പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 186 – അഡ്രിയൻ V (1210–1276)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1276 ജൂലൈ 11 മുതൽ ആഗസ്റ്റ് 18 വരെയുള്ള അഞ്ചാഴ്ച മാത്രം നീണ്ട മാർപാപ്പ ഭരണമായിരുന്നു അഡ്രിയാൻ നാലാമന്റേത്. തിരഞ്ഞെടുപ്പ് സമയത്ത് ഒരു ഡീക്കൻ മാത്രമായിരുന്ന അഡ്രിയാൻ മാർപാപ്പ, പൗരോഹിത്യം സ്വീകരിച്ച് സ്ഥാനമേൽക്കുന്നതിനു മുമ്പു തന്നെ കാലം ചെയ്തു. തിരഞ്ഞെടുക്കപ്പെടുമ്പോൾ തന്നെ നിയമപരമായി മാർപാപ്പ ആകുന്നുവെങ്കിലും ദൈവശാസ്ത്രപരമായി റോമിന്റെ ബിഷപ്പ് എന്ന നിലയിൽ മെത്രാഭിഷേകം കഴിഞ്ഞു മാത്രമേ അദ്ദേഹം ഔദ്യോഗികമായി മാർപാപ്പ ആകുന്നുള്ളൂ. വത്തിക്കാന്റെ ഔദ്യോഗിക ഡയറക്ടറിയിൽ അഡ്രിയാൻ അഞ്ചാമൻ നിയമപ്രകാരമുള്ള മാർപാപ്പമാരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളാണ്. എ.ഡി. 1983 -ലെ ലത്തീൻ കാനൻ നിയമം, ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടാൽ മാത്രമേ ഒരാൾക്ക് ഔദ്യോഗികമായി മാർപാപ്പ ആകുന്നതിന് സാധിക്കൂ എന്ന് പ്രത്യേകം പറയുന്നുണ്ട്.

എ.ഡി. 1210 -ൽ ജനോവ പ്രദേശത്തെ പേരു കേട്ട പ്രഭുക്കന്മാരായിരുന്ന ഫിയേഷി കുടുംബത്തിലാണ് ഓട്ടോബോനോ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു തന്നെ നടത്തിയെങ്കിലും എ.ഡി. 1243 -ൽ മാർപാപ്പയുടെ ചാപ്ലിൻ ആയി ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സഭാസേവനം ആരംഭിക്കുന്നത്. പിന്നീട് ബൊളോഞ്ഞായിലെയും പാർമയിലെയും ആർച്ചുഡീക്കനായും റൈമ്സിലെയും പാരീസിലെയും കത്തീഡ്രൽ ചാപ്റ്റർ കാനനായും കുറേ നാൾ ജോലി ചെയ്തു. എ.ഡി. 1251 -ൽ സാൻ അഡ്രിയാനോയിലെ കർദ്ദിനാൾ ഡീക്കനായും ഇന്നസെന്റ് നാലാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ക്ലമന്റ് നാലാമൻ മാർപാപ്പ വിവിധ ദൗത്യങ്ങൾ നല്കിക്കൊണ്ട് ഓട്ടോബോനോയെ ഇംഗ്ലണ്ടിലേക്ക് അയക്കുകയും അതൊക്കെ അദ്ദേഹം വിജയകരമായി നിർവ്വഹിക്കുകയും ചെയ്തു. അന്ന് ഇംഗ്ലണ്ടിൽ അദ്ദേഹം നടപ്പിൽവരുത്തിയ ചില നിയമങ്ങൾ പ്രൊട്ടസ്റ്റന്റ് നവീകരണ കാലഘട്ടം വരെ മാറ്റം കൂടാതെ നിലനിന്നു.

എ.ഡി. 1276 ജൂലൈ 11 -ന് ഇന്നസെന്റ് അഞ്ചാമൻ മാർപാപ്പയുടെ പിൻഗാമിയായി കർദ്ദിനാൾ ഓട്ടോബോനോ തിരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം അഡ്രിയൻ അഞ്ചാമൻ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഉടൻ ഗ്രിഗറി പത്താമൻ നടപ്പിൽവരുത്തിയ മാർപാപ്പ തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങൾ റദ്ദ് ചെയ്യുകയും പുതിയവ താമസിയാതെ നടപ്പിൽവരുത്തുമെന്ന് അഡ്രിയൻ മാർപാപ്പ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പൗരോഹിത്യ അഭിഷേകം സ്വീകരിക്കുന്നതിനു മുമ്പ് വിത്തെർബോയിൽ സന്ദർശനം നടത്തുമ്പോൾ രോഗാതുരനായി ആഗസ്റ്റ് 18 -ന് അദ്ദേഹം കാലം ചെയ്തു. അഡ്രിയൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വിത്തെർബോയിലെ സാൻ ഫ്രാൻസിസ്‌കോ ബസിലിക്കയിലാണ്. പ്രശസ്ത ഇറ്റാലിയൻ കവിയായ ദാന്തെയുടെ “ഡിവൈൻ കോമെഡി”യിൽ അഡ്രിയൻ മാർപാപ്പ ശുദ്ധീകരണസ്ഥലത്ത് കുറച്ചു നാൾ കഴിയുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.