പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 256 – ലിയോ XIII (1810-1903)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1878 ഫെബ്രുവരി 20 മുതൽ 1903 ജൂലൈ 20 വരെ സഭയെ നയിച്ച മാർപാപ്പയാണ് ലിയോ പതിമൂന്നാമൻ. ഇറ്റലിയിലെ കാർപനേത്തോ റൊമാനൊ എന്ന പട്ടണത്തിൽ എ.ഡി. 1810 മാർച്ച് 2 -ന് ലുഡോവിക്കോ പെച്ചിയുടെയും അന്ന പ്രോസ്പെരിയുടെയും മകനായി വിഞ്ചെൻസോ പെച്ചി ജനിച്ചു. വളരെ ഭക്തിയുള്ള കുടുംബാന്തരീക്ഷത്തിൽ വളർന്ന വിഞ്ചെൻസോ, വിത്തെർബോയിലുള്ള ഈശോസഭാ സ്‌കൂളിൽ തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തി. അമ്മയുടെ മരണത്തോടെ പിതാവിനോടൊത്തു വസിക്കുന്നതിനായി അദ്ദേഹവും സഹോദരനും റോമിൽ എത്തുകയും കൊളേജിയും റൊമാനുമിൽ ചേർന്ന് പഠനം തുടരുകയും ചെയ്തു. സഹോദരൻ ജുസേപ്പെ ഈശോസഭയിലും വിഞ്ചെൻസോ രൂപതയിലും വൈദികരായി. സഭാനിയമവും നയതന്ത്രവും പഠിക്കുന്നതിനായി അദ്ദേഹത്തെ അധികാരികൾ റോമിലെ പൊന്തിഫിക്കൽ അക്കാദമിയിൽ അയച്ചു. എ.ഡി. 1836 -ൽ ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും സിവിൽ നിയമത്തിലും അദ്ദേഹം ഡോക്ടർ ബിരുദം സമ്പാദിച്ചു.

വിഞ്ചെൻസോ സഹോദരനൊപ്പം പൗരോഹിത്യ പട്ടം സ്വീകരിച്ച് പ്രഥമ ദിവ്യബലിയർപ്പണവും നടത്തി. അധികം താമസിയാതെ ഗ്രിഗറി പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബൊനവെന്തോ നഗരത്തിലെ പേപ്പൽ പ്രതിനിധിയായി നിയമിച്ചു. നഗരത്തിൽ നടമാടിയിരുന്ന അരക്ഷിതാവസ്ഥക്ക് അദ്ദേഹം അറുതി വരുത്തി. പിന്നീട് പെറൂജ നഗരത്തിന്റെ ചുമതലയുള്ളപ്പോൾ മാർപാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കുകയും ഗ്രിഗറി പതിനാറാമൻ ദിവസങ്ങളോളം അവിടെ താമസിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുകയും ചെയ്തു. എ.ഡി. 1843 -ൽ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ബെൽജിയത്തെ പേപ്പൽ പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചു. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം റോമിലെ ബെൽജിയൻ കോളേജ് ആരംഭിച്ചു. ഇത് ആരംഭിച്ച് നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഭാവിയിലെ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇവിടുത്തെ വിദ്യാർത്ഥിയായി വരുന്നത് മറ്റൊരു ചരിത്രസംഭവമായി. ബെൽജിയത്തെ സേവന കാലയളവിൽ ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിന്റെ നിർമ്മാണപ്രവർത്തനങ്ങളിലും അദ്ദേഹം സഹകാരിയായി.

എ.ഡി. 1846 -ൽ പെറൂജിയായിലെ ആർച്ചുബിഷപ്പായി മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. രൂപതയിലെ വിശ്വാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം ഒരു രൂപതാ കൗൺസിൽ വിളിച്ചുകൂട്ടി. വൈദികപരിശീലനത്തിന് വലിയ പ്രാധാന്യം നൽകുകയും രൂപതാ സെമിനാരി നിരന്തരം സന്ദർശിക്കുകയും ചെയ്തു. പേരു കേട്ട തോമിസ്റ്റ് ചിന്തകനായിരുന്ന തന്റെ സഹോദരൻ ജുസേപ്പ് ഉൾപ്പെടെയുള്ളവരെ പെറൂജിയായിൽ അധ്യാപനത്തിനായി കൊണ്ടുവന്നു. അനാഥക്കുട്ടികൾ, പ്രായമായ സ്ത്രീകൾ എന്നിവർക്കായി ഭവനങ്ങൾ ആരംഭിക്കുകയും പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ഒരു ബാങ്കിങ് സംവിധാനം തുടങ്ങുകയും ചെയ്തു. കപ്പൂച്ചിയൻ സന്യാസിമാരുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിനായി “സൂപ്പ് കിച്ചൺ” പരിപാടി അദ്ദേഹം ആരംഭിച്ചു.

എ.ഡി. 1853 ഡിസംബർ 19 -ന് കർദ്ദിനാളായപ്പോൾ ആഘോഷങ്ങൾ ഇല്ലാതാക്കി, ആ പണം അടുത്ത കാലത്തുണ്ടായ ഭൂമികുലുക്കത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികൾ അനുഭവിക്കുന്നവർക്കായി നല്കി. ഇറ്റലിയിലെ അധികാരികൾ സഭയുടെ കോൺവെന്റുകളും ആശ്രമങ്ങളും ബലമായി പിടിച്ചെടുത്തു ഭരണനിർവ്വഹണ ഭവനങ്ങളും സൈനിക കെട്ടിടങ്ങളും ആക്കിയപ്പോൾ കർദ്ദിനാൾ വിഞ്ചെൻസോ അതിനെ എതിർത്തു. തന്റെ സെമിനാരി അങ്ങനെ നഷ്ടപ്പെടാതിരിക്കാനായി സെക്കുലർ വിഷയങ്ങൾ പഠിപ്പിക്കുകയും എല്ലാവർക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു. കർദ്ദിനാൾ വിഞ്ചെൻസോയും സഹോദരനും ഒന്നാം വത്തിക്കാൻ കൗൺസിലിൽ സഹായികളായിരുന്നു. ആധുനിക കാലഘട്ടത്തിൽ സഭയുടെ പങ്കിനെക്കുറിച്ചു നിരവധി പ്രസംഗങ്ങൾ അദ്ദേഹം നടത്തി. എ.ഡി. 1877 -ൽ പിയൂസ് ഒൻപതാം മാർപാപ്പ അദ്ദേഹത്തെ സഭയുടെ കാമർലിംഗോയായി നിയമിച്ചു.

പിയൂസ് ഒൻപതാം മാർപാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോൺക്ലേവിൽ വച്ച് എ.ഡി. 1878 ഫെബ്രുവരി ഇരുപതിന് കർദ്ദിനാൾ വിഞ്ചെൻസോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ലിയോഎന്ന നാമം സ്വീകരിക്കുകയും ചെയ്തു. സഭയെ ആധുനിക ലോകത്തിൽ കൂടുതൽ പ്രസക്തമാക്കുക എന്നതായിരുന്നു തന്റെ ദൗത്യമായി ലിയോ മാർപാപ്പ കരുതിയിരുന്നത്. സ്‌കോളാസ്റ്റിക് പഠനത്തിന് പ്രാധാന്യം നല്കുകയും വത്തിക്കാന്റെ രഹസ്യചരിത്രരേഖകള്‍ ഗവേഷണത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. ശാസ്ത്രവും വിശ്വാസവും ഒരുമിച്ചു നിൽക്കേണ്ടതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്റെ വാനനിരീക്ഷണാലയം പുനരാരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പയുടെ ശബ്‍ദം റെക്കോർഡ് ചെയ്തിരിക്കുന്നതും ചലിക്കുന്ന ഒരു രൂപം ക്യാമറയിൽ പകർത്തിയിരിക്കുന്നതും ലിയോ പതിമൂന്നാമന്റേതാണ്.

എ.ഡി. 1891 -ൽ റോമിൽ കോളറ പടർന്നു പിടിച്ച സമയത്ത് വത്തിക്കാനുള്ളിൽ രോഗികളെ പരിചരിക്കുന്നതിനായി ഒരു ഹോസ്പിസ് മാർപാപ്പ പണികഴിപ്പിച്ചു. 1996 -ൽ ഇപ്പോഴത്തെ സാന്താ മാർത്ത ഭവനം പണിയുന്നതിനായിട്ടാണ് ഈ കെട്ടിടം പൊളിച്ചുമാറ്റിയത്. റഷ്യൻ സാമ്രാജ്യവുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിന് മാർപാപ്പ ധാരാളം കാര്യങ്ങൾ ചെയ്തു. അതിനായി ഫ്രാൻസും റഷ്യയും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മാർപാപ്പ ഇടപെടുകയും അവർ സമാധാനത്തിലാവുകയും ചെയ്തു. ജർമ്മനിയിലെ ബിസ്മാർക്ക് ഭരണകൂടം സഭക്കെതിരായി നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ അവിടെയും മാർപാപ്പ ഇടപെട്ട് രമ്യമായി കാര്യങ്ങൾ പരിഹരിച്ചു. എ.ഡി. 1879 -ൽ ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട ഇംഗ്ളീഷ് ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ജോൺ ഹെന്റി ന്യൂമാനെ മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ഇംഗ്ളീഷ് സന്യാസി വി. വെനറബിൾ ബീഡ്, അലക്സാൻഡ്രിയായിലെ സിറിൽ, ജറുസലേമിലെ സിറിൽ, ദമാസൂസിലെ ജോൺ എന്നിവരെ സഭയിലെ വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തി.

നോർത്ത് അമേരിക്കൻ സഭയുടെ വളർച്ചയ്ക്ക് വളരെയധികം സംഭാവനകൾ മാർപാപ്പ നല്കി. മൂന്നാം ബാൾട്ടിമോർ കൗൺസിലിന്റെ ഡിക്രികൾ അംഗീകരിക്കുകയും എ.ഡി. 1887 ഏപ്രിൽ 10 -ന് അമേരിക്കൻ കാത്തലിക്ക് സർവ്വകലാശാല വാഷിങ്ടൺ നഗരത്തിൽ ആരംഭിക്കുകയും ചെയ്തു. “ഇൻ പ്ലൂറിമിസ്” എന്ന പേരിൽ പ്രസിദ്ധീകരിച്ച ചാക്രികലേഖനത്തിലൂടെ ലാറ്റിൻ അമേരിക്കയിലെ അടിമവ്യാപാരം മാർപാപ്പ നിരോധിച്ചു. ഇന്ത്യയിലും ബർമ്മയിലും സിലോണിലുമുള്ള വൈദിക വിദ്യാർത്ഥികളുടെ പരിശീലനത്തിനായി സിലോണിലെ കാന്റിയിൽ മാർപാപ്പ പൊന്തിഫിക്കൽ സെമിനാരി ആരംഭിച്ചു. ഇന്ന് ഈ സെമിനാരി മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിതിചെയ്യുന്നത്. അത് സ്ഥാപിച്ചു കൊണ്ടുള്ള മാർപാപ്പയുടെ പ്രസ്‌താവന വളരെ പ്രസിദ്ധമാണ്. “ഇന്ത്യയുടെ രക്ഷ അവളുടെ മക്കളിലൂടെയാണ്” (Filii tui India, administri tibi salutis).

കിഴക്കൻ ആഫ്രിക്കയിലെ മിഷൻ പ്രവർത്തനത്തിന് മാർപാപ്പ അനുവാദവും പ്രോത്സാഹനവും നൽകി. അതുവഴിയായി ഉഗാണ്ട, താൻസാനിയ, റുവാണ്ട പ്രദേശങ്ങളിൽ സഭ അതിവേഗം വളർന്നു. വി. തോമസ് അക്വീനാസിന്റെ വലിയ ആരാധകനായിരുന്ന ലിയോ മാർപാപ്പ തന്നെയാണ് ഇന്നത്തെ രീതിയിൽ സെന്റ് തോമസ് പൊന്തിഫിക്കൻ സർവ്വകലാശാല എ.ഡി. 1879 ഒക്ടോബർ 15 -ന് ആരംഭിക്കുന്നത്. ആദ്യവെള്ളിയാഴ്ചയിലെ തിരുഹൃദയഭക്തി ആരംഭിച്ചതും ലോകത്തെ മുഴുവൻ കർത്താവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചതും ലിയോ മാപാപ്പയാണ്. വലിയ മരിയഭക്തനായിരുന്ന മാർപാപ്പ ജപമാല ഭക്തിയെക്കുറിച്ചു തന്നെ പന്ത്രണ്ട് ചാക്രികലേഖനങ്ങളാണ് എഴുതിയിരിക്കുന്നത്.

ആധുനിക കാലഘട്ടത്തിലെ ഏറ്റം വലിയ സ്വാധീനങ്ങളിൽ ഒന്നാണ് ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ “റേരും നൊവാരും” എന്ന സാമൂഹിക ചാക്രികലേഖനം. ഇതിനെ അധികരിച്ച് പിന്നീട് വന്ന മാർപാപ്പാമാരും സാമൂഹിക തിന്മകൾക്കെതിരെ നിരവധി ചാക്രികലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. എ.ഡി. 1887 -ലാണ് വി. കൊച്ചുത്രേസ്യയുടെ റോമൻ തീർത്ഥാടന സമയത്ത് മാർപാപ്പയുമായുള്ള പ്രസിദ്ധമായ കൂടിക്കാഴ്ചയും അതിനെ തുടർന്ന് പതിനഞ്ചാം വയസ്സിൽ മഠത്തിൽ ചേരാൻ ലിസ്യൂവിലെ ബിഷപ്പിന്റെ അനുവാദവും ലഭിക്കുന്നത്. എ.ഡി 1903 ജൂലൈ 20 -ന് കാലം ചെയ്ത ലിയോ പതിമൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് ജോൺ ലാറ്ററൻ ബസിലിക്കയിലാണ്. നീണ്ട ഇരുപത്തിയഞ്ചു വർഷക്കാലം സഭയെ നയിച്ച ലിയോ മാർപാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പക്കു ശേഷം ചരിത്രത്തിൽ ഏറ്റം കൂടുതൽ കാലം ജീവിച്ച പാപ്പ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.