പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 187 – ജോൺ XXI (1215-1277)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1276 സെപ്റ്റംബർ മുതൽ 1277 മെയ് 20 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജോൺ ഇരുപത്തിയൊന്നാമൻ. എ.ഡി. 1215 -ൽ പോർച്ചുഗല്ലിലെ ലിസ്ബണിലാണ് പെദ്രോ ജൂലിയാവോ ജനിച്ചത്. ലിസ്ബണിലെ കത്തീഡ്രൽ സ്കൂളിലെ പഠനത്തിനു ശേഷം പാരീസ് സർവ്വകലാശാലയിൽ അദ്ദേഹം ഉപരിപഠനം നടത്തി. പലവിധ വിഷയങ്ങൾ പഠിച്ച്‌ അവഗാഹം നേടിയ വ്യക്തിയായിരുന്നു പെദ്രോ. വൈദ്യശാസ്ത്രം, തർക്കശാസ്ത്രം, ഊര്‍ജ്ജതന്ത്രം, തത്വമീമാംസ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അൽഫോൻസോ മൂന്നാമൻ രാജാവിന്റെ ഉപദേശകനായി കുറേനാൾ പെദ്രോ ജോലി ചെയ്തു. പിന്നീട് ഗിമറേസ് എന്ന സ്ഥലത്തെ ഒരു ആശ്രമാധിപനായും സേവനം ചെയ്തു എന്ന് ചില ചരിത്രരേഖകളിൽ കാണുന്നു. സിയന്നാ സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന സമയത്ത് ഗ്രിഗറി പത്താമൻ മാർപാപ്പയുടെ ഡോക്ടർ ആയും സേവനം ചെയ്തു. എ.ഡി. 1273 -ൽ ടുസ്ക്കുളും-ഫ്രസ്കാത്തി രൂപതയുടെ കർദ്ദിനാൾ ബിഷപ്പായി നിയമിക്കപ്പെട്ടു.

അഡ്രിയൻ അഞ്ചാമൻ കാലം ചെയ്ത് പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിത്തെർബോയിൽ വച്ച് പെദ്രോയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. “എ.ഡി. 1276” ചരിത്രത്തിൽ അറിയപ്പെടുന്നത് “നാല് മാർപാപ്പാമാരുടെ വർഷം” എന്നാണ്. അതിൽ നാലാമത്തെ ആളാണ് ജോൺ മാർപാപ്പ. ഈ സ്ഥാനത്തെത്തുന്ന രണ്ടാമെത്തെ പോർച്ചുഗീസ് വംശജനും ഒരേയൊരു മെഡിക്കൽ ഡോക്ടറുമാണ് ജോൺ ഇരുപത്തിയൊന്നാമൻ. രണ്ടാം ലിയോൺസ് കൗൺസിൽ പാസാക്കിയ മാർപാപ്പ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില നിയമങ്ങളിൽ ജോൺ മാർപാപ്പ മാറ്റം വരുത്തി. അതിൽ എടുത്തുപറയത്തക്കത്, കർദ്ദിനാളന്മാർക്ക് ഭക്ഷണം നിഷേധിച്ചുകൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം എന്ന നിബന്ധനയായിരുന്നു. ബൗദ്ധിക കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ട ജോൺ മാർപാപ്പയുടെ കാലത്ത് സഭയുടെ ഭരണപരമായ കാര്യങ്ങളുടെ നിയന്ത്രണം കർദ്ദിനാൾ ജിയോവാന്നി ഒർസീനിയ്ക്ക് ആയിരുന്നു.

വിത്തെർബോയിലുള്ള മാർപാപ്പയുടെ ഭവനത്തോടു ചേർന്ന് ശാന്തമായി പഠിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി പുതിയൊരു ഈറ്റില്ലം പണിത് അവിടെയിരുന്നായിരുന്നു തന്റെ മെഡിക്കൽ പരീക്ഷണങ്ങൾ മാർപാപ്പ നടത്തിയിരുന്നത്. എ.ഡി. 1277 മെയ് 14 -ന് അവിടെ ഏകനായി പഠനത്തിലായിരിക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മേൽക്കൂര വീണ് പരിക്ക് പറ്റുകയും അതേ തുടർന്ന് മെയ് 20 -ന് കാലം ചെയ്യുകയും ചെയ്തു. വിത്തെർബോ കത്തീഡ്രലിൽ ഇന്നും അദ്ദേഹത്തിന്റെ ശവക്കല്ലറ സന്ദർശകർക്ക് ദൃശ്യമാണ്. എ.ഡി. 2000 -ൽ ലിസ്ബണിലെ മേയർ യാവോ സോവാറസിന്റെ നേതൃത്വത്തിൽ പുതിയൊരു ലിഖിതരേഖ അദ്ദേഹത്തിന്റെ കല്ലറയിൽ സ്ഥാപിക്കുകയുണ്ടായി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.