പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 202 – ഉർബൻ VI (1318-1389)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1378 ഏപ്രിൽ 8 മുതൽ 1389 ഒക്ടോബർ 15 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ഉർബൻ ആറാമൻ. മധ്യ ഇറ്റലിയിലെ ഇത്രി എന്ന സ്ഥലത്ത് എ.ഡി. 1318 -ലാണ് ബർത്തലോമിയോ പ്രിഞ്ഞാനോ ജനിച്ചത്. ഒരു ഇരുത്തം വന്ന സന്യാസിയും ധാർമ്മിക വിഷയങ്ങൾ ആഴത്തിൽ പഠിച്ച ദൈവശാസ്ത്രജ്ഞനുമായിരുന്നു ബർത്തലോമിയോ. അദ്ദേഹത്തിന്റെ പരിശീലനകാലമെല്ലാം അവിഞ്ഞോണിലാണ് ചിലവഴിച്ചത്. എ.ഡി. 1364 മുതൽ അസെറൻസയിലും 1377 മുതൽ ബാരിയിലും ആർച്ചുബിഷപ്പായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ലളിതമായി ചെലവു ചുരുക്കിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്വജനപക്ഷപാതം എല്ലായിടത്തും നിഴലിച്ചിരുന്ന അക്കാലത്ത് ആർച്ചുബിഷപ് ബർത്തലോമിയോ അതിനൊരു അപവാദമായിരുന്നു (എന്നാൽ മാർപാപ്പ ആയതിനു ശേഷം ഇതിന് മാറ്റം വന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്).

എ.ഡി. 1378 മാർച്ച് 27 -ന് ഗ്രിഗറി പതിനൊന്നാമൻ കാലം ചെയ്തപ്പോൾ റോമിലെ ജനക്കൂട്ടം കർദ്ദിനാളന്മാർ സമ്മേളിച്ചിരുന്ന കെട്ടിടത്തിൽ അതിക്രമിച്ചു കയറി ഒരു റോമാക്കാരനെ അടുത്ത മാർപാപ്പ ആയി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയത്ത് കർദ്ദിനാളന്മാർ തിടുക്കത്തിൽ ഫ്രാൻ‌സിൽ പഠിച്ച ഇറ്റലിക്കാരനായ ബർത്തലോമിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ജനങ്ങൾക്ക് തങ്ങൾ ഒരു റോമക്കാരനെ തിരഞ്ഞെടുത്തു എന്ന പ്രതീതി നൽകി ബർത്തലോമിയോയെ രഹസ്യമായി വിളിച്ചുവരുത്തി മാർപാപ്പയായി സ്ഥാനാരോഹണം നടത്തി. കർദ്ദിനാൾ സംഘത്തിന് പുറത്തു നിന്ന് അവസാനമായി തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പയാണ് ഉർബൻ ആറാമൻ.

എന്നാൽ മാർപാപ്പ ആയതിനു ശേഷമുള്ള ഉർബൻ ആറാമന്റെ പ്രവർത്തനങ്ങൾ ഫ്രഞ്ച് കർദ്ദിനാളന്മാരെ പ്രകോപിപ്പിക്കുകയും അനാഞ്ഞി എന്ന സ്ഥലത്ത് അവർ ഒത്തുകൂടി മാർപാപ്പ തിരഞ്ഞെടുപ്പ് നടന്നത് ജനക്കൂട്ടത്തിന്റെ സമ്മർദം കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉർബന്റെ തിരഞ്ഞെടുപ്പ് അസാധുവെന്ന് വിളംബരം ചെയ്ത് ഫ്രഞ്ച് കർദ്ദിനാൾ റോബർട്ടിനെ പുതിയ മാർപാപ്പ ആയി തിരഞ്ഞെടുത്തു. ഇന്ന് ആന്റിപോപ്പായി അറിയപ്പെടുന്ന ക്ലമന്റ് ഏഴാമൻ അവിഞ്ഞോൺ കേന്ദ്രമാക്കി തന്റെ പ്രവർത്തനം ആരംഭിച്ചു. യൂറോപ്പിലെ സഭയിൽ ഇവരിൽ ആരെ ഉൾക്കൊള്ളണം എന്ന കാര്യത്തിൽ വലിയ ചിന്താകുഴപ്പം ഉണ്ടായി. എ.ഡി. 1378 മുതൽ 1417 വരെ നീണ്ടുനിന്ന ഈ ഭിന്നത കോൺസ്റ്റാൻസ് കൗൺസിലോടു (1414–18) കൂടിയാണ് ഇല്ലാതാവുന്നത്. അധികാരം ചില നല്ല മനുഷ്യരെ നശിപ്പിക്കുന്നതിന്റെ ഉദാഹരണമായി ഉർബൻ മാർപാപ്പയുടെ ജീവിതം പലരും ചൂണ്ടിക്കാണിക്കാറുണ്ട്. പെറൂജിയായിൽ ആയിരിക്കുന്ന സമയത്ത്, സഞ്ചരിച്ചിരുന്ന കഴുതപ്പുറത്തു നിന്നു വീണതിന്റെ ഫലമായി എ.ഡി. 1389 ഒക്ടോബർ 15 -ന് ഉർബൻ ആറാമൻ റോമിൽ വച്ച് മരിക്കുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കായിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.