പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 190 – ഹൊണോറിയസ് IV (1210-1287)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1285 ഏപ്രിൽ 2 മുതൽ 1287 ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഹൊണോറിയസ് നാലാമൻ. വളരെ പ്രശസ്തവും സ്വാധീനമുള്ളതുമായ റോമിലെ സവെല്ലി കുടുംബത്തിലാണ് എ.ഡി. 1210 -ൽ ജ്യാക്കമോ സാവെല്ലിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂക്കാ റോമിലെ സെനറ്ററും അമ്മ അൾഡോബ്രാണ്ടേഷി കുടുംബത്തിലെ അംഗവുമായിരുന്നു. റോമിലെ പഠനത്തിനു ശേഷം ജ്യാക്കമോ പാരീസ് സർവ്വകലാശാലയിൽ ഉപരിപഠനം നടത്തി. അതിനു ശേഷം ചലോൺസ് സുർ മാരെ കത്തീഡ്രലിലെ ഭരണസമിതി അംഗമായി ചേരുന്നു. ജ്യാക്കമോയുടെ കഴിവിനുള്ള അംഗീകാരമായി ഇംഗ്ലണ്ടിലെ നോർവിച്ച് രൂപത ബെർട്ടോൺ ദേവാലയത്തിന്റെ റെക്ടർ പദവി നൽകുന്നു.

ഉർബൻ നാലാമൻ മാർപാപ്പ എ.ഡി. 1261 -ൽ ജ്യാക്കമോയെ സാന്ത മരിയ കൊസ്മെദിയാൻ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിക്കുന്നു. പിന്നീട് ടസ്ക്കണിയിലെ പ്രീഫക്റ്റായും പേപ്പൽ ആർമിയുടെ ക്യാപ്റ്റനായും നിയമിതനാകുന്നു. എ.ഡി. 1274 -ൽ ലിയോൺസിൽ വച്ച് നടന്ന കൗൺസിലിൽ ഗ്രിഗറി മാർപാപ്പയുടെ സഹായിയായി അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. ജ്യാക്കമോ കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോ ഡീക്കനായി നിയമിക്കപ്പെട്ടതോടെ മാർപാപ്പമാരുടെ ഔദ്യോഗിക കിരീടധാരണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. മാർട്ടിൻ നാലാമൻ മാർപാപ്പ പെറൂജിയായിൽ വച്ച് കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി ജ്യാക്കമോ തിരഞ്ഞെടുക്കപ്പെട്ടു.

റോമാക്കാരൻ എന്ന നിലയിൽ ഇറ്റലിക്കാർക്കും ഫ്രാൻ‌സിൽ സേവനം അനുഷ്ടിച്ചയാൾ എന്ന നിലയിൽ ഫ്രഞ്ചുകാർക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. അധികം താമസിയാതെ റോമിലെത്തി വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് സ്ഥാനാരോഹണം നടത്തി. എന്നാൽ ഈ സമയത്ത് സന്ധിവാതം കഠിനമായി അലട്ടിയിരുന്നതിനാൽ പല ജോലികളും ചെയ്യുന്നതിനുള്ള ശാരീരികക്ഷമത ഹൊണോറിയസിന് ഇല്ലായിരുന്നു. എന്നിരുന്നാലും റോമിൽ വലുതായ രാഷ്ട്രീയ ശാന്തത നിലനിന്ന ഒരു ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. പാരീസ് സർവ്വകലാശാലയിൽ പൗരസ്ത്യഭാഷകൾ പഠിപ്പിക്കുന്നതിനും അതുവഴിയായി മുസ്ലീങ്ങളുടെ മാനസാന്തരത്തിനായി പ്രവർത്തിക്കുന്നതിനും അദ്ദേഹം അഭിലഷിച്ചു. മുഗൾ ഭരണാധികാരി അർഗുൻ മാർപാപ്പയ്ക്ക് എ.ഡി. 1285 എഴുതിയ കത്ത് ഇന്നും വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽ തന്റെ കുടുംബത്തിന് ക്രിസ്തീയവിശ്വാസവുമായി ബന്ധമുണ്ടെന്നും മുസ്ലിങ്ങൾക്കെതിരായ യുദ്ധത്തിൽ ഒന്നിച്ചു നിൽക്കണമെന്നും രാജാവ് ആവശ്യപ്പെടുന്നു. എ.ഡി. 1287 ഏപ്രിൽ 3 -ന് കാലം ചെയ്ത ഹൊണോറിയസ് മാർപാപ്പയെ അടക്കിയത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയോട് ചേർന്ന് സാന്താ മരിയ അറാക്കോളി ദേവാലയത്തിൽ അടക്കി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.