പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 224 – പിയൂസ് IV (1499-1565)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1559 ഡിസംബർ 25 മുതൽ 1565 ഡിസംബർ 9 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് പിയൂസ് നാലാമൻ. എ.ഡി. 1499 മാർച്ച് 31 -ന് ഇറ്റലിയിലെ മിലാനിൽ ബെർണഡീനോ – ക്ളീലിയ ദമ്പതികളുടെ പതിനൊന്നു മക്കളിൽ രണ്ടാമനായി ജൊവാന്നി ആഞ്ചലോ മെഡിച്ചി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മിലാന്റെ സമീപത്തുള്ള പവിയ നഗരത്തിൽ തത്വശാസ്ത്രവും വൈദ്യശാസ്ത്രവും അഭ്യസിച്ചു. പിന്നീട് പ്രസിദ്ധമായ ബൊളോഞ്ഞ സർവ്വകലാശാലയിൽ നിന്നും സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദം സമ്പാദിച്ചു. പഠനാനന്തരം പോൾ മൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിക്കുകയും റഗൂസ രൂപതയുടെ ആർച്ചുബിഷപ്പായി നിയമിക്കുകയും ചെയ്തു.

എ.ഡി. 1549 -ൽ പോൾ മൂന്നാമൻ മാർപാപ്പ ജൊവാന്നിയെ ഒരു കർദ്ദിനാളായി ഉയർത്തുകയും ജർമ്മനിയിലും ഹംഗറിയിലും നയതന്ത്ര ദൗത്യവുമായി അയക്കുകയും ചെയ്തു. പോൾ നാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ജൊവാന്നി തിരഞ്ഞെടുക്കപ്പെടുകയും പിയൂസ് നാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അധികാരമേറ്റയുടൻ റോമിൽ ഒരു പൊതുമാപ്പ് പ്രഖ്യാപിക്കുകയും ജയിലിലായിരുന്ന പലരെയും മോചിപ്പിക്കുകയും ചെയ്തു. എ.ഡി. 1562 ജനുവരി 18 -ന് നിർത്തിവച്ച തെന്ത്രോസ് സൂനഹദോസ് പിയൂസ് മാർപാപ്പ വീണ്ടും വിളിച്ചുകൂട്ടി. സഭയിലെ പല നിർണ്ണായക പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം കാണുന്നു. പ്രസിദ്ധമായ തെന്ത്രോസ് വിശ്വാസപ്രമാണം ഈ സമ്മേളനത്തിലാണ് രൂപപ്പെടുത്തിയത്. അതുപോലെ സഭയിൽ പുതിയ മതബോധന ഗ്രന്ഥവും കുർബാന ക്രമവും പ്രാർത്ഥനാക്രമവും നിലവിൽ വന്നു.

പോൾ നാലാമൻ മാർപാപ്പ തന്റെ അനന്തിരവൻ ചാൾസ് ബൊറമേയോയെ മിലാനിലെ കർദ്ദിനാൾ-ആർച്ചുബിഷപ്പായി നിയമിച്ചു. സാധാരണ ഗതിയിൽ അക്കാലത്തെ ബന്ധുനിയമനങ്ങൾ ദൗര്‍ഭാഗ്യകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കിയെങ്കിൽ ചാൾസ് എല്ലാ അപവാദങ്ങൾക്കും ഉപരിയായിരുന്നു. അദ്ദേഹം പുതിയ സെമിനാരികൾ ആരംഭിക്കുകയും വൈദികരുടെ ധാർമ്മിക നിലവാരം ഉയർത്തുകയും കുട്ടികളെ ക്രിസ്തീയവിശ്വാസം പഠിപ്പുക്കുന്നതിനുള്ള പുതിയ വഴികൾ തുറക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെയും സഭയുടെയും ധനം പാവപ്പെട്ടവരെയും രോഗികളെയും പരിചരിക്കുന്നതിന് ഉപയോഗിച്ചു. പിയൂസ് നാലാമന്റെ സെക്രട്ടറി ആയും കർദ്ദിനാൾ ചാൾസ് സേവനം അനുഷ്ടിച്ചു. എ.ഡി. 1610 -ൽ സഭ ചാൾസ് ബൊറമെയോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. എ.ഡി. 1565 ഡിസംബർ 9 -ന് കാലം ചെയ്ത പിയൂസ് നാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് അദ്ദേഹം നിർമ്മിച്ച റോമിലെ സാന്ത മരിയ ദേലി ആഞ്ചലി ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.