പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 259 – പിയൂസ് XI (1857-1939)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1922 ഫെബ്രുവരി 6 മുതൽ 1939 ഫെബ്രുവരി 10 വരെ സഭയെ നയിച്ച മാർപാപ്പയാണ് പിയൂസ് പതിനൊന്നാമൻ. ഇറ്റലിയിലെ മിലാനടുത്തുള്ള ദേസീയോ പട്ടണത്തിൽ ഫ്രാഞ്ചെസ്‌കോ – തെരേസ ദമ്പതികളുടെ മകനായി എ.ഡി. 1857 മെയ് 31 -ന് അംബ്രോജോ റാത്തി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പട്ടുവസ്ത്ര നിർമ്മാണ ഫാക്ടറി ഉടമയും പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു. എ.ഡി. 1879 -ൽ വൈദികനായ അംബ്രോജോ റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ തന്റെ പഠനം തുടരുകയും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു. തുടർന്ന് 1882 മുതൽ 1888 വരെ പാദുവായിലെ സെമിനാരിയിലെ അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

മിലാനിലെ പ്രസിദ്ധമായ അബ്രോസിയൻ ലൈബ്രറിയുടെ ചുമതലക്കാരനായി പതിമൂന്നു വർഷത്തോളം അംബ്രോജോ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അംബ്രോസ്സിയൻ കുർബാനക്രമത്തിന്റെ പുതിയ പതിപ്പ് എഡിറ്റ് ചെയ്യുകയും വി. ചാൾസ് ബൊറമെയോയുടെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകേട്ട പർവ്വതാരോഹകനായ അംബ്രോജോ അക്കാലയളവിൽ മോണ്ടെ റോസ, മാത്തർഹോൺ, മോണ്ട് ബ്ലാങ്ക്, പ്രസൊലാന പർവ്വതങ്ങൾ കീഴടക്കിയിട്ടുണ്ട്. അതിൽ തന്നെ യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന പർവ്വതമായ മോണ്ട് ബ്ലാങ്ക് 4,808 മീറ്റർ ഉയരത്തിലുള്ളതാണ്. ചില പർവ്വതങ്ങളുടെ ഉയർന്ന പ്രദേശങ്ങൾ ഇന്ന് പിയൂസ് പതിനൊന്നാമന്റെ പേരിലാണ് അറിയപ്പെടുന്നത്.

എ.ഡി. 1911 -ൽ പിയൂസ് പത്താമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം അംബ്രോജോയെ വത്തിക്കാൻ ലൈബ്രറിയുടെ വൈസ് പ്രീഫെക്റ്റും പിന്നീട് പ്രീഫെക്റ്റും ആയി നിയമിച്ചു. 1918 -ൽ പോളണ്ടിലെ മാർപാപ്പയുടെ പ്രതിനിധിയായി അംബ്രോജോയെ പിയൂസ് മാർപാപ്പ അയച്ചു. ഇക്കാലയളവിൽ റഷ്യൻ അധിനിവേശത്തിൽ നിന്നും വിമോചനം നേടിയ പോളണ്ടിൽ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. അതിനാൽ തന്നെ അംബ്രോജോയുടെ നിയമനം അതീവ പ്രാധാന്യമുള്ള ഒന്നായിരുന്നു. 1919 -ൽ പേപ്പൽ നുൺഷിയോയും ആർച്ചുബിഷപ്പുമായി മാർപാപ്പ അദ്ദേഹത്തെ ഉയർത്തി. കമ്യൂണിസ്റ്റ് റഷ്യയിലെ ബോൾഷെവിക് പട്ടാളക്കാർ വാഴ്ഷോ പിടിച്ചടക്കാനായി വീണ്ടും വരുമ്പോൾ ബെനഡിക്ക്റ്റ് മാർപാപ്പ ലോകത്തോടു പോളണ്ടിനായി പ്രാർത്ഥന അഭ്യർത്ഥിച്ചു.

വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ പോളണ്ടിൽ തന്നെ വസിച്ച ഒരേയൊരു വിദേശ രാജ്യപ്രതിനിധി ആർച്ചുബിഷപ്പ് അംബ്രോജോ മാത്രമായിരുന്നു. സമാധാനം സംജാതമാക്കുന്നതിനായി റഷ്യയിൽ പോയി ഒരു രക്തസാക്ഷിയാകാനും താൻ തയ്യാറാണെന്നു പറഞ്ഞ അംബ്രോജോയോട് ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ പറഞ്ഞത് തനിക്ക് ഇപ്പോൾ വേണ്ടത് ഒരു രക്തസാക്ഷിയെ അല്ല പിന്നെയോ നയതന്ത്രഞ്ജനെയാണ് എന്നാണ്. എന്നാൽ റഷ്യയുമായി ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ പോളണ്ടിൽ ശത്രുക്കളെ സൃഷ്ടിക്കുകയും തത്ഫലമായി അവിടെ നിന്ന് സേവനം മതിയാക്കി തിരികെ വത്തിക്കാനിലേക്ക് വരേണ്ടാതായും വന്നു.

എ.ഡി. 1921 -ൽ ബെനെഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ആർച്ചുബിഷപ്പ് അംബ്രോജോയെ കർദ്ദിനാളും മിലാനിലെ ആർച്ചുബിഷപ്പുമായി നിയമിച്ചു. തന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു മുൻപായി അദ്ദേഹം മോണ്ടെ കസ്സിനോയിലെ ബെനഡിക്റ്റീൻ ആശ്രമത്തിൽ പോയി ഒരാഴ്ച്ച ധ്യാനിച്ചു എന്ന് ജീവചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അംബ്രോജോ മിലാനിലെത്തി ഒരു വർഷത്തിനുള്ളിൽ ബെനഡിക്റ്റ് മാർപാപ്പ കാലം ചെയ്യുകയും കർദ്ദിനാൾ അംബ്രോജോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും പിയൂസ് എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു.

ദൈവീകചിന്തകൾ നഷ്ടപ്പെട്ട് അതിവേഗം സെക്കുലർ ആയിക്കൊണ്ടിരുന്ന ആധുനിക ലോകത്തിലെ ക്രിസ്തീയസാന്നിധ്യത്തിന്റെ പ്രകാശം അണയാതെ സൂക്ഷിക്കുക എന്ന ഉത്തരവാദിത്വത്തിനാണ് തന്റെ പേപ്പസിയുടെ ആദ്യകാലങ്ങളിൽ മാർപാപ്പ ശ്രദ്ധ നൽകിയത്. മാർപാപ്പയുടെ ചാക്രികലേഖനങ്ങൾ എല്ലാം തന്നെ ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയവയാണ്. “ദിവിനി ഇല്ലിയൂസ് മജിസ്ട്രി” എന്ന ചാക്രികലേഖനത്തിൽ ക്രിസ്തീയ വിദ്യാഭ്യാസത്തിന് മനുഷസ്വഭാവ രൂപീകരണത്തിൽ ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. കുടുംബത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന പ്രബോധനരേഖയാണ് “കാസ്തി കൊനൂബി” എന്നത്. ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകം ക്രിസ്തീയവിവാഹത്തിലൂടെ പടുത്തുയർത്തുന്ന കുടുംബങ്ങളാണ് എന്ന് മാർപാപ്പ ഇതിൽ പറയുന്നു.

ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രസിദ്ധമായ “റേരും നൊവാരും” എന്ന ചാക്രികലേഖനത്തിന്റെ നാല്പതാം വാർഷികം ആഘോഷിച്ചപ്പോൾ “ക്വാദ്രജെസിമോ ആന്നോ” എന്ന പേരിൽ സ്ഥിതിസമത്വവാദത്തിന്റെയും (socialism), മുതലാളിത്ത വ്യവസ്ഥിതിയുടെയും (capitalism) തിന്മകൾ എടുത്തുകാട്ടിക്കൊണ്ട് പിയൂസ് പതിനൊന്നാമൻ ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. ആധുനിക സാങ്കേതികവിദ്യകളെയും ആശയവിനിമയ മാർഗ്ഗങ്ങളെയും വിശാലമായ ഈ ലോകത്തിൽ സുവിശേഷപ്രഘോഷണ ഉപാധികളായി ഉപയോഗിക്കണമെന്ന് മാർപാപ്പ ഉത്‌ബോധിപ്പിച്ചു. ഈ ലക്ഷ്യം മുൻനിർത്തിയാണ് 1831 -ൽ മാർപാപ്പ വത്തിക്കാൻ റേഡിയോ സ്ഥാപിച്ചത്. റേഡിയോയിലൂടെ തന്റെ ശബ്ദം ലോകത്തെ കേൾപ്പിച്ച ആദ്യത്തെ മാർപാപ്പയാണ് പിയൂസ് പതിനൊന്നാമൻ.

തന്റെ മുൻഗാമിയായ ബെനഡിക്റ്റ് പതിനഞ്ചാമന്റെ നയങ്ങൾ തന്നെയാണ് ആഫ്രിക്കയിലെയും ഏഷ്യയിലെയും സഭകളുടെ വളർച്ചയുടെ കാര്യത്തിൽ പിയൂസ് മാർപാപ്പയും സ്വീകരിച്ചത്. എല്ലാ സന്യാസ സഭകളും തങ്ങളുടെ മാനുഷിക-ഭൗതീകസമ്പത്തുകൾ മിഷൻ പ്രവർത്തനത്തിനായി ഉപയോഗിക്കണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു. സഭാവിരുദ്ധ തത്വസംഹിതകളെയും ആശയങ്ങളെയും എതിർത്തപ്പോഴും ശാസ്ത്രീയപുരോഗതികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൈലിയായിരുന്നു മാർപാപ്പയുടേത്. ഈ ലക്ഷ്യത്തോടെയാണ് എ.ഡി. 1936 -ൽ റോമിൽ ശാസ്ത്രപഠനത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി മാർപാപ്പ സ്ഥാപിച്ചത്. ആധുനിക ലോകത്തിലെ സഭാസംവിധാനത്തിന്റെ ഭാഗമായി ക്രിസ്ത്യൻ എക്യുമെനിക്കൽ പ്രസ്ഥാനത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുന്ന ആദ്യത്തെ മാർപാപ്പയാണ് പിയൂസ് പതിനൊന്നാമൻ. അതിൽ തന്നെയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും കത്തോലിക്കാ സഭയും ഐക്യത്തിൽ കഴിയണമെന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. എന്നാൽ വിഭജിക്കപ്പെട്ടു പോയവർ മാതൃസഭയിലേക്ക് തിരികെയെത്തുക എന്ന ആശയത്തിനായിരുന്നു മാർപാപ്പ പ്രഥമ പരിഗണന നൽകിയിരുന്നത്.

സഭയിലെ അറിയപ്പെടുന്ന നിരവധി വ്യക്തിത്വങ്ങളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതും പിയൂസ് പതിനൊന്നാം മാർപാപ്പയാണ്. ലൂർദ്ദിൽ മാതാവിന്റെ ദർശനം ലഭിച്ച വി. ബെർണദീത്ത, വി. കൊച്ചുത്രേസ്യ, വി. ജോൺ വിയാനി, വി. ജോൺ ഫിഷർ, വി. തോമസ് മൂർ, വി. ജോൺ ബോസ്കോ എന്നിവർ അവരിൽ ചിലരാണ്. അതുപോലെ വി. പീറ്റർ കനീഷ്യസ്, കുരിശിന്റെ വി. യോഹന്നാൻ, വി. റോബർട്ട് ബെല്ലാർമിൻ, മഹാനായ വി. ആൽബർട്ട് എന്നിവരെ മാർപാപ്പ സഭയിലെ വേദപാരംഗതന്മാരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു.

യൂറോപ്പിലെ രാഷ്ട്രീയ സാഹചര്യം മാർപാപ്പക്ക് ധാരാളം വെല്ലുവിളികൾ സമ്മാനിച്ചു. ഫ്രാൻസിലെ റിപ്പബ്ലിക്കൻ ഭരണകൂടം സഭയ്‌ക്കെതിരായിരുന്നു, അതുപോലെ തന്നെ സഭ ഭരണകൂടത്തിനും. 1905 -ൽ മിക്ക സന്യാസ സഭകളെയും അവർ ഫ്രാൻസിൽ നിന്നും പുറത്താക്കുകയും സഭയുടെ സ്‌കൂളുകൾ നിർത്തലാക്കുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഇറ്റാലിയിലും സർക്കാരും പേപ്പസിയുമായുള്ള ബന്ധം നീണ്ട കാലങ്ങളോളം വളരെ മോശമായ സ്ഥിതിയിലായിരുന്നു. വിക്ടർ ഇമ്മാനുവേൽ രണ്ടാമൻ രാജാവ് പേപ്പൽ സ്റ്റേറ്റിന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തു ഇന്നത്തെ ഏകീകൃത ഇറ്റലിക്ക് 1860 -ൽ രൂപം കൊടുത്തു. നീണ്ടകാലത്തെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ ശ്രമഫലമായിട്ടാണ്. എ.ഡി. 1929 -ൽ ഇറ്റാലിയൻ സർക്കാരും വത്തിക്കാനും തമ്മിൽ ഒപ്പുവച്ച പ്രസിദ്ധമായ കരാറാണ് ലാറ്ററൻ ഉടമ്പടി എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഇതനുസരിച്ച് പേപ്പൽ സ്റ്റേറ്റ് എന്ന അവകാശവാദം വത്തിക്കാൻ ഉപേക്ഷിക്കുകയും വത്തിക്കാൻ എന്ന ചെറുരാജ്യം നിലവിൽ വരികയും ചെയ്തു.

ഇക്കാലയളവിൽ സോവിയറ്റ് യൂണിയനിൽ ലെനിനിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വരികയും എല്ലാവിധ വിശ്വാസാനുഷ്ഠാനങ്ങളും നിരോധിക്കുകയും ചെയ്തു. ജർമ്മനിയിൽ ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നാസിസം അടിച്ചേൽപ്പിക്കുകയും അവർക്കെതിരായ നിന്നവരെയെല്ലാം നിഷ്ഠൂരമായി ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇറ്റലിയിൽ മുസ്സോളിനിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് നയങ്ങൾ സഭക്കു മേൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം ക്രിസ്തീയ ചിന്താഗതികൾക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വെല്ലുവിളി ഉയർത്തി.

ഈ സംഭവങ്ങളെ പ്രതിരോധിക്കാനായി ചരിത്രപ്രധാനമായ മൂന്ന് ചാക്രികലേഖനങ്ങളാണ് മാർപാപ്പ എഴുതിയത്. ഫാസിസത്തിനെതിരെ “നോൺ അബിയാമോ ബിസോഞ്ഞ്യോ” നാസിസത്തിനെതിരെ “മിത് ബ്രെന്നെണ്ടർ സോർഗെ” കമ്മ്യൂണിസത്തിനെതിരെ “ദിവിനി റിഡെംപ്‌റ്റോറിസ്” എന്നീ മൂന്ന് പ്രബോധനരേഖകൾ ക്രിസ്തീയവിശ്വാസികളുടെ കരങ്ങളിലെത്തി. ഈ തത്വസംഹിതകൾ പിഞ്ചെല്ലുന്നവർ സമൂഹത്തെ തങ്ങളുടെ സര്‍വ്വാധിപത്യത്തിലാക്കുന്നത് മാനവരാശിയുടെ നാശത്തിന് ഇടയാക്കുമെന്ന് മാർപാപ്പ വാദിച്ചു. ഇതു കൂടാതെ ഫ്രാൻസിൽ ഉയർന്നു വന്ന ദേശീയവാദത്തിനെതിരെയും അമേരിക്കയിൽ നിലനിൽക്കുന്ന യഹൂദവിരോധത്തെയും മാർപാപ്പ തന്റെ എഴുത്തിലൂടെ ചോദ്യം ചെയ്തു.

ജർമ്മനിയിൽ മാർപാപ്പയുടെ ചാക്രികലേഖനം രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്തവരെ നാസികൾ തടവറക്കുള്ളിലാക്കി. ഹിറ്റ്ലറിന്റെ പാതയിൽ സഞ്ചരിച്ച് യഹൂദവിരോധം ഇറ്റലിയിൽ മുസ്സോളിനി നടപ്പാക്കാൻ തുടങ്ങിയപ്പോൾ മാർപാപ്പ അതിനെയും ശക്തിയുക്തം എതിർത്തു. തന്നെ സന്ദർശിച്ച ബെൽജിയൻ തീർത്ഥാടകരോട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: “വിശുദ്ധ കുർബാനയിൽ അബ്രഹാം നമ്മുടെ പിതാവെന്ന് നാം അനുദിനം ഏറ്റുചൊല്ലുന്നു… യഹൂദവിരോധത്തിന് ക്രിസ്തീയവിശ്വാസത്തിൽ യാതൊരു സ്ഥാനവുമില്ല… ക്രിസ്തുവിൽ കൂടി അബ്രഹാമിന്റെ സന്താനങ്ങളായിരിക്കുന്ന നാമെല്ലാം ആത്മീയമായി യഹൂദരാണ്.” എ.ഡി. 1938 നവംബർ 21 -ന് നാസികളുടെ വംശീയവാദത്തെ മാർപാപ്പ തള്ളിക്കളയുകയും ആത്യന്തികമായി മനുഷ്യരെല്ലാം ഒരേ വംശത്തിൽപെട്ടവരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മുകളിൽ വിവരിച്ച പ്രശ്നങ്ങൾ കൂടാതെ സഭ ഇക്കാലത്ത് അഭിമുഖീകരിച്ച മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു മെക്സിക്കോയിലെ സഭക്കെതിരായുള്ള ഭരണാധികാരികളുടെ പീഡനം. അയ്യായിരത്തിലധികം പുരോഹിതരും ബിഷപ്പുമാരും ഇവിടെ ഇക്കാലയളവിൽ രക്തസാക്ഷികളായിട്ടുണ്ട്. സമാനമായ പീഡനങ്ങൾ ഈ സമയത്ത് സ്പെയിനിലും ഉണ്ടായി. അതിനെയൊക്കെ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ചൈതന്യത്തിൽ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള ശക്തമായ നേതൃത്വമായിരുന്നു പിയൂസ് പതിനൊന്നാമന്റേത്.

പിയൂസ് മാർപാപ്പയുടെ ഭരണകാലയളവിലെ എടുത്തുപറയത്തക്ക ചരിത്രസംഭവമായി രേഖപ്പെടുത്തിയിരിക്കുന്നതാണ് ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഇവാനിയോസിന്റെ നേതൃത്വത്തിൽ നടന്ന മലങ്കര സഭാ പുനരൈക്യം. 1930 സെപ്റ്റംബർ 20 -ലെ പുനരൈക്യംവഴി മാർത്തോമ്മാ ക്രിസ്ത്യാനി പാരമ്പര്യത്തിൽപെട്ട ഈ പുരാതനസഭ, നൂറ്റാണ്ടുകളോളം നഷ്ടപ്പെട്ടു പോയ, കത്തോലിക്കാ സഭാ പൈതൃകത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് പിയൂസ് പതിനൊന്നാമൻ മാർപാപ്പ തന്നെ “ക്രിസ്തോ പാസ്‌തോരും പ്രിഞ്ചിപ്പി” എന്ന അപ്പസ്തോലിക രേഖയിലൂടെ എ.ഡി. 1932 ജൂൺ 11 -ന് സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഹയരാർക്കി സ്ഥാപിക്കുകയും ചെയ്തു. മലങ്കര സഭ പിയൂസ് പതിനൊന്നാമൻ മാർപാപ്പയോടുള്ള ആദരവിന്റെ അടയാളമായി മാവേലിക്കരക്കടുത്തുള്ള കറ്റാനത്തു പോപ്പ് പയസ് XI ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചു.

വലിയ കഠിനാദ്ധ്വാനിയായിരുന്ന പിയൂസ് മാർപാപ്പ തന്റെ കൂടെ ജോലി ചെയ്തിരുന്നവരും അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽത്തന്നെ കൃത്യവിലോപം കാണിക്കുന്നവരെ തിരുത്തുന്നതിന് മാർപാപ്പയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എ.ഡി. 1938 നവംബർ 25 -ന് ഹൃദയസ്തംഭനം ഉണ്ടായ പിയൂസ് മാർപാപ്പ അതിനു ശേഷവും കർമ്മനിരതനായിരുന്നു. താൻ സ്ഥാപിച്ച ശാസ്ത്രപഠനത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമിയിൽ ശാസ്ത്രവും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദീർഘമായി സംസാരിച്ചതാണ് മാർപാപ്പയുടെ അവസാനത്തെ പൊതുപരിപാടി. 1939 ഫെബ്രുവരി 10 -ന് തന്റെ എൺപത്തിയൊന്നാം വയസ്സിൽ ഹൃദയസ്തംഭനം മൂലമാണ് മാർപാപ്പ കാലം ചെയ്തത്. അദ്ദേഹത്തിന്റ അവസാന വാചകമായി രേഖപ്പെടുത്തിയിരിക്കുന്നത് “എന്റെ ആത്മാവ് നിങ്ങളിൽ നിന്ന് സമാധാനത്തോടെ വിടവാങ്ങുന്നു” എന്നതാണ്. മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിൽ അപ്പോസ്തോലന്റെ കബറിനരികിലായുള്ള വി. സെബസ്ത്യാനോസിന്റെ ചാപ്പലിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.