പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 196 – ജോൺ XXII (1244-1334)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1316 ആഗസ്റ്റ് 7 മുതൽ 1334 ഡിസംബർ 4 വരെയുള്ള കാലയളവിലെ മാർപാപ്പയാണ് ജോൺ ഇരുപത്തിരണ്ടാമൻ. ഫ്രാൻസിലെ കഹോർസ് എന്ന സ്ഥലത്തു എ.ഡി. 1244 -ലാണ് ജാക്ക് ദുവേസെ (Jacques Duèze) ജനിച്ചത്. അദ്ദേഹം മോണ്ടെപെല്ലിയർ സർവ്വകലാശാലയിൽ വൈദ്യവും പാരിസ് സർവ്വകലാശാലയിൽ നിയമവും പഠിച്ചു. തുടർന്ന് ടുളൂസിലും തന്റെ ജന്മസ്ഥലമായ കഹോർസിലും കാനൻ-സിവിൽ നിയമങ്ങൾ പഠിപ്പിച്ചു. നേപ്പിൾസിൽ രാജാവായിരുന്ന ചാൾസിന്റെ ശുപാർശയിൽ മാർപാപ്പ ജാക്കിനെ എ.ഡി. 1300 -ൽ ഫ്രേജുസിലെ ബിഷപ്പായി നിയമിച്ചു. പിന്നീട് രാജാവിന്റെ ചാർസലറായി കുറേ നാൾ ജോലി ചെയ്തതിനു ശേഷം അവിഞ്ഞോണിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. ക്ലമന്റ് അഞ്ചാമൻ മാർപാപ്പ എ.ഡി. 1312 -ൽ ജാക്ക് ദുവേസെയെ പോർത്തോ സാന്ത റുഫീനയിലെ കർദ്ദിനാൾ ബിഷപ്പായി നിയമിച്ചു.

ക്ലമന്റ് അഞ്ചാമൻ മാർപാപ്പ മരിച്ചതിനു ശേഷം രണ്ടു വർഷക്കാലത്തോളം മാർപാപ്പയുടെ കസേര ഒഴിഞ്ഞു കിടന്നു. അതിന്റെ പ്രധാന കാരണമായി പറയുന്നത് ഫ്രഞ്ച് – ഇറ്റാലിയൻ വിഭാഗങ്ങൾക്ക് യോജിച്ച ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സാധിക്കാതിരുന്നതായിരുന്നു. അവസാനം ഫിലിപ്പ് രാജാവിന്റെ ശ്രമഫലമായി ലിയോണിൽ വച്ച് തിരഞ്ഞെടുപ്പ് നടത്തുകയും കർദ്ദിനാൾ ജാക്ക് ദുവേസെ അടുത്ത മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫ്രാൻസിലെ അവിഞ്ഞോണിൽ തന്നെ തുടർന്ന രണ്ടാമത്തെ മാർപാപ്പയാണ് ജോൺ ഇരുപത്തിരണ്ടാമൻ. നല്ല ഭരണാധികാരിയും സഭയെ നവീകരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ച ആളുയിട്ടാണ് ജോൺ ഇരുപത്തിരണ്ടാം മാർപാപ്പ അറിയപ്പെടുന്നത്.

ഫ്രാൻസിസ്ക്കൻ സന്യാസ സമൂഹത്തിൽ പരിപൂർണ്ണ ദാരിദ്ര്യത്തിനു വേണ്ടി വാദിച്ചവരും അതിനെ എതിർത്തവരും തമ്മിലുള്ള പ്രശ്നത്തിൽ മാർപാപ്പ ഇടപെട്ടു. ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയാണ് എല്ലാ സ്വത്തിന്റെയും അധികാരി മാർപാപ്പ എന്ന ചിന്തയെന്നും അതിനാൽ അതിരു കടന്ന ദാരിദ്ര്യമനോഭാവം ആപത്താണെന്നും മാർപാപ്പ വിധിച്ചു. പ്രശസ്ത ചിന്തകനായ ഓക്കമിലെ വില്യം ഉൾപ്പെടെയുള്ള ഫ്രാൻസിസ്‌ക്കൻ സന്യാസികളിൽ ഗണ്യമായ വിഭാഗം മാർപാപ്പയോട് വിയോജിച്ചു. കൂടാതെ ജർമ്മൻ ആത്മജ്ഞാനി (mystic) മൈസ്റ്റർ എക്ച്ചാർത്തിന്റെ പല ആശയങ്ങളേയും മാർപാപ്പ തള്ളിപ്പറഞ്ഞു. അതുപോലെ തന്നെ മരിച്ച വിശുദ്ധരുടെ ദൈവീക ദർശനത്തെക്കുറിച്ചുള്ള (beatific vision) മാർപാപ്പയുടെ ആശയങ്ങളും ദൈവശാസ്ത്രജ്ഞരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി. ഇക്കാലയളവിൽ അർമേനിയ, ഇന്ത്യ, ഇറാൻ പ്രദേശങ്ങളിൽ ജോൺ ഇരുപത്തിരണ്ടാമൻ രൂപതകൾ സ്ഥാപിച്ചതായി ചില ചരിത്രരേഖകളിൽ കാണുന്നു. തന്റെ എൺപത്തിയൊൻപതാം വയസ്സിൽ എ.ഡി. 1334 ഡിസംബർ നാലിന് കാലം ചെയ്ത ജോൺ ഇരുപത്തിരണ്ടാം മാർപാപ്പയെ അടക്കിയിരിക്കുന്നത് അവിഞ്ഞോണിലെ നോത്രെ ദം കത്തീഡ്രലിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.