പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 258 – ബെനഡിക്റ്റ് XV (1854-1922)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1914 സെപ്റ്റംബർ 3 മുതൽ 1922 ജനുവരി 22 വരെ സഭയെ നയിച്ച മാർപാപ്പയാണ് ബെനഡിക്റ്റ് പതിനഞ്ചാമൻ. ഇറ്റലിയിലെ ജനോവയ്ക്കടുത്തുള്ള പേലി എന്ന സ്ഥലത്താണ് എ.ഡി. 1854 നവംബർ 21 -ന് ജുസേപ്പെ – ജൊവാന്ന ദമ്പതികളുടെ മകനായി ജ്യാക്കമോ ദെല്ല കിയേസ ജനിച്ചത്. കലിസ്റ്റസ് രണ്ടാമൻ മാർപാപ്പയും വാഴ്ത്തപ്പെട്ട അന്തോണിയോ ദെല്ല കിയേസയും പിതൃവഴിയിലും ഇന്നസെന്റ് ഏഴാമൻ മാതൃവഴിയിലും ബെനഡിക്റ്റ് മാർപാപ്പയുടെ ബന്ധുക്കളാണ്. അദ്ദേഹത്തിന്റെ അകാലപിറവി കാരണം കാലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അതിനാൽ ആദ്യകാല വിദ്യാഭ്യാസം വീട്ടിൽ തന്നെ ക്രമീകരിക്കുകയും ചെയ്തു. പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി വൈദികനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് നിയമപഠനം നടത്തിയ ജ്യാക്കമോ, ഇരുപത്തിയൊന്നാമത്തെ വയസിൽ നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ചു. ഇതിനു ശേഷം വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ സെമിനാരിയിൽ ചേർന്നു.

ജ്യാക്കമോ, റോമിലെ കോളേജിയോ കപ്പർനിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി എ.ഡി. 1878 ഡിസംബർ 21 -ന് ലാറ്ററൻ ബസിലിക്കയിൽ വച്ച് വൈദികനായി അഭിഷിക്തനായി. അതിനു ശേഷം പൊന്തിഫിക്കൽ എക്ലിസിയാസ്റ്റിക്കൽ അക്കാദമിയിൽ ചേർന്ന് പഠനം തുടർന്നു. വിദ്യാഭ്യാസ കാലയളവിൽ കർദ്ദിനാൾ മരിയാനോ റാംപൊല്ലയുടെ ശ്രദ്ധയിൽപെടുകയും അദ്ദേഹം തന്റെ സഹായിയായി ജ്യാക്കമോയെ കൂട്ടുകയും ചെയ്തു. പിയൂസ് പത്താമൻ മാർപാപ്പ സ്ഥാനത്തു വന്നപ്പോൾ കർദ്ദിനാൾ മരിയാനോക്ക് സ്ഥാനഭ്രംശം സംഭവിച്ചെങ്കിലും മാർപാപ്പ ജ്യാക്കമോയെ ജോലിയിൽ നിലനിർത്തി. പിന്നീട് മാർപാപ്പ എ.ഡി. 1908 ഫെബ്രുവരി 23 -ന് അദ്ദേഹത്തെ ബൊളോഞ്ഞയിലെ ആർച്ചുബിഷപ്പായി വാഴിച്ചു. ഈ സമയത്ത് താൻ ബിഷപ്പായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മോതിരവും അംശവടിയും മാർപാപ്പ ആർച്ചുബിഷപ്പ് ജ്യാക്കമോക്കു നല്കി.

ബൊളോഞ്ഞയിൽ തന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി ആർച്ചുബിഷപ്പ് രൂപതയിലെ ഇടവകകൾ പ്രത്യേകിച്ചും ചെറിയ ഇടവകകൾ സ്ഥിരമായി സന്ദർശിച്ചു. ദേവാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പണം ധൂർത്തടിക്കരുതെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. “നമുക്ക് പാവങ്ങളെ സഹായിക്കാൻ വേണ്ടി മറ്റു ചിലവുകൾ കുറയ്ക്കാം” എന്ന് പ്രസംഗങ്ങളിൽ അദ്ദേഹം സ്ഥിരമായി പറയുമായിരുന്നു. ഇക്കാലത്ത് രൂപതയിൽ ധാരാളം ദേവാലയങ്ങൾ നിർമ്മിക്കുകയും പഴയത് പുനർനിർമ്മിക്കുകയും ചെയ്തു. ശാസ്ത്രീയ-സാഹിത്യവിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാരി പാഠ്യവിഷയങ്ങൾ ആർച്ചുബിഷപ്പ് ജ്യാക്കമോ പരിഷ്‌ക്കരിച്ചു. ഇറ്റലിയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൊറെത്തോയിലേക്കും ഫ്രാൻസിലെ ലൂർദ്ദിലേക്കും ഇടവകയിൽ നിന്നും ബിഷപ്പ് തീർത്ഥാടനം സംഘടിപ്പിച്ചിരുന്നു.

എ.ഡി. 1914 മെയ് 25 -ന് ആർച്ചുബിഷപ്പ് ജ്യാക്കമോയെ പിയൂസ് പത്താമൻ മാർപാപ്പ കർദ്ദിനാളായി ഉയർത്തി. ഈ സമയത്താണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇറ്റലി യുദ്ധകാലത്ത് ജർമ്മൻ-ഓസ്ട്രിയൻ-ഹംഗേറിയൻ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആരുടെ പക്ഷത്തായിരിക്കണം നിൽക്കേണ്ടതെന്ന് സഭയിലും രാഷ്ട്രത്തിലും ചൂടേറിയ ചർച്ചകൾ നടന്നു. ആരുടേയും പക്ഷം ചേരാതെ സമാധാനത്തിനും ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുന്നതിനുമായിരിക്കണം സഭയുടെ താല്പര്യം എന്ന് കർദ്ദിനാൾ ജ്യാക്കമോ വാദിച്ചു. പത്താം പിയൂസ് മാർപാപ്പ കാലം ചെയ്തപ്പോൾ നയതന്ത്രജ്ഞതയുള്ള ഒരാളെ മാർപാപ്പ ആയി തിരഞ്ഞെടുക്കാനുള്ള കർദ്ദിനാളന്മാരുടെ അഭിവാഞ്ചയിൽ നിന്നാണ് ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ ആകുന്നത്. പുതിയ മാർപാപ്പയ്ക്കായി തയ്യാറാക്കിയ വെള്ളക്കുപ്പായങ്ങൾ ഒന്നും തന്നെ കൃശഗാത്രനായ ബെനഡിക്റ്റ് മാർപാപ്പക്ക് ചേരുന്നതായിരുന്നില്ല. അതിനാൽ സൂചി കൊണ്ട് കുപ്പായം ക്രമീകരിച്ച് മാർപാപ്പയെ അണിയിക്കുകയായിരുന്നുവെന്ന് ചില ജീവചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ ഭരണകാലം ഒന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലായിരുന്നു. മാർപാപ്പ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് “സാംസ്ക്കാരിക യൂറോപ്പിന്റെ മരണം” എന്നായിരുന്നു. അതിനാൽ തന്നെ തന്റെ ആദ്യ ചാക്രികലേഖനത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹൃദയവേദനയോടെ മാർപാപ്പ അഭ്യർത്ഥിച്ചു. ഈ സമയത്താണ് ഫാത്തിമായിൽ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്നത്. ഇത് സമാധാനത്തിനുള്ള നല്ല ലക്ഷണമായി സഭാവിശ്വാസികൾ കണ്ടു. മാർപാപ്പയുടെ സമാധാനശ്രമങ്ങൾ, യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് മാർപാപ്പയുടെ ശ്രദ്ധ യുദ്ധത്തടവുകാരെ കൈമാറുന്നതിന് മാദ്ധ്യസ്ഥം വഹിക്കുന്നതിലും മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിലുമായിരുന്നു. 1915 ജനുവരി 15 -ന് ഇരുപതിനായിരം സാധാരണക്കാരെ യുദ്ധമേഖലയിൽ നിന്നും ഫ്രാൻസിലേക്കും പിന്നീട് ഇരുപത്തിയൊൻപതിനായിരം രോഗികളായ യുദ്ധതടവുകാരെ സ്വിറ്റ്സർലന്റിലേക്കും മാറ്റുന്നതിന് മാർപാപ്പക്കു സാധിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട്‌ ആറു ലക്ഷം കത്തിടപാടുകൾ വത്തിക്കാൻ നടത്തിയതായി രേഖകൾ സാക്ഷിക്കുന്നു. കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനു മാത്രമായി മാർപാപ്പ ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് ഭക്ഷണമെത്തിക്കാൻ സഹായിക്കണമെന്ന് അമേരിക്കയിലെ വൈദികരോട് മാർപാപ്പ അഭ്യർത്ഥിച്ചു. ഈ കാലഘട്ടത്തിലെ അതിഭീകര സംഭവമായിരുന്നു ഓട്ടോമൻ സാമ്രാജ്യം അർമേനിയൻ ക്രൈസ്തവരെ 1915 -ൽ കൂട്ടക്കൊല ചെയ്തത്. പത്തു ലക്ഷം അർമേനിയൻ വംശജരാണ് ഇക്കാലയളവിൽ വംശഹത്യക്ക് വിധേയമായത്. മാർപാപ്പ സർവ്വ സ്വാധീനവും ഉപയോഗിച്ച് അവരെ രക്ഷിക്കുന്നതിനു പരിശ്രമിച്ചെങ്കിലും ലോകമഹായുദ്ധത്തിന്റ പശ്ചാത്തലത്തിൽ ആരും മാർപാപ്പയെ സഹായിക്കാൻ വന്നില്ല.

1918 നവംബർ മാസത്തിൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികൾ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിട്ടു. പട്ടിണിയും ദുരിതവും അകറ്റുന്നതിന് മാർപാപ്പ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. യൂറോപ്പിൽ യുദ്ധത്തിനു ശേഷം നിലവിൽ വന്ന ദേശീയവാദത്തിന് പ്രതിവിധിയായി യൂറോപ്പിന്റെ ഏകീകരണമാണ് ആവശ്യമെന്ന് തന്റെ “പാച്ചം ദേയി മൂനുസ് പുൾച്ചെറിമും” എന്ന ചാക്രികലേഖനത്തിലൂടെ മാർപാപ്പ വാദിച്ചു. മാർപാപ്പ എഴുതി: “യുദ്ധം അവസാനിച്ചെങ്കിലും വെറുപ്പും ശത്രുതയും ഇല്ലാതാക്കി പരസ്പരസ്നേഹത്തിൽ അനുരഞ്ജനം സംജാതമാക്കിയില്ലെങ്കിൽ സമാധാനം കൈവരുകയില്ല.” അതുപോലെ തന്നെ ഈ കാലഘട്ടത്തിലെ വലിയൊരു സംഭവവികാസമായിരുന്നു റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവം. ലെനിന്റെ മതവിരുദ്ധ നയങ്ങൾ നടുക്കത്തോടെയാണ് മാർപാപ്പ കേട്ടത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ പുതിയതായി പല രാജ്യങ്ങളും രൂപം കൊള്ളുകയും അത് സഭയ്ക്ക് നവമായ വെല്ലുവിളികളും അവസരങ്ങളും സമ്മാനിക്കുകയും ചെയ്തു. റഷ്യൻ ആധിപത്യത്തിൽ നിന്നും വിമോചിപ്പിക്കപ്പെട്ട പോളണ്ട്, എസ്തോണിയ, ലിത്വുവേനിയ രാജ്യങ്ങളിൽ സ്വതന്ത്രമായി വിശ്വാസം ആചരിക്കാനുള്ള അവസരമുണ്ടായി.

ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ വലിയ സംഭാവനകളിലൊന്നാണ് എ.ഡി. 1917 -ൽ പ്രസിദ്ധം ചെയ്ത സഭാനിയമ സംഹിത. ഇത് പിയൂസ്-ബെനഡിക്‌റ്റീൻ കോഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പൗരസ്ത്യ സഭകളുടെ തനിമയും പാരമ്പര്യങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി എ.ഡി. 1917 -ൽ മാർപാപ്പ പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ സ്ഥാപിച്ചു. പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടും റോമിലെ കോപ്റ്റിക് കോളേജും ബെനഡിക്റ്റ് മാർപാപ്പ ആരംഭിച്ചതാണ്. എ.ഡി. 1920 ഒക്ടോബർ 5 -ന് സിറിയയിലെ വി. അപ്രേമിനെ സഭയിലെ വേദപാരംഗതനായി മാർപാപ്പ പ്രഖ്യാപിച്ചു.

മിഷൻ പ്രവർത്തനത്തിലൂടെ പുതിയതായി രൂപം കൊള്ളുന്ന സഭാസമൂഹങ്ങൾ പ്രാദേശിക പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ചു രൂപപ്പെടേണ്ടതാണെന്നും യൂറോപ്പിന്റെ സംസ്കാരം അവിടെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടതെന്നും മാർപാപ്പ പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിൽ വത്തിക്കാന്റെ സമ്പത്ത് മുഴുവൻ യുദ്ധക്കെടുതി അനുഭവിച്ചവരെ സഹായിക്കാനായി ഉപയോഗിക്കുകയും മാർപാപ്പ കാലം ചെയ്യുമ്പോൾ അതുമൂലം വത്തിക്കാന് വലിയ കടം ഉണ്ടാവുകയും ചെയ്തു. എ.ഡി. 1922 ജനുവരി 22 -ന് കാലം ചെയ്ത ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.