പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 200 – ഉർബൻ V (1310-1370)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1362 സെപ്റ്റംബർ 28 മുതൽ 1370 ഡിസംബർ 19 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വാഴ്ത്തപ്പെട്ട ഉർബൻ അഞ്ചാമൻ. ഫ്രാൻസിലെ ലാൻഗുവെദോക് പ്രദേശത്ത് ഗ്രിസാക്ക് കൊട്ടാരത്തിലാണ് ഗ്വില്ലവ്മെ ദേ ഗ്രിമോർഡിന്റെ ജനനം. ബെനഡിക്റ്റീൻ സമൂഹത്തിൽ ഒരു സന്യാസിയായി തന്റെ സഭാജീവിതം ആരംഭിച്ച ഗ്വില്ലവ്മെ മോണ്ട്പെല്ലിയർ, ടുളൂസ് സർവ്വകലാശാലകളിൽ സാഹിത്യവും നിയമവും പഠിക്കുകയും കാനൻ നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു. നോത്ര ദാമ് ദു പ്രേ ആശ്രമത്തിലെ സുപ്പീരിയർ ആയും ബെനഡിക്‌റ്റീൻ ഓർഡറിന്റെ പ്രൊക്കുറേറ്റർ ജനറൽ ആയും ഗ്വില്ലവ്മെ ഏറെ നാൾ സേവനമനുഷ്ഠിച്ചു. കൂടാതെ മോണ്ട്പെല്ലിയർ, പാരീസ്, അവിഞ്ഞോൺ എന്നിവിടങ്ങളിൽ അദ്ദേഹം സഭാനിയമവും പഠിപ്പിച്ചു.

ക്ലമന്റ് ആറാമൻ മാർപാപ്പ ഗ്വില്ലവ്മെയെ മൂന്നു പ്രാവശ്യം വിവിധ ദൗത്യങ്ങൾ നല്കി ഇറ്റലിയിലേക്ക് അയച്ചു. ഇന്നസെന്റ് മാർപാപ്പ കാലം ചെയ്തപ്പോൾ ക്ലമന്റ് നാലാമൻ മാർപാപ്പയുടെ സഹോദരൻ കർദ്ദിനാൾ ഹ്യുഗ്സിനെ പിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം ആ സ്ഥാനം നിരസിച്ചു. ഈ അവസരത്തിൽ ആബട്ട് ഗ്വില്ലവ്മെയെ കർദ്ദിനാളന്മാർ ഐകകണ്ഠേന മാർപാപ്പയായി തിരഞ്ഞെടുത്തു. ഇറ്റലിയിലായിരുന്ന നിയുക്ത മാർപാപ്പയെ കാരണം പറയാതെ അവിഞ്ഞോണിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഉർബൻ അഞ്ചാമൻ എന്ന നാമം സ്വീകരിച്ച് അദ്ദേഹം മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. ഈ പേരുള്ള എല്ലാ മാർപാപ്പമാരും വിശുദ്ധരായിരുന്നു എന്ന കാരണത്താലാണ് താൻ ഈ നാമം സ്വീകരിക്കുന്നത് എന്നായിരുന്നു മാർപാപ്പയുടെ പ്രതികരണം.

മാർപാപ്പ ആയതിനു ശേഷവും ഉർബൻ അഞ്ചാമൻ തന്റെ സന്യാസവസ്ത്രം ധരിക്കുകയും സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇറ്റലിയിലെ പവിയയിലും ഹംഗറിയിലും സർവ്വകലാശാലകൾ സ്ഥാപിച്ചു. ഇതു കൂടാതെ യൂറോപ്പിലെ പല സ്ഥലങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. പോളണ്ടിലെ ക്രാക്കോ സർവ്വകലാശാലക്ക് അനുവാദം നൽകി ആയിരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള പുസ്തകങ്ങൾ എത്തിച്ചുകൊടുത്തു. യഹൂദരെ ഉപദ്രവിച്ചവരെയോ, നിർബന്ധിച്ചു മതം മാറ്റിയവരെയോ സഭയിൽ നിന്നും പുറത്താക്കി. എ.ഡി. 1367 ഒക്ടോബർ 16 -ന്, അറുപതു വർഷത്തിനിടെ റോമിലെത്തിയ ആദ്യ മാർപാപ്പയാണ് ഉർബൻ. സ്വീഡനിലെ വി. ബ്രിജിത്ത് രാജ്ഞി  റോമിൽ മാർപാപ്പയെ സന്ദർശിച്ച് തന്റെ സന്യാസി സമൂഹത്തിനു അനുവാദം വാങ്ങുകയും മാർപാപ്പ തിരികെ പോയാൽ പെട്ടെന്ന് മരിക്കുമെന്നു പ്രവചിക്കുകയും ചെയ്തു. എ.ഡി. 1370 സെപ്റ്റംബർ 24 -ന് അവിഞ്ഞോണിലെത്തിയ മാർപാപ്പ രോഗബാധിതനായി ഡിസംബർ 19 -ന് കാലം ചെയ്തു. വി. വിക്ടറിന്റെ ആശ്രമത്തിൽ അടക്കിയ ഉർബൻ അഞ്ചാമനെ എ.ഡി. 1870 മാർച്ച് പത്തിന് പിയൂസ് ഒൻപതാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.