പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 197 – ബെനഡിക്ട് XII (1285-1342)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1334 ഡിസംബർ 30 മുതൽ 1342 ഏപ്രിൽ 25 വരെയുള്ള കാലഘട്ടത്തിൽ സഭയെ നയിച്ച മാർപാപ്പയാണ് ബെനഡിക്ട് പന്ത്രണ്ടാമൻ. എ.ഡി. 1285 -ൽ ഫ്രാൻസിലെ ഫോയിക്സ് താലൂക്കിലുള്ള കാന്തേ എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജാക്ക് ഫോർണിയർ ജനിച്ചത്. സന്യാസ ജീവിതത്തോടുള്ള ആകർഷണത്താൽ സിസ്റ്റേർഷ്യൻ ആശ്രമത്തിൽ ചേർന്ന് പരിശീലനം ആരംഭിച്ചു. പിന്നീട് ആശ്രമാധികാരികൾ അദ്ദേഹത്തെ പാരീസ് സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി അയച്ചു. അസാധാരണ ബുദ്ധിവൈഭവവും സംഘടനാശേഷിയും പ്രകടിപ്പിച്ച ജാക്കിനെ ഫോണ്ട്ഫ്രോയിഡെ ആശ്രമാധിപനായി തിരഞ്ഞെടുത്തു. എ.ഡി. 1317 -ൽ പമിയെർസ് രൂപതയുടെ ബിഷപ്പായി നിയമിച്ചു. ഈ സമയത്ത് കത്താർസ് എന്ന പാഷണ്ഡ വിഭാഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ അധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും പ്രദേശവാസികളുടെ വിരോധത്തിന് ഇടയാക്കി. പിന്നീട് മിറെപോയിസിലെ ബിഷപ്പായും എ.ഡി. 1327 കർദ്ദിനാളായും അദ്ദേഹം നിയമിതനായി.

ജോൺ ഇരുപത്തിരണ്ടാമൻ കാലം ചെയ്തപ്പോൾ അവിഞ്ഞോണിൽ തെരഞ്ഞെടുപ്പിനായി കർദ്ദിനാളന്മാർ ഒത്തുകൂടി. കർദ്ദിനാൾ ജീൻ റെയ്മണ്ടിനെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തെങ്കിലും മാർപാപ്പയുടെ ആസ്ഥാനം റോമിലേക്കു മാറ്റില്ല എന്ന നിബന്ധനയിൽ ഒപ്പുവയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഇതേ തുടർന്ന് കോൺക്ലേവിന്റെ എട്ടാം ദിവസം സിസ്റ്റേർഷ്യൻ കർദ്ദിനാൾ ജാക്കിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. ബെനഡിക്ട് പന്ത്രണ്ടാമൻ എന്ന നാമം സ്വീകരിച്ച് അദ്ദേഹം മാർപാപ്പ സ്ഥാനം ഏറ്റെടുത്തു.

മാർപാപ്പയുമായി ദാരിദ്രരൂപി സംബന്ധിച്ച വിഷയത്തിൽ അകന്നു കഴിഞ്ഞിരുന്ന ഫ്രാൻസിസ്‌കൻ സന്യാസികളുമായി രമ്യതയിലാകുന്നതിന് ബെനഡിക്ട് മാർപാപ്പ പരിശ്രമിച്ചു. സാധാരണ ആത്മീയശുശ്രൂഷകൾക്ക് വേതനം പറ്റരുതെന്നും വൈദികർ അവരുടെ ഇടവകയിൽ തന്നെ താമസിക്കണമെന്നും സന്യാസികൾ അലഞ്ഞുതിരിഞ്ഞു നടക്കാൻ പാടില്ലെന്നും കല്പന പുറപ്പെടുവിച്ചു. അതിനോടനുബന്ധിച്ച് സന്യാസഭവനങ്ങളുടെ ആഡംബരജീവിതത്തിന് തടയിടുന്നതിനും അദ്ദേഹം ആഗ്രഹിച്ചു. അവിഞ്ഞോണിൽ ഈ സമയത്ത് മാർപാപ്പക്കും സഭയുടെ ഭരണസംവിധാനത്തിനും വേണ്ടി പുതിയൊരു കെട്ടിടസമുച്ചയ നിർമ്മിതിക്കും മാർപാപ്പ തുടക്കം കുറിച്ചു. “ബെനഡിക്‌തൂസ് ദേവൂസ്” എന്ന വിളംബരത്തിലൂടെ വിശുദ്ധജീവിതം നയിച്ച് വാങ്ങിപ്പോയ വ്യക്തികളുടെ ആത്മാക്കൾക്ക് ദൈവദർശനം, മരിച്ചയുടൻ സാധ്യമാണെന്ന് പഠിപ്പിച്ചു. അതുപോലെ തന്നെ ഓക്കമിലെ വില്യവും ജർമ്മനിനിയിലെ മൈസ്റ്റർ ഏക്ചാർത്തുമായും ദൈവശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യാനും മാർപാപ്പ താത്പര്യപ്പെട്ടു. എ.ഡി. 1342 ഏപ്രിൽ 25 -ന് കാലം ചെയ്ത ബെനഡിക്ട് ഇരുപത്തിരണ്ടാമൻ മാർപാപ്പയെ അടക്കിയിക്കുന്നത് അവിഞ്ഞോണിലെ നോത്രെ ദെം കത്തീഡ്രൽ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.