പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 199 – ഇന്നസെന്റ് VI (1282-1362)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1352 ഡിസംബർ 18 മുതൽ 1362 സെപ്റ്റംബർ 12 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഇന്നസെന്റ് ആറാമൻ. മധ്യ ഫ്രാൻസിലെ മൊന്തേൽ ദേ ഗെലാത്‌ എന്ന പ്രദേശത്ത് എ.ഡി. 1282 -ലാണ് എത്തിയെന്നെ അവ്ബർട്ട് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അദേമാർ അവ്ബർട്ട് ആ പ്രദേശത്തെ പ്രമാണിമാരിൽ ഒരാളായിരുന്നു. എത്തിയെന്നെയുടെ ബാല്യകാലത്തെക്കുറിച്ചുള്ള ചരിത്രപരമായ വിവരണങ്ങൾ ഇന്ന് ലഭ്യമല്ല. ഫ്രാൻസിലെ ടുളൂസിൽ രാജ്യനിയമം പഠിപ്പിക്കുന്ന കാലത്താണ് നോയോൺ രൂപതയുടെ ബിഷപ്പായി അദ്ദേഹം നിയമിക്കപ്പെടുന്നത്. ക്ലർമോണ്ട് രൂപതയുടെ ബിഷപ്പായിരിക്കുന്ന സമയത്താണ് എത്തിയെന്നെ കർദ്ദിനാളായി ഉയർത്തപ്പെടുന്നത്. റോമിലെ ജോണിന്റെയും പോളിന്റെയും നാമത്തിലുള്ള ബസിലിക്ക ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനീയ ദേവാലയം. പിന്നീട് ഓസ്തിയ-വല്ലേത്രി രൂപതയുടെ കർദ്ദിനാൾ ബിഷപ്പായിരിക്കുന്ന സമയത്താണ് എത്തിയെന്നെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മാർപാപ്പ ആയ ഉടൻ തന്നെ സഭയെ നവീകരിക്കാനായി നിരവധി പദ്ധതികൾക്ക് ഇന്നസെന്റ് ആറാമൻ തുടക്കമിട്ടു. പുതിയ കർദ്ദിനാളന്മാരെ തിരഞ്ഞെടുക്കുന്നതുൾപ്പെടെ മാർപാപ്പ നടത്തുന്ന എല്ലാ തീരുമാനങ്ങൾക്കും കർദ്ദിനാൾ സംഘത്തിന്റെ അംഗീകരണം വേണമെന്ന നിയമങ്ങൾ മാർപാപ്പ റദ്ദാക്കി. സഭയിലെ ഏത് ഉത്തരവാദിത്വം വഹിക്കണമെങ്കിലും അതിനാവശ്യമായ പ്രാഗത്ഭ്യം തെളിയിക്കുന്ന യോഗ്യതാപത്രം ഉണ്ടായിരിക്കണം എന്ന് നിബന്ധന വച്ചു. പ്ലേഗിന്റെ സമയത്ത് അനേകം പുരോഹിതർ മരിച്ചത് യാതൊരു പരിശീലനവും ലഭിക്കാത്ത അനേകർ വൈദികവൃത്തി ചെയ്യുന്നതിന് ഇടയാക്കി. ഇത് ധാർമ്മിക അധഃപതനത്തിനും കൂദാശകൾ അലക്ഷ്യമായി പരികർമ്മം ചെയ്യുന്നതിനും കാരണമായി. അതുപോലെ സഭയിലെ അധികാരസ്ഥാനത്ത് ഇരിക്കുന്നയാൾ ഒന്നിൽ കൂടുതൽ സ്ഥാനങ്ങൾ ഒരേ സമയം കൈവശം വയ്ക്കാൻ പാടില്ല എന്ന നിബന്ധനയും ഇന്നസെന്റ് മാർപാപ്പ കൊണ്ടുവന്നു.

മാർപാപ്പയുടെ ആസ്ഥാനം റോമിലേക്ക് തിരികെയെത്തിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചയാളാണ് ഇന്നസെന്റ് ആറാമൻ. എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടത്തുക പ്രയോഗികമായിരുന്നില്ല. അതിനുണ്ടായിരുന്ന പ്രധാന കാരണം ഭൂരിപക്ഷം കർദ്ദിനാളന്മാരും ഫ്രഞ്ചുകാർ ആയിരുന്നതിനാൽ ഇത്തരം ഒരു മാറ്റത്തിന് അവർ അനുകൂലമായിരുന്നില്ല എന്നതാണ്. പ്ളേഗിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി മാർപാപ്പയുടെ അരമനയിലെ ജോലിക്കാരുടെ എണ്ണം കുറക്കുകയും അവിടെയുണ്ടായിരുന്ന വില കൂടിയ കലാസൃഷ്ടികൾ വിൽക്കുകയും ചെയ്തു. എ.ഡി. 1362 സെപ്റ്റംബർ 12 -ന് കാലം ചെയ്ത ഇന്നസെന്റ് ആറാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വില്ലനോവ ലെസ് അവിഞ്ഞോണിലെ കർത്തൂസ്യൻ ആശ്രമത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.