പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 188 – നിക്കോളാസ് III (1225-1280)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1277 നവംബർ 25 മുതൽ 1280 ആഗസ്റ്റ് 22 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് നിക്കോളാസ് മൂന്നാമൻ. എ.ഡി. 1225 -ൽ റോമിലെ പ്രഭുവായിരുന്ന മത്തെയോ ഒർസീനിയുടെയും പെർന കത്താനിയുടെയും മകനായി ജിയോവാന്നി ഒർസീനി ജനിച്ചു. അദ്ദേഹത്തിന്റെ ഒരു സഹോദരൻ സാൻ എവ്താക്കിയോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനും മറ്റൊരു സഹോദരൻ റോമിലെ സെനറ്ററും ആയിരുന്നു. വിവിധ കാലങ്ങളിൽ ഒർസീനി കുടുംബത്തിൽ നിന്നുള്ള മാർപാപ്പമാരായിരുന്നു സ്റ്റീഫൻ രണ്ടാമൻ, പോൾ ഒന്നാമൻ, സെലസ്റ്റിൻ മൂന്നാമൻ എന്നിവർ. ചെറുപ്പത്തിൽ തന്നെ നല്ല വിദ്യാഭ്യാസവും ഭരണപരിചയവും ജിയോവാന്നിക്ക് ലഭിച്ചിരുന്നു.

വിവിധങ്ങളായ ഉത്തരവാദിത്വങ്ങളിൽ ആറ് മാർപാപ്പമാരുടെ കൂടെ ജോലി ചെയ്യുന്നതിന് ജിയോവാന്നിക്ക് സാധിച്ചു. ഇന്നസെന്റ് നാലാമൻ മാർപാപ്പയുടെ കാലത്ത് സാൻ നിക്കൊളായിലെ കർദ്ദിനാൾ ഡീക്കനായും അലക്‌സാണ്ടർ നാലാമൻ മാർപാപ്പയുടെ കാലത്ത് ഫ്രാൻസിസ്‌ക്കൻ സന്യാസ സമൂഹ സംരക്ഷകനായും ഉർബൻ നാലാമൻ – ജോൺ ഇരുപത്തിയൊന്നാമൻ മാർപാപ്പമാരുടെ മതദ്രോഹ വിചാരണക്കോടതി ചുമതലക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വിത്തെർബോയിൽ ജോൺ മാർപാപ്പ കാലം ചെയ്ത് ഏകദേശം ആറു മാസത്തിനു ശേഷമാണ് നിക്കോളാസ് മൂന്നാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടയുടൻ അദ്ദേഹം റോമിലെത്തി എ.ഡി. 1277 ഡിസംബർ 26 -ന് വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് മാർപാപ്പയായി അഭിഷേകം ചെയ്യപ്പെട്ടു.

വത്തിക്കാൻ തന്റെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്ത ആദ്യത്തെ മാർപാപ്പയാണ് നിക്കോളാസ് മൂന്നാമൻ. തന്റെ മുൻഗാമികളെപ്പോലെ പൗരസ്ത്യസഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നിക്കോളാസ് മാർപാപ്പയും പരിശ്രമിച്ചെങ്കിലും പൂർണ്ണമായ ഐക്യം യാഥാര്‍ത്ഥ്യമായില്ല. പ്രശസ്തരായ ചില ഫ്രാൻസിസ്കൻ – ഡൊമിനിക്കൻ സന്യാസികളെ മാർപാപ്പ കർദ്ദിനാളന്മാരാക്കി. അതുപോലെ ഫ്രാൻസിസ്കൻ നിയമങ്ങൾ കര്‍ശനമായി അനുഷ്ഠിക്കണമെന്നു വാദിച്ചവരും ചില നിയമങ്ങൾക്ക് ഇളവ് വേണമെന്നു വാദിച്ചവരും തമ്മിൽ ഫ്രാൻസിസ്കൻ സഭയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപാപ്പ നേരിട്ട് ഇടപെടുന്നു. ഈ സന്യാസ സഭയുമായി മാർപാപ്പക്ക് വ്യക്തിപരമായുണ്ടായിരുന്ന അടുപ്പം പ്രശ്നപരിഹാരത്തിന് വലിയ സഹായമായി. അതിനായി “എക്സിറ്റ് ക്വീ സെമിനാത്” എന്ന പേരിൽ ഒരു പേപ്പൽ ബൂള പ്രസിദ്ധീകരിക്കുന്നു. ഇക്കാലയളവിൽ വി. പത്രോസിന്റെ ബസിലിക്ക പുനരുദ്ധരിക്കാനുള്ള പല പദ്ധതികളും മാർപാപ്പ നടപ്പാക്കി. വിത്തെർബോയിലെ സൊറിയാനോ പട്ടണത്തിൽ വച്ച് എ.ഡി. 1280 ആഗസ്റ്റ് 22 -ന് പക്ഷാഘാതം വന്ന് നിക്കോളാസ് മൂന്നാമൻ മാർപാപ്പ മരിക്കുന്നു. വി. പത്രോസിന്റെ ബസിലിക്കയിലെ വി. നിക്കോളാസ് ചാപ്പലിൽ മാർപാപ്പയെ അടക്കി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.