പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 192 – വി. സെലസ്റ്റിൻ V (1215-1296)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1294 ഡിസംബർ 13 മുതൽ ജൂലൈ 5 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. സെലസ്റ്റിൻ അഞ്ചാമൻ. എ.ഡി. 1215 -ൽ സിസിലിയായിലെ സാന്ത ആഞ്ചലോ ലിമൊസാനോ എന്ന സ്ഥലത്ത് ആഞ്ചലോയുടേയും മരിയയുടെയും മകനായി പിയെത്രോ ഡെൽ മൊറോണെ ജനിച്ചു. അദ്ദേഹത്തിന്റെ ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുന്നു. തുടർന്ന് വീട്ടിലെ കാര്യങ്ങൾ നടത്തുന്നതിനായി പിയെത്രോ കൃഷിപ്പണി ചെയ്യുന്നു. തന്റെ മകൻ ഒരു കൃഷിക്കാരനോ, ആട്ടിടയനോ ആയി ജീവിതം തള്ളിനീക്കാതെ ഉന്നതസ്ഥാനത്ത് എത്തണമെന്ന് പിയെത്രോയുടെ അമ്മ ആഗ്രഹിച്ചു. പിയെത്രോയുടെ ബുദ്ധിവൈഭവവും കാരുണ്യമനോഭാവവും കാരണം അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിക്കുന്നതിന് കാരണമായി. ബെനഡിക്‌റ്റീൻ സന്യാസ ആശ്രമത്തിൽ ചേർന്ന പിയെത്രോ പിന്നീട് മൊറോണെ പർവ്വതത്തിൽ ഏകാന്തജീവിതത്തിൽ കുറേനാൾ കഴിഞ്ഞു. അഞ്ചു വർഷത്തിനു ശേഷം രണ്ട് കൂട്ടുകാരുമൊത്ത് മദ്ധ്യ ഇറ്റലിയിലെ മയെല്ല പർവ്വതത്തിൽ യോഹന്നാൻ സ്നാപകനെപ്പോലെ താപസജീവിതത്തിൽ ഏർപ്പെട്ടു.

ഇവിടെ ആയിരിക്കുമ്പോൾ അദ്ദേഹം ഒരു സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഈ സമൂഹം സെലസ്റ്റീൻസ് എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. തന്റെ തന്നെ ജീവിതരീതിയെ അടിസ്ഥാനമാക്കിയാണ് ഈ സമൂഹത്തിന്റെ നിയമങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയത്. എന്നാൽ ഈ സമയത്ത് ലിയോൺസ് കൗൺസിൽ പുതിയ സന്യാസ സമൂഹങ്ങൾക്ക് അംഗീകാരം കൊടുക്കുന്നതിനെ എതിർത്തിരുന്നു. പിയെത്രോ, ഗ്രിഗറി പത്താമൻ മാർപാപ്പയെ സന്ദർശിക്കുകയും ഈ സമൂഹത്തെ ബെനഡിക്‌റ്റീൻ സഭയുടെ ശാഖയായി നിലനിർത്താനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. മാർപാപ്പയുടെ സംരക്ഷണത്തിൽ വളർന്ന ഈ സമൂഹം പെട്ടെന്നു തന്നെ മുപ്പത്തിയാറു ഭവനങ്ങളിലായി അറുനൂറിൽപരം സന്യാസികളുള്ള സഭയായിത്തീർന്നു. എന്നാൽ അധികം താമസിയാതെ തന്റെ സമൂഹത്തിന്റെ ചുമതല പുതിയ ഭരണസമിതിയെ ഏല്പിച്ച പിയെത്രോ, പ്രാർത്ഥനയിലും ഏകാന്തതയിലും സമയം ചിലവഴിച്ചു. പത്തൊൻപതാം നൂറ്റാണ്ടു വരെ ഈ സമൂഹം സജീവമായി നിലനിന്നിരുന്നു.

നിക്കോളാസ് നാലാമൻ മാർപാപ്പയുടെ മരണത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും ഒരു പിൻഗാമിയെ കണ്ടെത്താൻ കർദ്ദിനാളന്മാർക്ക് കഴിഞ്ഞില്ല. ഈ സമയത്താണ് സന്യാസിയായ പിയെത്രോ കോൺക്ലേവിലായിരുന്ന കർദ്ദിനാളന്മാർക്ക് ഒരു കത്ത് അയക്കുന്നത്. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മാർപാപ്പ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോയാൽ ദൈവകോപം കർദ്ദിനാളന്മാരുടെമേൽ ഉണ്ടാകും എന്നാണ് അദ്ദേഹം എഴുതിയത്. ഈ എഴുത്ത് വായിച്ച സമയത്ത് കർദ്ദിനാളന്മാരുടെ ഡീനായിരുന്ന ലത്തീനോ മലബ്രാങ്ക ഉച്ചത്തിൽ പ്രഖ്യാപിച്ചു: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നമ്മുടെ സഹോദരൻ പിയെത്രോ ദി മൊറോണെയെ മാർപാപ്പയായി തിരഞ്ഞെടുത്തിരിക്കുന്നു.” മറ്റു കർദ്ദിനാളന്മാർ ഈ അഭിപ്രായത്തോട് യോജിക്കുകയും പിയെത്രോയെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പിയെത്രോ ഈ തീരുമാനത്തെ ശക്തിയുക്തം എതിർക്കുകയും അവിടെ നിന്ന് ഓടിപ്പോവുകയും ചെയ്തു. പിന്നീട് എല്ലാവരുടെയും നിരന്തര പ്രേരണക്കു വഴങ്ങി തന്റെ എഴുപത്തിയൊൻപതാം വയസ്സിൽ പിയെത്രോ മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. എ.ഡി. 1294 ആഗസ്റ്റ് 29 -ന് സാന്ത മരിയ ദി കോളേമാജ്ജോ ദേവാലയത്തിൽ വച്ച് സെലസ്റ്റിൻ അഞ്ചാമൻ എന്ന നാമം സ്വീകരിച്ച്‌ അഭിഷേക കർമ്മം നടത്തി.

എന്നാൽ യാതൊരു ഭരണപരിചയമോ, ലത്തീൻ ഭാഷയിൽ പ്രാവീണ്യമോ ഇല്ലാതാതിരുന്ന സെലസ്റ്റിൻ മാർപാപ്പക്ക് പുതിയ സ്ഥാനലബ്ദി ഒരു മുൾക്കിരീടമായിരുന്നു. കൂടാതെ, റോമിൽ വരാതെ സഭയുടെ ഭരണകാര്യങ്ങൾ അദ്ദേഹം നിർവഹിച്ചത് നേപ്പിൾസിൽ താമസിച്ചുകൊണ്ടായിരുന്നു. ചാൾസ് രണ്ടാമൻ രാജാവിന്റെ സ്വാധീനത്തിനു വഴങ്ങി അദ്ദേഹത്തിനു വേണ്ടപ്പെട്ടവരെ സഭയുടെ ഉന്നതസ്ഥാനത്തേക്കു നിയമിച്ചു. ആഗമനകാലത്ത് ക്രിസ്തുമസിന് പ്രാർത്ഥിച്ചൊരുങ്ങാൻ തന്റെ ചുമതലകൾ മൂന്ന് കർദ്ദിനാളന്മാരെ ഏൽപിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ വിജയിച്ചില്ല. തനിക്ക് ഭരണകാര്യങ്ങൾ സുഗമയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്നു മനസിലാക്കിയ മാർപാപ്പ, സഭാനിയമ പണ്ഡിതനായ കർദ്ദിനാൾ ബെനദേത്തോയുമായി കൂടിയാലോചിക്കുകയും അതിൻപ്രകാരം സ്വന്ത തീരുമാനപ്രകാരം മാർപാപ്പ സ്ഥാനത്തു നിന്ന് രാജി വയ്ക്കുകയും ചെയ്തു. അങ്ങനെ സഭാചരിത്രത്തിൽ സ്ഥാനത്യാഗം ചെയ്ത ചുരുക്കം ചില മാർപാപ്പാമാരിൽ ഒരാളായി സെലസ്റ്റിൻ മാർപാപ്പ. അദ്ദേഹം അഞ്ചു മാസവും എട്ടു ദിവസവും മാത്രമാണ് ഈ പദവിയിലിരുന്നത്.

മാർപാപ്പയുടെ എല്ലാ സ്ഥാനചിഹ്നങ്ങളും അധികാരവകാശങ്ങളും വിട്ടൊഴിഞ്ഞു തന്റെ പഴയ ഏകാന്ത-പ്രാർത്ഥനാജീവിതത്തിലേക്ക് പോകാൻ സെലസ്റ്റിൻ മാർപാപ്പ അഭിലഷിച്ചു. എന്നാൽ സെലസ്റ്റിൻ മാർപാപ്പയുടെ രാജി അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വലിയൊരു വിഭാഗം സഭയിലുണ്ടായിരുന്നു. പിൻഗാമിയായി ചുമതലയേറ്റ ബോനിഫസ് മാർപാപ്പ താൻ ആന്റി പോപ്പായി മുദ്ര കുത്തപ്പെടുമോ എന്ന ചിന്തയാൽ സെലെസ്റ്റിൻ മാർപാപ്പയെ രണ്ടു സന്യാസിമാരുടെ സാന്നിധ്യത്തിൽ ഫൊമോണെ മന്ദിരത്തിൽ നിർബന്ധിത വാസത്തിലാക്കുന്നു. ഇവിടെ തന്റെ എൺപത്തിയൊന്നാം വയസ്സിൽ സ്ഥാനത്യാഗം ചെയ്തതിന്റെ പത്താം മാസം സെലസ്റ്റിൻ മാർപാപ്പ കാലം ചെയ്തു. ഫെറെന്തീനോയിൽ അടക്കം ചെയ്ത അദ്ദേഹത്തിന്റെ ഭൗതീകശരീരം പിന്നീട് സാന്ത മരിയ ദി കൊളെമാജ്ജോ ദേവാലയത്തിലേക്കു മാറ്റി. ക്ലമന്റ് നാലാമൻ മാർപാപ്പ എ.ഡി. 1313 മെയ് 5 -ന് സെലസ്റ്റിൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ തിരുനാൾ മെയ് 19 -ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.