പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 185 – ഇന്നസെന്റ് V (1225-1276)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1276 ജനുവരി 21 മുതൽ ജൂൺ 22 വരെയുള്ള ആറു മാസക്കാലം സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വാഴ്ത്തപ്പെട്ട ഇന്നസെന്റ് നാലാമൻ. എ.ഡി. 1125 -ൽ ഫ്രാൻസിലെ മോത്തിയേർസ് എന്ന സ്ഥലത്താണ് പിയേർ ദേ താരെന്തൈസെ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ലിയോൺസിലുള്ള ഡൊമിനിക്കൻ സന്യാസ സമൂഹത്തിൽ ചേരുകയും പിന്നീട് പാരീസ് സർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയും ചെയ്തു. ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ പിയറി, അക്കാലത്തെ അറിയപ്പെടുന്ന വചനപ്രഘോഷകനും എഴുത്തുകാരനുമായി മാറി. എ.ഡി. 1259 മുതൽ 1264 വരെ പാരീസ് സർവ്വകലാശാലയിലെ ഉന്നതപദവികൾ അലങ്കരിച്ച പിയേർ, രണ്ടു പ്രാവശ്യം ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ ഫ്രഞ്ച് പ്രൊവിൻഷ്യലും ആയിരുന്നു.

അന്നത്തെ ഡൊമിനിക്കൻ സന്യാസ പരിശീലനപദ്ധതി തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട മഹാനായ വി. ആൽബർട്ട്, വി. തോമസ് അക്വീനാസ് തുടങ്ങിയവരുടെ കൂടെ പിയേറും ഉണ്ടായിരുന്നു. ഈ സമൂഹത്തിനു വേണ്ടി ഇവർ നടപ്പാക്കിയ ചില പരിശീലനരീതികൾ പിന്നീട് ആഗോള കത്തോലിക്കാ സഭയുടെ സെമിനാരി പരിശീലനത്തിന്റെ ഭാഗമായി മാറി. അതിൽ ഏറ്റം പ്രധാനം ദൈവശാസ്ത്ര പഠനത്തിനു മുന്നോടിയായി തത്വശാസ്ത്രം അഭ്യസിക്കണമെന്നതായിരുന്നു. എ.ഡി. 1269 -ൽ പിയേർ ലിയോൺസിലെ ആർച്ചുബിഷപ്പായും എ.ഡി. 1273 -ൽ കർദ്ദിനാളും ഓസ്തിയ രൂപതയുടെ ബിഷപ്പായും നിയമിതനായി. രണ്ടാം ലിയോൺസ് കൗൺസിലിൽ പങ്കെടുക്കുന്ന സമയത്ത് അന്തരിച്ച വി. ബൊനവെഞ്ചറിന്റെ ചരമപ്രസംഗം മാർപാപ്പയുടെയും മറ്റു കൗൺസിൽ പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ കർദ്ദിനാൾ പിയേർ നടത്തിയത് അദ്ദേഹത്തിനുണ്ടായിരുന്ന സഭയിലെ സ്ഥാനം വെളിവാക്കുന്നു.

ഗ്രിഗറി പത്താമൻ മാർപാപ്പയെ റോമിലേക്ക് അനുഗമിച്ച കർദ്ദിനാൾ പിയേർ മാർപാപ്പ അരേസ്സോയിൽ വച്ച് കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു. രണ്ടാം ലിയോൺസ് കൗൺസിൽ അംഗീകരിച്ച ഗ്രിഗറി പത്താമൻ മാർപാപ്പ പുറത്തിറക്കിയ പുതിയ നിയമാവലി അവലംബിച്ചു കൊണ്ടാണ് ഇന്നസെന്റ് അഞ്ചാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാമത്തെ വോട്ടെടുപ്പിൽ തന്നെ കർദ്ദിനാൾ പിയേർ ഐകകണ്ഠേന മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക്കൻ സന്യാസ സമൂഹത്തിൽ നിന്നുമുള്ള ആദ്യ മാർപാപ്പയാണ് ഇന്നസെന്റ് അഞ്ചാമൻ. അതുപോലെ ഡൊമിനിക്കൻ സന്യാസവസ്ത്രം അദ്ദേഹം തുടർന്നും ധരിക്കാൻ തുടങ്ങിയതാണ് മാർപാപ്പമാർ വെള്ള ളോഹ ധരിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനം എന്ന് പറയപ്പെടുന്നു. സഭയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിച്ച ഇന്നസെന്റ് മാർപാപ്പ സ്ഥാനമേറ്റ് അഞ്ച് മാസങ്ങൾക്കുള്ളിൽ എ.ഡി. 1276 ജൂൺ 22 -ന് കാലം ചെയ്തു. ലാറ്ററൻ ബസിലിക്കയിൽ അടക്കം ചെയ്ത അദ്ദേഹത്തെ ലിയോ പതിമൂന്നാമൻ മാർപാപ്പ എ.ഡി. 1898 -ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.