പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 194 – ബെനഡിക്ട് XI (1240-1304)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1303 ഒക്ടോബർ 22 മുതൽ 1304 ജൂലൈ 4 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നല്കിയ മാർപാപ്പയാണ് വാഴ്ത്തപ്പെട്ട ബെനഡിക്ട് പതിനൊന്നാമൻ. എ.ഡി. 1240 -ൽ ഇറ്റലിയിലെ ത്രവീസോയിൽ ബൊക്കാസിയോയുടെയും ബെർണാർദ്രയുടെയും മകനായി നിക്കോളോ ജനിച്ചു. ആറാമത്തെ വയസ്സിൽ പിതാവ് മരിക്കുമ്പോൾ ഡൊമിനിക്കൻ സന്യാസിമാർ നിക്കോളോയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരൻ തന്നെ ആയിരുന്നു ആശ്രമത്തിലെ പ്രധാന അധ്യാപകൻ. പതിനാലാമത്തെ വയസ്സിൽ ഡൊമിനിക്കൻ ആശ്രമത്തിൽ ചേർന്ന് ഒരു സന്യാസി ആകാൻ നിക്കോളോ തീരുമാനിച്ചു. വെനീസ് നഗരത്തിൽ ഏഴു വർഷവും മിലാൻ നഗരത്തിൽ ആറു വർഷവും വിദ്യാഭ്യാസത്തിനായി ചിലവഴിച്ചു. പിന്നീട് അധികാരികൾ നിക്കോളായെ വെനീസിലെ ആശ്രമത്തിലെ സന്യാസാർത്ഥികളുടെ ചുമതലക്കാരനായി നിയമിച്ചു.

എ.ഡി. 1286 -ൽ ഡൊമിനിക്കൻ സമൂഹത്തിന്റെ ലൊംബാർഡിയിലെ പ്രൊവിൻഷ്യൽ ആയി നിക്കോളോ തിരഞ്ഞെടുക്കപ്പെട്ടു. ഇത് പല ആശ്രമങ്ങൾ സന്ദർശിക്കുന്നതിനും അനേകരെ പരിചയപ്പെടുന്നതിനും നിക്കോളാക്ക്  അവസരമൊരുക്കി. തുടർച്ചയായി മൂന്നു പ്രാവശ്യം ഈ സ്ഥാനത്തേക്ക് നിക്കോളോ തിരഞ്ഞെടുക്കപ്പെട്ടു. എ.ഡി. 1296 -ൽ ഡൊമിനിക്കൻ സമൂഹത്തിന്റെ മിനിസ്റ്റർ ജനറലായപ്പോൾ പ്രവർത്തനമേഖല റോമിലേക്കു മാറുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം സാന്താ സബീന ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി ബോനിഫസ് എട്ടാം മാർപാപ്പ നിക്കോളായെ നിയമിക്കുന്നു. എ.ഡി. 1300 മെയ് 2 -ന് ഓസ്തിയ രൂപതയുടെ കർദ്ദിനാൾ ബിഷപ്പായി നിക്കൊളാ നിയമിക്കപ്പെട്ടു. പിന്നീട് മാർപാപ്പയുടെ പ്രതിനിധിയായി ഹംഗറിയിലും ഫ്രാൻസിലും കുറേക്കാലം സേവനമനുഷ്ഠിച്ചു.

ബോനിഫസ് മാർപാപ്പ കാലം ചെയ്തപ്പോൾ പിൻഗാമിയെ കണ്ടത്താനായി കർദ്ദിനാളന്മാർ ലാറ്ററൻ ബസിലിക്കയിൽ കോൺക്ലേവ് കൂടി. അവിടെ നടന്ന ആദ്യത്തെ വേട്ടെടുപ്പിൽ തന്നെ കർദ്ദിനാൾ നിക്കോളോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ചുരുങ്ങിയ ഭരണകാലയളവിൽ അദ്ദേഹം നിയമിച്ച കർദ്ദിനാളന്മാർ മൂന്നു പേരും ഡൊമിനിക്കൻ സന്യാസ സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. മത്തായിയുടെ സുവിശേഷം, സങ്കീർത്തനങ്ങൾ, ജോബ്, വെളിപാട് എന്നീ പുസ്തകങ്ങൾക്ക് ബെനഡിക്ട് മാർപാപ്പ ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്. പെറൂജിയായിൽ അജപാലന സന്ദർശനത്തിൽ ആയിരിക്കുന്ന സമയത്ത് രോഗബാധിതനായി മാർപാപ്പ മരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അവിടുത്തെ സാൻ ഡൊമെനിക്കോ കത്തീഡ്രലിൽ ബെനഡിക്ട് മാർപാപ്പയെ അടക്കം ചെയ്തു. ക്ലമന്റ് എട്ടാമൻ മാർപാപ്പ അദ്ദേഹത്തെ 1736 -ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജൂലൈ ഏഴിനാണ് ബെനഡിക്ട് പതിനൊന്നാമൻ മാർപാപ്പയുടെ തിരുനാൾ സഭ കൊണ്ടാടുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.