പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 254 – ഗ്രിഗറി XVI (1765-1846)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1831 ഫെബ്രുവരി 2 മുതൽ 1846 ജൂൺ 1 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഗ്രിഗറി പതിനാറാമൻ. വടക്കൻ ഇറ്റലിയിലെ ബെല്ലൂനോ നഗരത്തിൽ എ.ഡി. 1765 സെപ്റ്റംബർ 18 -ന് ബർത്തലോമിയോ കപ്പെല്ലാരി ജനിച്ചു. പതിനെട്ടാമത്തെ വയസിൽ ബെനഡിക്റ്റീൻ സന്യാസ കുടുംബത്തിൽപെട്ട കമൽദളോസെ സഭയിൽ ചേർന്ന് എ.ഡി. 1787 -ൽ ബർത്തലോമിയോ വൈദികനായി. വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചുകൊണ്ടാണ് സന്യാസജീവിതം തുടർന്നത്. എ.ഡി. 1795 -ൽ റോമിലേക്കു പോയ ബർത്തലോമിയോ, ജാൻസനിസത്തിനെതിരെ പ്രസിദ്ധീകരിച്ച ഒരു ലേഖനം വളരെ വേഗം പ്രസിദ്ധമാവുകയും യൂറോപ്പിലെ മറ്റു ഭാഷകളിലേക്ക് ഇത് തർജ്ജിമ ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് എ.ഡി. 1805 -ൽ റോമിലെ സാൻ ഗ്രിഗോറിയോ ആശ്രമത്തിലെ സുപ്പീരിയറായി അദ്ദേഹം നിയമിക്കപ്പെട്ടു.

നെപ്പോളിയൻ ഇറ്റലി കീഴടക്കി മാർപാപ്പയെ തടവുകാരനാക്കിയ സമയത്ത് ബർത്തലോമിയോ തന്റെ ജന്മസ്ഥലത്തെ ആശ്രമത്തിലേക്കു പോവുകയും അവിടെ നിന്ന് മറ്റു സന്യാസികളോടൊത്ത് പാദുവയിൽ വന്നു താമസിക്കുകയും ചെയ്തു. നെപ്പോളിയൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് ഈ പ്രതിസന്ധി അവസാനിക്കുമ്പോൾ കമൽദളോസെ സന്യാസ സമൂഹത്തിന്റെ വികാരി ജനറൽ ആയി അദ്ദേഹം നിയമിക്കപ്പെട്ടു. വീണ്ടും റോമൻ കൂരിയായിലെ പല ഉത്തരവാദിത്വങ്ങളും വഹിച്ച ബർത്തലോമിയോയെ മാർപാപ്പ വിശ്വാസപ്രഘോഷണ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി നിയമിച്ചു. രണ്ടു പ്രാവശ്യം ബിഷപ്പാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, എന്നാൽ അദ്ദേഹം അത് നിരസിച്ചു. ലിയോ പന്ത്രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ എ.ഡി. 1825 മാർച്ച് 21 -ന് “രഹസ്യ കർദ്ദിനാൾ” (cardinal in pectore) ആക്കുകയും ഒരു വർഷത്തിനുശേഷം അത് പ്രസിദ്ധമാക്കുകയും ചെയ്തു.

പിയൂസ് എട്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ എ.ഡി. 1831 ഫെബ്രുവരി 2 -ന് ബർത്തലോമിയോ അപ്രതീക്ഷിതമായി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പല്ലാതെ അവസാനമായി മാർപാപ്പ ആകുന്ന കർദ്ദിനാളാണ് ഗ്രിഗറി പതിനാറാമൻ. അടിമവ്യാപാരം നിരോധിച്ചു കൊണ്ട്, ഏതെങ്കിലും തരത്തിലുള്ള അടിമക്കച്ചവടത്തിൽ ഏർപ്പെടുന്നത് ക്രിസ്തീയരാജ്യങ്ങൾക്ക് അപമാനകരമായ കാര്യമാണെന്ന് എ.ഡി. 1839 -ൽ മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക രേഖയിൽ (“ഇൻ അപ്പൊസ്തൊലാത്തുസ്”) മാർപാപ്പ എഴുതി. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹസ്ഥാപകനും ദൈവശാസ്ത്രജ്ഞനുമായ അൽഫോൻസ് ലിഗോരി ഉൾപ്പെടെ പലരെയും വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി മാർപാപ്പ പ്രഖ്യാപിച്ചു. എ.ഡി. 1846 ജൂൺ 1 -ന് കാലം ചെയ്ത ഗ്രിഗറി പതിനാറാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.