പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 193 – ബോനിഫസ് VIII (1230-1303)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1294 ഡിസംബർ 24 മുതൽ 1303 ഒക്ടോബർ 11 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ബോനിഫസ് എട്ടാമൻ. റോമിൽ നിന്നും അൻപത് കിലോമീറ്റർ ദൂരത്തിലുള്ള അനാഞ്ഞി പട്ടണത്തിൽ എ.ഡി. 1230 -ലാണ് ബനദേത്തോ കത്താനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് റൊഫ്രേദോയും മാതാവ് എമിലിയായും റോമിലെ പ്രഭുകുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. തന്റെ അമ്മാവനായിരുന്ന ബിഷപ്പ് ലിയനാർദോയുടെ കൂടെ താമസിച്ച് നിയമം പഠിക്കുകയും അനാഞ്ഞി കത്തീഡ്രലിലെ കാനൻ ആയി ജോലി ചെയ്യുകയും ചെയ്തു. എ.ഡി. 1264 മുതൽ ബനദേത്തോ റോമൻ കൂരിയായിൽ ജോലി ചെയ്യുകയും പിന്നീട് കർദ്ദിനാൾ സിമോൺ ദേ ബ്രിയോണിന്റെ (പോപ്പ് മാർട്ടിൻ IV) സെക്രട്ടറി ആവുകയും ചെയ്തു.

ഒർവിയേത്തോ നഗരത്തിൽ വച്ച് എ.ഡി. 1281 -ൽ മാർട്ടിൻ നാലാമൻ മാർപാപ്പ ബനദേത്തോയെ സെന്റ് നിക്കോളാസ് ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി വാഴിക്കുന്നു. പിന്നീട് കർദ്ദിനാൾ പുരോഹിതനായ ബനദേത്തോയെ നയതന്ത്ര ദൗത്യവുമായി ഫ്രാൻസ്, നേപ്പിൾസ്, സിസിലി, ആരഗൊൺ പ്രദേശങ്ങളിലേക്ക് മാർപാപ്പമാർ അയക്കുന്നു. എ.ഡി. 1294 ഡിസംബർ 13 -ന് സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ നിയമപണ്ഡിതനായിരുന്ന ബനദേത്തോയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. ബോനിഫസ് എട്ടാമൻ എന്ന നാമം സ്വീകരിച്ച മാർപാപ്പ, തന്റെ ആസ്ഥാനം റോമിലേക്കു മാറ്റുന്നു. എ.ഡി. 1300 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ട് സഭയിൽ പ്രത്യേക ജൂബിലികൾക്ക് ആരംഭം കുറിച്ചത് ബോനിഫസ് മാർപാപ്പയാണ്. ആ വർഷം രണ്ടു ലക്ഷത്തിലധികം തീർത്ഥാടകരാണ് റോമിൽ എത്തിയത്. ഇറ്റലിയിലെ പ്രസിദ്ധമായ സാപ്പിയെൻസ സർവ്വകലാശാല എ.ഡി. 1303 -ൽ ബോനിഫസ് മാർപാപ്പ റോമിൽ ആരംഭിച്ചു.

കാനൻ നിയമപരിഷ്കരണത്തിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി. പുതിയതായി നിരവധി നിയമങ്ങൾ നടപ്പാക്കുകയും നിയമഭാഷ മെച്ചപ്പെടുത്തുകയും ചെയ്തു. സഭയെ സംബന്ധിച്ചും മാർപാപ്പാസ്ഥാനത്തെ സംബന്ധിച്ചും പുതിയ നിയമങ്ങൾ മാർപാപ്പ പുറപ്പെടുവിച്ചു. “ഊനം സാൻക്താം” എന്ന പേപ്പൽ തിരുവെഴുത്തിലൂടെ സഭക്കു പുറത്ത് രക്ഷയോ, പാപമോചനമോ ഇല്ലെന്നും പ്രഖ്യാപിച്ചു. റോമൻ കൂരിയ നവീകരിക്കുകയും വത്തിക്കാൻ ചരിത്രരേഖകളും ഗ്രന്ഥശാലയും ക്രോഡീകരിക്കുകയും ചെയ്തു. ഫ്രാൻസിലെ രാജാവായ ഫിലിപ്പുമായുള്ള പ്രശ്നങ്ങൾ രാജാവ് മാർപാപ്പയെ വിചാരണ ചെയ്യുന്നതിനായി സൈന്യത്തെ അയക്കുന്ന അവസ്‌ഥ സംജാതമാക്കി. എന്നാൽ അനാഞ്ഞിയിലെ ജനങ്ങൾ മാർപാപ്പയെ സംരക്ഷിക്കുന്നു. എ.ഡി. 1303 സെപ്റ്റംബർ 25 -ന് ബോനിഫസ് എട്ടാമൻ റോമിൽ വച്ച് കാലം ചെയ്തു വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കപ്പെട്ടു. എ.ഡി. 1605 -ൽ അദ്ദേഹത്തിന്റെ ശവക്കല്ലറ തുറന്നപ്പോൾ ശരീരം അഴുകാതെ കാണപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.