പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 198 – ക്ലമന്റ് VI (1291-1352)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1342 മെയ് 7 മുതൽ 1352 ഡിസംബർ 6 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് ക്ലമന്റ് ആറാമൻ. ഫ്രാൻസിലെ റോസിയെർസ് ദി എഗ്ളെത്തോൻസ് പ്രദേശത്ത് മൗമോണ്ട് പ്രഭുവിന്റെ മകനായി എ.ഡി. 1291 -ലാണ് പിയറി റോജറിന്റെ ജനനം. റോമിലെ സാൻ ലോറെൻസോയിലെ കർദ്ദിനാൾ പുരോഹിതനായിരുന്ന ഹ്യുഗ്സ് ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ചെറുപ്പത്തിൽ തന്നെ ബെനഡിക്‌റ്റീൻ ആശ്രമാംഗമായി ചേരുകയും പാരീസിൽ ഉപരിപഠനം നടത്തുകയും ചെയ്തു. ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ച പിയറി വി. തോമസ് അക്വീനാസിന്റെ ചിന്തകളുടെ പ്രചാരകനായിരുന്നു. എ.ഡി. 1326 -ൽ പിയറിയെ ഫ്രാൻസിലെ ഫെകാമ്പി ആശ്രമ സുപ്പീരിയറായി നിയമിച്ചു.

എ.ഡി. 1328 -ൽ പിയറിയെ ആറസ്സിലെ ബിഷപ്പായും ഫിലിപ്പ് ആറാമൻ രാജാവിന്റെ ഉപദേശകനായും മാർപാപ്പ നിയമിച്ചു. അധികം താമസിയാതെ സെൻസ് രൂപതയുടെ ആർച്ചുബിഷപ്പായും നിയമിതനായി. ഈ സമയത്ത് ചില ദൈവശാസ്ത്ര ചർച്ചകളിൽ ഇടപെടുകയും തന്റേതായ സംഭാവനകൾ നൽകുകയും ചെയ്തു. ബെനഡിക്ട് പന്ത്രണ്ടാമൻ മാർപാപ്പ എ.ഡി. 1338 ഡിസംബർ 18 -ന് പിയറിയെ കർദ്ദിനാളായി നിയമിച്ചു. എ.ഡി. 1342 ഏപ്രിൽ 25 -ന് ബെനഡിക്ട് മാർപാപ്പ അവിഞ്ഞോണിൽ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ പിയറി തിരഞ്ഞെടുക്കപ്പെട്ടു. റോമിലേക്ക് മാർപാപ്പയുടെ ആസ്ഥാനം മാറ്റാനുള്ള അവിടെ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം നിരസിച്ചെങ്കിലും അവരുടെ മറ്റൊരു അഭ്യര്‍ത്ഥനയായ ജൂബിലി അൻപതു വർഷം കൂടുമ്പോൾ ആഘോഷിക്കുക എന്നത് മാർപാപ്പ അംഗീകരിച്ചു. അതിനായി പ്രസിദ്ധീകരിച്ച “ഊനിജനിത്തൂസ്” (Unigenitus) എന്ന പേപ്പൽ ബൂള ജൂബിലിയും ദണ്ഡവിമോചനവും സംബന്ധിച്ച പ്രധാന പ്രബോധനമാണ്.

യൂറോപ്പിനെയും ഏഷ്യയെയും ഗ്രസിച്ച “കറുത്ത മരണം” എന്നറിയപ്പെട്ട മഹാമാരി ഈ കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ടു. മനുഷ്യന്റെ പാപമാണ് ഇത്തരം വസന്തകൾക്ക് കാരണമെന്നതായിരുന്നു മാർപാപ്പയുടെ അഭിപ്രായം. പക്ഷേ, തന്റെ സമയം മുഴുവൻ രോഗഗ്രസ്തരായവരെ പരിചരിക്കുന്നതിനു വേണ്ടിയും മാർപാപ്പ മാറ്റിവച്ചു. മരിച്ചവരെ സംസ്കരിക്കാൻ സാധിക്കാതെ വന്നപ്പോൾ റോൺ നദി തന്നെ ആശീർവദിച്ച് മൃതദേഹങ്ങൾ അതിലേക്ക് ഇടുന്ന അവസ്ഥ വരെ ഉണ്ടായി. സാധാരണ ജനങ്ങൾ ഈ മഹാമാരിക്ക് യഹൂദരെ പഴിച്ചുകൊണ്ട് വംശഹത്യ ആരംഭിച്ചപ്പോൾ അതിനെതിരെ രണ്ടു കല്പനകൾ പുറപ്പെടുവിക്കുകയും പുരോഹിതന്മാരോട് താൻ ചെയ്തതുപോലെ യൂദന്മാരെ സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എ.ഡി. 1352 ഡിസംബർ 6 -ന് കാലം ചെയ്ത ക്ലമന്റ് ആറാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് ഫ്രാൻസിലെ ല ചെയ്‌സ്-ദിയു പട്ടണത്തിലെ ആശ്രമ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.