കുടുംബ വിളക്കുകൾ അണയാതിരിക്കാൻ

വിവാഹം കഴിഞ്ഞ് ഇരുപത് വർഷം പിന്നിട്ടിട്ടും അവർ മാനസികമായി അടുത്തിരുന്നില്ല. ചെറിയ സൗന്ദര്യ പിണക്കങ്ങളിലും വാക്കുതർക്കങ്ങളിലും ആരംഭിച്ച അവരുടെ ദാമ്പത്യ ജീവിതം പതിയെ വിവാഹമോചനത്തിന്റെ വക്കിൽവരെ എത്തി.

കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ആരൊക്കെയോ ചേർന്ന് അവരെ ഒരു വൈദികനരികിലെത്തിച്ചു. അവർക്കു വേണ്ടി പ്രാർത്ഥിച്ച ശേഷം അച്ചൻ ചോദിച്ചു: “വിവാഹം കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് കഴിഞ്ഞെന്നാണല്ലോ പറഞ്ഞത്. നിങ്ങൾ ഒരുമിച്ചിരുന്ന് ഒരിക്കലെങ്കിലും പ്രാർത്ഥിച്ചിരുന്നോ?”

“ആദ്യ നാളുകളിലൊക്കെ ഉണ്ടായിരുന്നു. പിന്നെ ജോലിത്തിരക്കു കാരണം സമയമില്ലാതായി. ഞാൻ വരുമ്പോൾ വൈകും. അപ്പോഴേയ്ക്കും കുടുംബപ്രാർത്ഥന കഴിഞ്ഞിട്ടുണ്ടാകും” ഭർത്താവ് പറഞ്ഞു.

“നിങ്ങൾ ഒരുമിച്ച് എവിടെയെങ്കിലും ധ്യാനത്തിന് പോയിട്ടുണ്ടോ?”

“ഇല്ലച്ചോ. അതിനെവിടെയാ സമയം? എനിക്കാണേൽ മക്കളുടെ കാര്യം, വീട്ടിലെ കാര്യം, കൂടാതെ അധ്യാപികയായതിനാൽ സ്കൂളിലെ കാര്യങ്ങൾ …… ഒട്ടും സമയം കിട്ടാറില്ല” ഭാര്യയുടെ മറുപടി.

“നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ടോ?” രണ്ടുപേരും മുഖത്തോടു മുഖം നോക്കി. അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം
അയാൾ പറഞ്ഞു: “ഇവൾക്കു കുഴപ്പമില്ലെങ്കിൽ എനിക്ക് കുഴപ്പമില്ല.”

“അങ്ങനെയെങ്കിൽ ഏറ്റവും പെട്ടന്ന് ചെയ്യേണ്ടത് ഒരുമിച്ച് ഒരു ധ്യാനത്തിന് പോകണം. അതു മാത്രമേയുള്ളൂ. സാധിക്കുമോ?”

“അച്ചാ, അതെന്തായാലും നടക്കുമെന്ന് തോന്നുന്നില്ല. എന്റെ ഓഫീസിലെ കാര്യം, ഇവളുടെ സ്കൂളിലെ കാര്യം, കൂടാതെ മക്കളുടെ കാര്യങ്ങൾ.
ഇവയെല്ലാം മാറ്റി വച്ച് ….. നടക്കില്ല. വേറെയെന്തെങ്കിലും ഉപാധിയുണ്ടെങ്കിൽ അച്ചൻ പറയൂ.”

“നിങ്ങൾ ഒരുമിച്ച് വിരുന്നുകളിൽ പങ്കെടുക്കാൻ പോകാറുണ്ടോ?”

“അത് പിന്നെ… ബന്ധുക്കളുടെ ഭവനങ്ങളിൽ വിശേഷങ്ങൾ വരുമ്പോൾ പോകാതിരിക്കാൻ പറ്റുമോ? എങ്ങനെയെങ്കിലും സമയം കണ്ടെത്തി അവിടെ പോകും. ഒന്ന് രണ്ട് ദിവസം ചിലപ്പോൾ അവിടെ തങ്ങേണ്ടിയും വരും.”

“നിങ്ങൾക്ക് ജോലിക്ക് പോകാൻ സമയമുണ്ട്. ഒരുമിച്ച് ബന്ധുക്കളുടെ വീട്ടിൽ വിരുന്നിന് പോകാൻ സമയമുണ്ട്. ഒരുമിച്ച് പ്രാർത്ഥിക്കാനോ, പള്ളിയിൽ പോകാനോ, ഒരിക്കലെങ്കിലും ധ്യാനത്തിൽ പങ്കെടുക്കാനോ സമയമില്ല. ഇങ്ങനെ തുടരുകയാണെങ്കിൽ ഒരുമിച്ച് ജീവിക്കുന്നതിനേക്കാൾ വേർപിരിയുന്നതാണ് നല്ലത്.”

അച്ചന്റെ കാർക്കശ്യത്തോടെയുള്ള വാക്കുകൾ അവരെ ചിന്തിപ്പിച്ചു.

“അച്ചൻ പറഞ്ഞോളൂ… ഞങ്ങൾ എവിടെയെങ്കിലും ധ്യാനത്തിന് പോകാം” പെട്ടന്നുതന്നെ അവർ മറുപടി നൽകി.

അച്ചന്റെ നിർദേശപ്രകാരം അവർ ഒരുമിച്ച് ധ്യാനത്തിൽ പങ്കെടുത്തു. ആ ധ്യാനം അവരുടെ ജീവതത്തെ മാറ്റി മറിച്ചു. ഇരുവരും അവരുടെ തെറ്റുകൾ ഏറ്റു പറഞ്ഞു. അതോടെ പ്രാർത്ഥനാ ജീവിതത്തിലേക്കും പരസ്പര സ്നേഹത്തിലേക്കും അവർ മടങ്ങിയെത്തി.

ഈ സംഭവം നമ്മെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്. ഇന്ന് എല്ലാവരും തിരക്കിലാണ്. ജോലി, മക്കളുടെ കാര്യങ്ങൾ, വിരുന്നുകൾ, യാത്രകൾ എന്നിങ്ങനെ ഒരുപാടു തിരക്കുകൾക്കിടയിൽ അല്പ സമയം കുടുംബത്തോടൊപ്പം ആയിരിക്കാനോ, ഒരുമിച്ച് പ്രാർത്ഥിക്കാനോ, പള്ളിയിൽ പോകാനോ പലർക്കും സമയം കിട്ടാറില്ല.

ഇതു വായിക്കുന്ന ദമ്പതികളുണ്ടെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിക്കേ: “നിങ്ങൾ ഒരുമിച്ച് ധ്യാനത്തിന് പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര തവണ? എത്ര വർഷം മുമ്പ്? ഇപ്പോഴും ഒരുമിച്ച് പ്രാർത്ഥിക്കാൻ സമയം കണ്ടെത്താറുണ്ടോ?” തിരക്കുകൾക്കിടയിൽ ദൈവത്തോടൊപ്പം ശാന്തമാകാനുള്ള സമയം നമുക്ക് ലഭിച്ചില്ലെങ്കിൽ അസ്വസ്ഥമായ മനസുമായ് നമ്മുടെ യാത്ര തുടരും. അങ്ങനെയുള്ള ജീവിതങ്ങൾ, മറ്റുള്ളവരുടെ വീക്ഷണത്തിൽ സകല സൗഭാഗ്യങ്ങളും ഉള്ളവരായിരുന്നാലും യഥാർത്ഥ ജീവിതത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെട്ടവരായിരിക്കും.

ഇവിടെയാണ് സഹോദരിയെക്കുറിച്ചുള്ള മർത്തായുടെ പരാതിയും ക്രിസ്തുവിന്റെ മറുപടിയും ശ്രദ്ധേയമാകുന്നത്: “അവൾ അവന്റെ അടുത്തു
ചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷയ്‌ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്‌ധിക്കുന്നില്ലേ?
എന്നെ സഹായിക്കാൻ അവളോടു പറയുക. ക്രിസ്തു അവളോടു പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു.”
(ലൂക്കാ 10 : 40-42)

അനേകം തിരക്കുകൾക്കിടയിലും ക്രിസ്തുവിന്റെ കാൽചുവട്ടിൽ ഇരിക്കാൻ സമയം കണ്ടെത്തിയതാണ് മറിയത്തിന്റെ ജീവിതത്തിലെ നല്ല ഭാഗം!
തിരക്കുകൾ ഏറെയുള്ള ജീവിതത്തിൽ, ശാന്തമാകാനും ക്രിസ്തുവിനോട് ചേർന്നിരിക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനും ധ്യാനിക്കാനും ഭക്ഷിക്കാനും ഉല്ലസിക്കാനുമെല്ലാം സമയം കണ്ടെത്തുമ്പോൾ മാത്രമേ ജീവിതത്തിലെ നല്ല ഭാഗം നമുക്കും സ്വന്തമാകൂ എന്ന് തിരിച്ചറിയാം.

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.