പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 253 – പിയൂസ് VIII (1761-1830)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1829 മാർച്ച് 31 മുതൽ 1830 നവംബർ 30 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് പിയൂസ് എട്ടാമൻ. ഇറ്റലിയിലെ ചിഗോളി എന്ന ചെറുപട്ടണത്തിൽ ഒത്താവിയോ – സാൻസിയ ദമ്പതികളുടെ മകനായി എ.ഡി. 1761 നവംബർ 20 -ന് ഫ്രാഞ്ചെസ്കൊ സവേറിയോ കാസ്റ്റില്യോണി ജനിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ മാർപാപ്പ ആയിരുന്ന സെലസ്റ്റിൻ നാലാമന്റെ കുടുംബമാണ് ഫ്രാഞ്ചെസ്കൊയുടേതും. ഈശോസഭക്കാരുടെ സ്‌കൂളായിരുന്ന കോളേജിയോ കമ്പാനയിലെ പഠനത്തിനു ശേഷം അദ്ദേഹം ബൊളോഞ്ഞ സർവ്വകലാശാലയിൽ നിന്നും കാനൻ-സിവിൽ നിയമങ്ങളിൽ ഡോക്ടർ ബിരുദം സമ്പാദിച്ചു. അതിനു ശേഷം റോമിൽ വച്ച് എ.ഡി. 1785 ഡിസംബർ 17 -ന് ഒരു വൈദികനായി അഭിഷിക്തനായി.

അനാഞ്ഞി, ഫാനോ, അസ്‌കൊളി രൂപതകളുടെ വികാരി ജനറാളായി വിവിധ കാലങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. എ.ഡി. 1800 -ൽ മൊന്താൾത്തോ രൂപതയുടെ ബിഷപ്പായി ഫ്രാഞ്ചെസ്കൊ നിയമിതനായി. നെപ്പോളിയനോടും അദ്ദേഹത്തിന്റെ ഇറ്റലിയിലെ പ്രതിനിധിയോടും വിധേയത്വം പ്രഖ്യാപിക്കാൻ വിസമ്മതിച്ച ഫ്രാഞ്ചെസ്കൊയെ ഫ്രഞ്ചുകാർ തടവിലാക്കി മിലാനിലേക്കയച്ചു. പിന്നീട് പവിയ, മാന്തുവ, റ്റൂറിൻ നരഗരങ്ങളിൽ അദ്ദേഹത്തെ തടവറയിലാക്കി. എന്നാൽ ഫ്രാൻ‌സിൽ നെപ്പോളിയൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ ബിഷപ്പ് ഫ്രാഞ്ചെസ്കോ തന്റെ രൂപതയിൽ തിരികയെത്തി. അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച പിയൂസ് ഏഴാമൻ മാർപാപ്പ ഫ്രാഞ്ചെസ്‌കോയെ ട്രാൻസ്പൊന്തീനയിലെ സാന്ത മരിയ ദേവാലയത്തിലെ കർദ്ദിനാളായി നിയമിച്ചു.

ലിയോ പന്ത്രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി 1829 മാർച്ച് 31 -ന് കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ തിരഞ്ഞെടുക്കപ്പെടുകയും പിയൂസ് എട്ടാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. എ.ഡി. 1289 മെയ് 24 -ന് മാർപാപ്പ പുറപ്പെടുവിച്ച “ത്രദീത്തി ഉമിലിത്താത്തി” എന്ന ചാക്രികലേഖനത്തിൽ ജ്ഞാനവാദികളുടെ ആധുനിക ചിന്താധാരകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. വിവിധ ഭാഷകളിൽ ശ്രദ്ധയില്ലാതെ ബൈബിൾ പരിഭാഷപ്പെടുത്തുന്ന പ്രോട്ടസ്റ്റന്റ് പ്രവണതയെയും മാർപാപ്പ വിമർശിച്ചു. ബെനഡിക്റ്റീൻ സന്യാസി ക്ലയർവോയിലെ വി. ബെർണാഡിനെ എ.ഡി. 1830 ആഗസ്റ്റ് 20 -ന് പിയൂസ് എട്ടാമൻ മാർപാപ്പ വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തി. തുർക്കിയിലെ സുൽത്താനുമായി അവിടെയുള്ള അർമേനിയൻ കത്തോലിക്കരെ സംരക്ഷിക്കുന്നതിനായി ഒരു കരാർ ഉണ്ടാക്കുകയും കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി അവർക്കായി ഒരു അതിരൂപത സ്ഥാപിക്കുകയും ചെയ്തു. എ.ഡി. 1829 -ൽ അമേരിക്കൻ ഐക്യനാടുകൾക്കായി ഒന്നാം ബാൾട്ടിമോർ കൗൺസിൽ രൂപീകരിച്ച ഡിക്രികൾക്ക് മാർപാപ്പ അംഗീകാരം നല്കി. 1830 നവംബർ 30 -ന് കാലം ചെയ്ത പിയൂസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.