനാണ്.

1979-ൽ തന്റെ ജന്മനാടായ പോളണ്ട് സന്ദർശിച്ചപ്പോൾ വലിയ ജനക്കൂട്ടം എല്ലായിടത്തും അദ്ദേഹത്തെ അനുഗമിച്ചു. ഇതേ തുടർന്നാണ് പോളണ്ടിന്റെ മോചനത്തിനായി സോളിഡാരിറ്റി മൂവ്മെന്റ് ഉദയം ചെയ്തത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പോളണ്ടിലെ മണ്ണിനെ, മാർപാപ്പ എന്ന നിലയിൽ ആദ്യമായി ചുംബിച്ചപ്പോൾ അവിടുത്തെ കമ്മ്യൂണിസത്തിന്റെ മരണമണി മുഴങ്ങാൻ തുടങ്ങി എന്ന് പറയപ്പെടുന്നു.

ജോൺ പോൾ രണ്ടാമൻ തന്റെ ഭരണകാലയളവിലെ ചില വർഷങ്ങൾ പ്രത്യേക നിയോഗങ്ങൾക്കായി സമർപ്പിക്കുന്ന പാരമ്പര്യം ആരംഭിച്ചു. 1983-84 വിടുതലിന്റെ വർഷവും, 1987–88 മാതാവിന്റെ വർഷവും, 1993–94 കുടുംബവർഷവും ആയി ആചരിച്ചു. ജൂബിലിയുടെ ഒരുക്കത്തിനുള്ള മൂന്ന് വർഷങ്ങൾ ത്രീത്വത്തിന്റെ വർഷമായി ആചരിച്ചു. എന്നാൽ മാർപാപ്പയുടെ ഭരണകാലയളവിലെ ഏറ്റവും പ്രധാന ആഘോഷം രണ്ടായിരാമാണ്ടിലെ മഹാജൂബിലി വർഷമായിരുന്നു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ രണ്ടു പ്രാവശ്യം ഭാരതം സന്ദർശിക്കുകയുണ്ടായി. 1986-ൽ തന്റെ ആദ്യ സന്ദർശന വേളയിൽ കേരളം ഉൾപ്പെടെ അനേക സ്ഥലങ്ങൾ സന്ദർശിച്ചു. 1999 നവംബർ മാസത്തിൽ വീണ്ടും ഡൽഹി സന്ദർശിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കാണുന്നതിനായി എല്ലായിടത്തും തടിച്ചുകൂടിയത്.

തന്റെ നീണ്ട ഭരണകാലയളവിൽ പതിനാല് ചാക്രികലേഖനങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഇതു കൂടാതെ നൂറുകണക്കിന് ഔദ്യോഗിക പ്രബോധനരേഖകളും ജോൺ പോൾ രണ്ടാമൻ പുറത്തിറക്കി.  മൂന്നാം സഹസ്രാബ്ദത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച  “നൊവോ മില്ലേനിയോ ഇനുവെന്തേ” എന്ന ചാക്രികലേഖനത്തിൽ എല്ലാം ക്രിസ്തുവിൽ പുനരാരംഭിക്കുന്നതിന് മാർപാപ്പ ദൈവജനത്തെ ആഹ്വാനം ചെയ്തു. “നമ്മൾ ഒരു ആശയം കൊണ്ട് രക്ഷ കൈവരിച്ചവരല്ല. പിന്നെയോ ഒരു വ്യക്തിയിലൂടെ പരിത്രാണം നേടിയവരാണ്” മാർപാപ്പ എഴുതി. “സത്യത്തിന്റെ ശോഭ” എന്ന ചാക്രികലേഖനനത്തിൽ ദൈവത്തിലും ദൈവികനിയമത്തിലുമുള്ള മനുഷ്യന്റെ ആശ്രയത്വത്തെക്കുറിച്ചാണ് മാർപാപ്പ സംസാരിക്കുന്നത്. അദ്ദേഹം പറയുന്നു: “സൃഷ്ടാവില്ലാതെ സൃഷ്ടി തന്നെ അപ്രത്യക്ഷമാകും.”

ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ബുധനാഴ്ച കൂടിക്കാഴ്ചയിൽ നടത്തിയ 129 പ്രസംഗങ്ങളുടെ സമാഹാരമാണ് “ശരീരത്തിന്റെ ദൈവശാസ്ത്രം” എന്ന ബൃഹത്തായ ഗ്രന്ഥം. മനുഷ്യ ലൈംഗികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ഗർഭഛിദ്രം, ദയാവധം, വധശിക്ഷ തുടങ്ങിയ തിന്മകളെ അദ്ദേഹം അപലപിക്കുന്നു. “ജീവന്റെ സംസ്കാരത്തിന്റെ” വക്താക്കളായ നാം “മരണത്തിന്റെ സംസ്കാരത്തി”നെതിരായ പോരാട്ടത്തിലാണെന്ന് മാർപാപ്പ എടുത്തു പറയുന്നു.

സൗത്ത് ആഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിരന്തരം ശബ്‍ദമുയർത്തിക്കൊണ്ടിരുന്നു. യൂറോപ്യൻ യൂണിയനെ അനുകൂലിച്ചപ്പോഴും അതിന്റെ ഭരണഘടനയിൽ ക്രിസ്തീയ സാംസ്‌കാരിക അടിത്തറയിൽ പടുത്തുയർത്തിയതാണെന്ന് എഴുതിച്ചേർക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ. തന്റെ മാതൃരാജ്യമായ പോളണ്ടും യൂറോപ്യൻ യൂണിയന്റെ ഭാഗമാകണമെന്നും മാർപാപ്പ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

യുദ്ധത്തിനും അക്രമത്തിനുമെതിരെ എപ്പോഴും മാർപാപ്പ തന്റെ ശബ്ദമുയർത്തിയിരുന്നു. യുദ്ധം മനുഷ്യവംശത്തിന്റെ പരാജയമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. റുവാണ്ടയിലെ വംശീയകലാപത്തെ പരസ്യമായി അപലപിച്ച ആദ്യത്തെ ലോകനേതാവും ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്.

1983 ജനുവരി 25-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പൗരസ്ത്യസഭയെ മുഴുവനായി ബാധിക്കുന്ന സഭാനിയമം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 1990 ഒക്ടോബർ 18-ന് പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമവും പ്രാബല്യത്തിൽ വന്നു. അതുപോലെ റോമൻ കൂരിയായെ പരിഷ്‌ക്കരിക്കുന്നതിനായി “പാസ്റ്റോർ ബോനുസ്” പ്രസിദ്ധീകരിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഭരണത്തിലെ എടുത്തുപറയത്തക്ക ഒരു നേട്ടമാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1992 ഒക്ടോബർ 11-ന് നടപ്പിൽ വരുത്തിയത്.

യൂറോപ്പിലെ മാത്രമല്ല, ലോകത്തിലെ പല ഭാഗങ്ങളിലെയും സ്വേച്ഛാധിപതികളുടെ പതനത്തിന് ജോൺ പോൾ രണ്ടാമന്റെ സ്വാധീനം ഇടയായിട്ടുണ്ട്. മാർപാപ്പ ചിലി സന്ദർശിച്ചപ്പോൾ പിനോഷെക്കെതിരായും, ഹെയ്തിയിൽ ദുവലിയക്കെതിരായും, ഫിലിപ്പീൻസിൽ മാർക്കോസിനെതിരായും പ്രസംഗിക്കുകയും അധിക നാൾ കഴിയും മുമ്പേ അവർ അധികാരത്തിൽ നിന്ന് പുറത്തു പോവുകയും ചെയ്തു.

ജോൺ പോൾ രണ്ടാമനാണ് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള യൂറോപ്പിലെ പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചത് എന്ന് പറയപ്പെടുന്നു. പോളണ്ടിലെ സമാധാനപരമായ ഭരണമാറ്റത്തിന് ജോൺ പോൾ രണ്ടാമൻ ആത്മീയ ഊർജ്ജം പകരുകയും കമ്മ്യൂണിസം അവിടെ ഇല്ലാതാവുകയും ചെയ്തു. സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ലേക് വലേസ പറഞ്ഞത്, പോളണ്ടിലെ ജനതയ്ക്ക് മാറ്റത്തിനായുള്ള ശക്തി പകർന്നത് ജോൺ പോൾ രണ്ടാമൻ ആണെന്നാണ്. 1989 ഡിസംബർ മാസത്തിൽ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബചേവ് വത്തിക്കാനിലെത്തി ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കാണുകയും മാർപാപ്പയുടെ വലിയ നേതൃത്വത്തിന് നന്ദി പറയുകയും ചെയ്തു. ഗോർബചേവ് പിന്നീട് ഇപ്രകാരം പറഞ്ഞു: “ജോൺ പോൾ രാണ്ടാമൻ മാർപാപ്പയുടെ സഹായമില്ലാതെ ഇരുമ്പുമറയുടെ പതനം അസാധ്യമായിരുന്നു.” 2004 ജൂൺ 4-ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് മാർപാപ്പക്ക് അമേരിക്കയുടെ ഏറ്റവും വലിയ സൈനികേതര ബഹുമതിയായ സ്വാതന്ത്ര്യത്തിന്റെ മെഡൽ സമ്മാനിക്കുകയുണ്ടായി.

ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോകത്തിലെ വിവിധ മതവിശ്വാസത്തിൽപെട്ട നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1986 ഒക്ടോബർ 27-ന് ഇറ്റലിയിലെ അസ്സീസിയിൽ വിവിധ മതത്തിൽ പെട്ട 120 പ്രതിനിധികളാണ് മാർപാപ്പയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഒത്തുകൂടിയത്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇല്ലാതായ ബന്ധങ്ങൾ മറ്റു സഭാവിഭാഗങ്ങളുമായി വീണ്ടും വിളക്കിച്ചേർക്കുന്നതിന് മാർപാപ്പ പരിശ്രമിച്ചു. ഓർത്തോഡക്‌സ് വിശ്വാസികൾ കൂടുതലായി വസിക്കുന്ന റൊമാനിയ, ഉക്രൈൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സഭാനേതാക്കന്മാരെ  മാർപാപ്പ സന്ദർശിക്കുകയും അങ്ങനെ അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ റഷ്യ സന്ദർശിക്കുക എന്ന മാർപാപ്പയുടെ ആഗ്രഹം ഒരു സ്വപ്നമായി അവശേഷിക്കുകയും ചെയ്തു.

യൂറോപ്പിലെയും മറ്റു  രാജ്യങ്ങളിലെയും പ്രൊട്ടസ്റ്റന്റ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും മാർപാപ്പക്കു സാധിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് സഭയും യഹൂദ വിശ്വാസികളും തമ്മിലുള്ള ബന്ധം വലിയ പുരോഗതി കൈവരിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹൂദരുടെ പീഡനങ്ങൾ നേരിട്ടു കണ്ട ഒരു വ്യക്തി എന്ന നിലയിൽ അവരുടെ സഹായത്തിനായി മാർപാപ്പ എപ്പോഴും ഉണ്ടായിരുന്നു. 1979-ൽ ജർമ്മനിയിലെ കുപ്രസിദ്ധ അവ്ഷ്വിറ്റ്സ് തടങ്കൽ പാളയം മാർപാപ്പ സന്ദർശിച്ചു. 1993 ഡിസംബർ 30-ന് ഇസ്രായേൽ രാജ്യവുമായി വത്തിക്കാൻ നയതന്ത്ര ബന്ധം ആരംഭിച്ചു.

ബുദ്ധമത നേതാവായ ദലൈലാമ എട്ടു പ്രാവശ്യമാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചിരിക്കുന്നത്. മുസ്ലീങ്ങളുമായുള്ള മാർപാപ്പയുടെ ബന്ധവും ഊഷ്മളമായിരുന്നു. റോമിലെ മോസ്കിന്റെ നിർമ്മാണത്തെ പിന്താങ്ങുകയും അതിന്റെ ഉദ്ഘാടനത്തിൽ സംബന്ധിക്കുകയും ചെയ്തു. 2001 മെയ് 6-ന് സിറിയയിലെ ഉമയാദ് മോസ്‌ക്കിൽ പ്രാർത്ഥിക്കുക വഴി അങ്ങനെ ചെയ്യുന്ന ആദ്യത്തെ മാർപാപ്പയായി ജോൺ പോൾ രണ്ടാമൻ മാറി.

1981 മെയ് 13-ന് പതിവുപോലെ വത്തിക്കാൻ ചത്വരത്തിൽ ബുധനാഴ്ച കൂടിക്കാഴ്ചക്കെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ മെഹ്മ്മദ് അലി അഗ്ക എന്ന തുർക്കിക്കാരനായ അക്രമി വെടി വച്ചു. മാരകമായി മുറിവേറ്റ മാർപാപ്പക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബോധം നഷ്ടപ്പെട്ടു. ധാരാളം രക്തം വാർന്നുപോയ മാർപാപ്പയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി. പരിശുദ്ധ മാതാവിന്റെ സഹായത്താലാണ് മരണത്തിൽ നിന്ന് താൻ രക്ഷപെട്ടതെന്ന് മാർപാപ്പ വിശ്വസിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്ത വെടിയുണ്ടകൾ ലൂർദ്ദ് മാതാവിന്റെ കിരീടത്തിൽ സമർപ്പിച്ചിരിക്കുന്നു. അഗ്ക ശിക്ഷിക്കപ്പെട്ടു ജയിലിലടക്കപ്പെട്ടെങ്കിലും, 1983 ക്രിസ്തുമസ് കാലയളവിൽ ജോൺ പോൾ രണ്ടാമൻ അയാളെ സന്ദർശിക്കുകയും ഇരുപതു മിനിറ്റോളം സ്വകാര്യമായി സംസാരിക്കുകയും ചെയ്തു. അതിനു ശേഷം മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ സംസാരം ഒരു രഹസ്യമായി നിലനിൽക്കും. ഒരു സഹോദരനോടെന്ന പോലെയാണ് അവനോട് ഞാൻ സംസാരിച്ചത്. അവനോട് പൂർണ്ണമായും ഞാൻ ക്ഷമിച്ചിരിക്കുന്നു.”

മഹാജൂബിലി വർഷത്തിൽ, ചരിത്രത്തിൽ സഭാനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചില തെറ്റുകൾക്ക് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പരസ്യമായി മാപ്പ് അപേക്ഷിക്കുകയുണ്ടായി. ഗലീലിയോക്കെതിരെ ഉണ്ടായ നടപടി, ആഫ്രിക്കയിലെ അടിമവ്യാപാരം, മതപരമായ യുദ്ധങ്ങൾ എന്നിവ അവയിൽ ചിലതാണ്.

മാർപാപ്പ ആയി സ്ഥാനമേൽക്കുമ്പോൾ വളരെ ആരോഗ്യവാനായിരുന്ന ജോൺ പോൾ രണ്ടാമൻ രണ്ടു വധശ്രമങ്ങൾക്ക് വിധേയനായ വ്യക്തി എന്ന നിലയിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആളെന്ന നിലയിലും ജീവിതത്തിന്റെ അവസാന നാളുകളിൽ പലവിധ രോഗങ്ങളാൽ വിഷമിച്ചിരുന്നു. അദ്ദേഹത്തെ അലട്ടിയ പ്രധാന രോഗം  നാഡികളെ ബാധിക്കുന്ന പാർക്കിൻസൺസ് രോഗമാണ്. എന്നിരുന്നാലും ജീവിതാവസാനം വരെ അദ്ദേഹം വിശ്രമരഹിതമായി ജോലി ചെയ്തു.

രോഗിയായിരുന്നപ്പോൾ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും തന്റെ വസതിയിൽ മരിക്കണമെന്ന മാർപാപ്പയുടെ ആഗ്രഹപ്രകാരം അവസാന നാളുകളിൽ വത്തിക്കാനിൽ തന്നെ അദ്ദേഹത്തെ ചികിത്സിക്കുകയായിരുന്നു. തന്റെ ദീർഘകാല സെക്രട്ടറി ആയിരുന്ന ആർച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ജീവിഷിൽ നിന്നും മാർപാപ്പ അന്ത്യകൂദാശ സ്വീകരിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അന്ത്യവചനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്, “എന്റെ പിതാവിന്റെ ഭവനത്തിലേക്ക് പോകാൻ എന്നെ അനുവദിക്കുക” എന്നതാണ്. 2005 ഏപ്രിൽ 2-ന് തന്റെ എൺപത്തിയഞ്ചാം ജന്മദിനത്തിന് നാല്പത്തിയാറ്‌ ദിവസങ്ങൾക്കു മുൻപ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കാലം ചെയ്തു. തന്റെ സ്വന്തദേശമായ പോളണ്ടിലെ മണ്ണിൽ അടക്കപ്പെടാനുള്ള ആഗ്രഹം വില്‍പ്പത്രത്തിൽ രേഖപ്പെടുത്തിയെങ്കിലും ഇത് കർദ്ദിനാൾ സംഘത്തിന്റെ തീരുമാനത്തിന് വിടുന്നു എന്നും അദ്ദേഹം എഴുതിയിരുന്നു. ചരിത്രത്തിൽ അന്നു വരെ നടന്ന ഏറ്റവും കൂടുതൽ രാഷ്ട്രതലവന്മാർ സംബന്ധിച്ച ഒരു ശവസംസ്കാരമായിരുന്നു ജോൺ പോൾ രണ്ടാമന്റേത്. കർദ്ദിനാൾ സംഘത്തിന്റെ ഡീനായിരുന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ (പിന്നീട് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ) ആയിരുന്നു ശവസംസ്കാര ശുശ്രൂഷക്ക് നേതൃത്വം നൽകിയത്.

ജോൺ പോൾ രണ്ടാമന്റെ ശവസംസ്കാര സമയത്തു തന്നെ “സാന്തോ സുബിത്തോ” (ഇപ്പോൾ തന്നെ വിശുദ്ധനാക്കുക) വിളികൾ ഉയർന്നിരുന്നു. ബെനഡിക്ട് മാർപാപ്പ നിലവിലുണ്ടായിരുന്ന അഞ്ചു വർഷക്കാലാവധിക്ക് ഇളവ് നൽകുകയും അങ്ങനെ ജോൺ പോൾ രണ്ടാമന്റെ നാമകരണ നടപടികൾ വേഗത്തിൽ ആരംഭിക്കുകയും ചെയ്തു. 2011 മെയ് 1-ന് ബെനഡിക്ക്റ്റ് പതിനാറാമൻ മാർപാപ്പ ജോൺ പോൾ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായും 2014 ഏപ്രിൽ 27-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ഒക്ടോബർ 22-ന് വി. ജോൺ പോൾ രാണ്ടാമന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.