പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 201 – ഗ്രിഗറി XI (1329-1378)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1370 ഡിസംബർ 30 മുതൽ 1378 മാർച്ച് 27 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ഗ്രിഗറി പതിനൊന്നാമൻ. എ.ഡി. 133 -ൽ ഫ്രാൻസിലെ മൗമോണ്ട് എന്ന സ്ഥലത്താണ് പിയറി റോജർ ദേ ബെയഫോർട് ജനിച്ചത്. ഈ പോരോടു കൂടിയ ഇദ്ദേഹത്തിന്റെ അമ്മാവൻ ക്ലമന്റ് ആറാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഭാഗിനേയനെ പതിനെട്ടാമത്തെ വയസിൽ ക്ലമന്റ് മാർപാപ്പ, കർദ്ദിനാൾ ആയി നിയമിച്ചു. അതിനു ശേഷം കർദ്ദിനാൾ പിയറി പെറൂജിയ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിലും ദൈവശാസ്ത്രത്തിലും ഉന്നത ബിരുദങ്ങൾ സമ്പാദിച്ചു.

ഉർബൻ മാർപാപ്പ എ.ഡി. 1370 -ൽ കാലം ചെയ്തപ്പോൾ കർദ്ദിനാൾ പിയറിയെ ഐകകണ്ഠേന അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം ഈ പദവി നിരസിക്കുകയാണുണ്ടായത്. പിന്നീട് എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഗ്രിഗറി ഒൻപതാമൻ എന്ന നാമം സ്വീകരിച്ച് മാർപാപ്പ ആയി. ഗ്രിഗറി മാർപാപ്പയുടെ പ്രധാന ലക്ഷ്യം മാർപാപ്പയുടെ ആസ്ഥാനം റോമിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു. ഇതു കൂടാതെ വിശുദ്ധനാട് മുസ്ലീങ്ങളിൽ നിന്നും മോചിപ്പിക്കുക, പൗരസ്ത്യ സഭയുമായി രമ്യതയിലാവുക എന്നിവയും അദ്ദേഹത്തിന്റെ കാര്യപരിപാടിയിൽ ഉൾപ്പെട്ടിരുന്നു. ഈ സമയത്താണ് സിയന്നായിലെ വി. കാതറീൻ എ.ഡി. 1376 -ൽ മാർപാപ്പയെ തിരികെ റോമിലെത്തിക്കുക എന്ന ദൗത്യവുമായി അവിഞ്ഞോണിൽ എത്തിയത്. ഫ്രാൻസിലെ രാജാവിന്റെയും കർദ്ദിനാളന്മാരുടെയും പേപ്പൽ കൂരിയായുടെയും തന്റെ ബന്ധുക്കളുടെയും എതിർപ്പുകളെ അവഗണിച്ചു കൊണ്ട് സെപ്റ്റംബർ 13 -ന് പേപ്പസിയുടെ “ബാബിലോണിയൻ പ്രവാസ”ത്തിന് അന്ത്യം കുറിച്ച് ഗ്രിഗറി മാർപാപ്പ റോമിലേക്ക് യാത്ര തിരിച്ചു.

നാലു മാസത്തെ ദീർഘമായ യാത്രക്കു ശേഷം എ.ഡി. 1377 ജനുവരി 17 -ന് ഗ്രിഗറി പതിനൊന്നാം മാർപാപ്പ വത്തിക്കാനിലെത്തി വാസം ആരംഭിച്ചു. ഇക്കാലത്താണ്  ഓക്സ്ഫോർഡ് സർവ്വകലാശാല അധ്യാപകനും ഇംഗ്ലീഷ് പുരോഹിതനുമായ ജോൺ വൈക്ലിഫ് പദാര്‍ത്ഥാന്തരീകരണം (transubstantiation), ശുദ്ധീകരണസ്ഥലം, ദണ്ഡവിമോചനം തുടങ്ങിയ സഭയുടെ പല പ്രബോധനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് എഴുതാൻ തുടങ്ങിയത്. സഭയുടെ പഠനങ്ങൾ വിശദമാക്കാനായി അഞ്ചു പേപ്പൽ ബൂളകളാണ് മാർപാപ്പ ഇക്കാലയളവിൽ ഇറക്കിയത്. എന്നാൽ വൈക്ലിഫിന്റെ ചിന്തകളാണ് പിന്നീടുണ്ടായ പ്രോട്ടസ്റ്റന്റ് നവീകരണങ്ങൾക്ക് വഴിമരുന്നിട്ടത്. റോമിലെത്തി ഒരു വർഷം കഴിഞ്ഞു ഫ്രാൻസിൽ നിന്നുള്ള അവസാനത്തെ മാർപാപ്പ ഗ്രിഗറി പതിനൊന്നാമൻ എ.ഡി. 1378 മാർച്ച് 27 -ന് കാലം ചെയ്തു. ഇന്നത്തെ റോമൻ ഫോറത്തിലുള്ള സാന്ത ഫ്രാഞ്ചെസ്ക റോമാന ദേവാലയത്തിലാണ് ഗ്രിഗറി മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.